വർണവിസ്മയം തീർത്ത് കൊയപ്പ ഫുട്ബാൾ ഉദ്ഘാടനം
text_fieldsകൊടുവള്ളി: കാണികളെ ആവോളം ത്രസിപ്പിച്ച് മാനത്ത് പൂരത്തിന്റെ വർണവിസ്മയം തീർത്ത് ലൈറ്റ്നിങ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 38ാമത് കൊയപ്പ സ്മാരക അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് ഗംഭീര തുടക്കം.
ചൈനീസ് വർണമഴ തീർത്ത് പൂനൂർ പുഴയോരത്തുള്ള പഞ്ചായത്ത് ഫ്ലഡ് ലിറ്റ് മിനിസ്റ്റേഡിയത്തിൽ ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായി നടന്ന വെടിക്കെട്ട് അരമണിക്കൂർ ഗാലറികളിൽ ആവേശത്തിരമാലകളുയർത്തി. സംഗീതവിരുന്നും കലാപ്രകടനങ്ങളും ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായി നടന്നു.
ഒരു മാസത്തെ ഫുട്ബാൾ മാമാങ്കത്തിന് തുടക്കംകുറിച്ച് ഞായറാഴ്ച ആരംഭിച്ച ടൂർണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ത്യൻ ഫുട്ബാൾ മുൻ ക്യാപ്റ്റൻ ഐ.എം. വിജയൻ നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് എം. ഫൈസൽ അധ്യക്ഷത വഹിച്ചു. സിനിമാനടി മഞ്ജു വാര്യർ മുഖ്യാതിഥിയായി. ലോകകപ്പ് ഫുട്ബാൾ ചിത്രം പകർത്തിയ ബൈജു കൊടുവള്ളിയെ ഐ.എം. വിജയൻ ഉപഹാരം നൽകി അനുമോദിച്ചു.
സുലൈമാൻ കൊട്ടക്കാവയൽ ഐ.എം. വിജയന് ഉപഹാരം കൈമാറി. എ.കെ.എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സൂപ്പർ അഷ്റഫ് ബാവ, മേഖല പ്രസിഡന്റ് പി.ടി.എ. ലത്തീഫ്, ക്ലബ് പ്രസിഡന്റ് എം. ഫൈസൽ എന്നിവർ ചേർന്ന് പതാക ഉയർത്തി. ഫൈസൽ കാരാട്ട് അനുശോചന പ്രമേയം അവതരിപ്പിച്ചു. കൊടുവള്ളി പൊലീസ് എസ്.എച്ച്.ഒ പി. ചന്ദ്രമോഹൻ, സൂപ്പർ അഷ്റഫ് ബാവ, തങ്ങൾസ് മുഹമ്മദ് എന്നിവർ സംസാരിച്ചു.
സ്വാഗതസംഘം ചെയർമാൻ അബ്ദു വെള്ളറ, എ.കെ. ഷാജി, ഇസ്മയിൽ തങ്ങൾസ്, സലാഹു, സഫീർ, സജീർ, കെ. ബാബു, സി.കെ. ജലീൽ, വി.കെ. അബ്ദു ഹാജി, സി.പി. നാസർകോയ തങ്ങൾ, ഷൈജു പെണ്ണക്കാട്, ക്ലബ് ട്രഷറർ നജു തങ്ങൾസ്, സ്വാഗത സംഘം ട്രഷറർ കെ. ഷറഫുദ്ദീൻ, കെ.കെ. ഹംസ, കെ.കെ. സുബൈർ തുടങ്ങിയവർ സംബന്ധിച്ചു. ക്ലബ് സെക്രട്ടറി സി.കെ. ജലീൽ സ്വാഗതവും കൺവീനർ പി.കെ. അബ്ദുൽ വഹാബ് നന്ദിയും പറഞ്ഞു.
റിയൽ എഫ്.സി തെന്നലയും കെ.ആർ.എസ് കോഴിക്കോടും തമ്മിലാണ് ഉദ്ഘാടന മത്സരം നടന്നത്. നിശ്ചിത സമയത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ നേടി തുല്യത പാലിച്ചു. തുടർന്ന് പെനാൽട്ടി ഷൂട്ടൗട്ടിൽ 5-6ന് കെ.ആർ.എസ് കോഴിക്കോട് ജേതാക്കളായി. കളിയുടെ രണ്ടാം ദിവസമായ തിങ്കളാഴ്ച നടക്കുന്ന മത്സരത്തിൽ ലിൻഷ മെഡിക്കൽസ് മണ്ണാർക്കാട് ജവഹർ മാവൂരുമായി മാറ്റുരക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.