കൊടുവള്ളി സബ് രജിസ്ട്രാര്‍ ഓഫിസിലെത്താൻ വിയർത്ത് ജനം
text_fieldsകൊടുവള്ളി: മിനിസിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ മൂന്നാംനിലയിൽ പ്രവർത്തിക്കുന്ന സബ് രജിസ്ട്രാര്‍ ഓഫിസിലെത്താൻ ആളുകൾ പ്രയാസപ്പെടുന്നു. ഭൂമിയുടെ ക്രയവിക്രയങ്ങളുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്കായി ദിവസവും നൂറുകണക്കിന് ആളുകളാണ് രജിസ്ട്രാര്‍ ഓഫിസിൽ വന്നുപോകുന്നത്. പ്രായമുള്ളവരും രോഗികളുമടക്കം ശാരീരിക പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് ഓഫിസിലെത്താൻ മൂന്നു വലിയ കോണിപ്പടികൾ കയറിച്ചെല്ലണം.
എടുത്തും താങ്ങിപ്പിടിച്ചുമാണ് ആളുകളെ എത്തിക്കുന്നത്. ആവശ്യമായ ഇരിപ്പിടം പോലും ഇല്ലാത്തതിനാൽ നിലത്തും കോണിപ്പടികളിലുമായി ഇരിക്കേണ്ട അവസ്ഥയാണ്. അഡ്വ. പി.ടി.എ. റഹീം കൊടുവള്ളിയിൽ എം.എല്‍.എയായിരിക്കെയാണ് ബ്ലോക്ക് പഞ്ചായത്ത് വളപ്പിൽ മിനി സിവില്‍ സ്റ്റേഷന് സ്ഥാപിച്ചത്. മിനി സിവില്‍ സ്റ്റേഷനുവേണ്ടി തയാറാക്കിയ പ്ലാനില്‍ താഴെ നിലയില്‍ ട്രഷറിയും സബ് രജിസ്ട്രാര്‍ ഓഫിസും പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സംവിധാനമായിരുന്നു ഒരുക്കിയിരുന്നത്.
എന്നാല്‍, സര്‍ക്കാര്‍ അംഗീകരിച്ച് നല്കിയ പ്ലാനിലെ ഉദ്ദേശ്യത്തിന് വിരുദ്ധമായി ബ്ലോക്ക് പഞ്ചായത്തിലെ അന്നത്തെ ജനപ്രതിനിധികൾ സബ് രജിസ്ട്രാര്‍ ഓഫിസിനായി അനുവദിച്ച സ്ഥലം ബ്ലോക്ക് പഞ്ചായത്തിന്റെ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുകയാണുണ്ടായത്. സബ് രജിസ്ട്രാര്‍ ഓഫിസിനായി അനുവദിച്ച താഴത്തെ നിലയിലേക്ക് മാറ്റിസ്ഥാപിക്കാൻ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാവണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. അല്ലെങ്കിൽ ആളുകൾക്ക് എത്തിപ്പെടാൻ കഴിയുന്ന മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുകയോ പുതിയ കെട്ടിടം അനുവദിക്കുകയോ ചെയ്യണമെന്നാണ് ആവശ്യം.
താഴെ നിലയിലേക്ക് മാറ്റണം -പി.ടി.എ റഹീം എം.എൽ.എ
കൊടുവള്ളി: മിനി സിവിൽ സ്റ്റേഷന്റെ മൂന്നാംനിലയിൽ പ്രവർത്തിച്ചുവരുന്ന സബ് രജിസ്ട്രാർ ഓഫിസ് താഴെ നിലയിലേക്ക് മാറ്റാൻ നടപടി സ്വീകരിക്കണമെന്ന് പി.ടി.എ റഹീം എം.എൽ.എ.
മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നതിന് തയാറാക്കിയ പ്ലാനിൽ സബ് ട്രഷറി, സബ് രജിസ്ട്രാർ ഓഫിസ് എന്നിവ താഴെ നിലയിൽ സ്ഥാപിക്കാനായിരുന്നു വിഭാവനം ചെയ്തിരുന്നത്. അതുപ്രകാരം 2006-2011 കാലയളവിലാണ് മിനി സിവിൽ സ്റ്റേഷന്റെ പ്രവൃത്തി പൂർത്തീകരിച്ചത്. രാഷ്ട്രീയ സമ്മർദത്തിന്റെ ഭാഗമായി താഴെ നിലയിലുള്ള ഓഫിസ് സ്ഥലം ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ കൈവശപ്പെടുത്തുകയും സബ് രജിസ്ട്രാർ ഓഫിസ് മുകളിലേക്ക് മാറ്റുകയുമായിരുന്നു. കൊടുവള്ളി മുനിസിപ്പാലിറ്റിയായതോടെ നഗരസഭക്കുമേൽ ഒരു നിയന്ത്രണവുമില്ലാത്ത ഒരു സ്ഥാപനമായി ബ്ലോക്ക് പഞ്ചായത്ത് മാറിയിരിക്കുകയാണ്.
ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ സ്ഥലം അനുവദിച്ച െറസ്റ്റ്ഹൗസിന്റെ ശിലാസ്ഥാപനം കഴിഞ്ഞിട്ട് പത്തു വർഷം പൂർത്തിയായെങ്കിലും പ്രവൃത്തി ആരംഭിച്ചിട്ടില്ല. മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കാൻ പൊളിച്ചുമാറ്റിയ മൃഗാശുപത്രി നിർമിക്കാനും നടപടി സ്വീകരിച്ചിട്ടില്ല. ചെറുപുഴക്ക് മൂനമണ്ണിൽ കടവിലും അന്നാരുകണ്ടം കടവിലും ഭരണാനുമതി ലഭിച്ച പാലങ്ങൾ കടലാസിൽ ഒതുങ്ങിക്കിടക്കുകയാണെന്നും അദ്ദേഹം തുടർന്നുപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.