കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി; അഞ്ചുപേർക്ക് പരിക്ക്
text_fieldsകൊടുവള്ളി: ദേശീയപാത 766ൽ മദ്റസ ബസാറിൽ കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം. അഞ്ചുപേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 11.45 ഓടെയായിരുന്നു അപകടം. ഡ്രൈവർ അബ്ദുൽ റഷീദ്, യാത്രക്കാരായ പുഷ്പ, ശ്രീക്കുട്ടി, ട്രീസ, അനു എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബത്തേരിയിൽനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ടൗൺ ടു ടൗൺ ബസ് ഇവിടെയുള്ള കയറ്റം ഇറങ്ങി വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട് ടി.പി. സക്കീറിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ബൈക്ക് വർക്ക് ഷോപ്പിന് കേടുപാടുകൾ സംഭവിക്കുകയും ഇവിടെയുണ്ടായിരുന്ന ബൈക്കുകൾ ബസിനടിയിൽപ്പെട്ട് തകരുകയും ചെയ്തു.
സമീപത്തെ ചെറിയഹമ്മദിന്റെ പലചരക്ക് കടക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഒരു മാസത്തിനിടെ മദ്റസ ബസാറിൽ ബസുകൾ നിയന്ത്രണംവിട്ട് കടകളിലേക്ക് ഇടിച്ചു കയറിയുണ്ടാകുന്ന മൂന്നാമത്തെ അപകടമാണിത്.
ഒരു മാസത്തിനിടെ കടയിലേക്ക് ഇടിച്ചുകയറിയത് മൂന്ന് ബസുകൾ
കൊടുവള്ളി: ദേശീയപാത 766 മദ്റസ ബസാറിൽ വാഹനാപകടം പതിവാകുന്നു. ഇറക്കവും കൊടുംവളവുകളും വരുന്ന ഭാഗമായതിനാൽ അമിത വേഗതയിലെത്തുന്ന വാഹനങ്ങൾ നിയന്ത്രണംവിട്ട് അപകടത്തിൽപെടുകയാണ്. ഒരു മാസത്തിനിടെ സമാന രീതിയിൽ മൂന്ന് ബസുകളാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാർ അടക്കമുള്ളവർക്ക് പരിക്കേൽക്കുകയുമുണ്ടായി.
ഈ ഭാഗത്ത് നടന്ന അപകടങ്ങളിൽ വിദ്യാർഥികളടക്കമുള്ളവരാണ് മരിച്ചത്. തിങ്കളാഴ്ച നടന്ന അപകടമാണ് അവസാനത്തേത്. നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മൂന്ന് അപകടവും ആൾതിരക്കൊഴിഞ്ഞ സമയത്തായതിനാൽ വലിയ ദുരന്തങ്ങളാണ് ഒഴിവായത്.
കഴിഞ്ഞ മേയ് 15ന് രാവിലെ ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്കു പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ച് മറുവശത്തെ റാഹത്ത് ഹോട്ടലിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടം. മേയ് 25ന് ബംഗളൂരുവിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്ലീപ്പർ ബസാണ് വീണ്ടും അപകടത്തിൽപ്പെട്ടത്. ബസ് കടക്കുള്ളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
2020 ഡിസംബറിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേരാണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിയും മരിച്ചിരുന്നു. ചെറുതും വലതുമായ ഒട്ടേറെ അപകടങ്ങൾക്കാണ് നാട്ടുകാർ സാക്ഷികളായത്. വളവുകൾ നിവർത്തി റോഡ് നവീകരിച്ച് ട്രാഫിക് സൂചകങ്ങൾ സ്ഥപിക്കണമെന്ന ആവശ്യം നാട്ടുകാർ നിരന്തരമായി ഉന്നയിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.