വീടിനു മുകളിൽ മണ്ണിടിഞ്ഞു
text_fieldsകൊടുവള്ളി: നഗരസഭയിലെ കരീറ്റിപ്പറമ്പ് പന്ത്രണ്ടാം ഡിവിഷനിൽ ത്രിപ്പോയിൽ കാപ്പുമലയിൽ മണ്ണിടിച്ചിൽ ഭീഷണിയിൽ. അശാസ്ത്രീയ മണ്ണെടുപ്പുമൂലം, കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയെ തുടർന്ന് കാപ്പുമല കദീജയുടെ വീടിന് മുകളിലേക്ക് മണ്ണും കരിങ്കൽ ഭിത്തിയും ഇടിഞ്ഞുവീണു.
മഴ കനത്തതോടെ പ്രദേശത്തെ കുടുംബങ്ങൾ ആശങ്കയിലാണ്. കാപ്പുമല ഉൾപ്പെടുന്ന ഭൂമി വ്യക്തികൾ വിലയ്ക്ക് വാങ്ങി കെട്ടിടങ്ങൾ നിർമിക്കാനെന്ന പേരിൽ വലിയതോതിൽ മണ്ണെടുത്ത് നിരത്തുകയായിരുന്നു. പ്രദേശത്തെ വീടുകൾക്ക് പ്രവൃത്തികൾ ഭീഷണിയായതോടെ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് സമരപരിപാടികൾ നടത്തിവരുകയാണ്. മണ്ണെടുപ്പുമൂലം വീടിന് ഭീഷണിയായതിനെ തുടർന്ന് കദീജ മാസങ്ങളായി ബന്ധുവീട്ടിൽ താമസിച്ചുവരുകയാണ്. ഇതിനിടെയാണ് വെള്ളിയാഴ്ചയുണ്ടായ കനത്തമഴയിൽ കദീജയുടെ വീടിനു മുകളിലേക്ക് മണ്ണും കരിങ്കൽ ഭിത്തിയും വീണത്.
കാപ്പുമലയുടെ കൂടക്കുഴിയിൽ ഭാഗത്തും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നുണ്ട്. പ്രദേശത്തെ നിർമാണപ്രവൃത്തികൾക്കെതിരെ മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിലും റവന്യൂമന്ത്രി, കലക്ടർ, തഹസിൽദാർ, വില്ലേജ് ഓഫിസർ, മുനിസിപ്പാലിറ്റി, പൊലീസ് എന്നിവിടങ്ങളിൽ പരാതി നൽകിയെങ്കിലും പ്രദേശവാസികളുടെ പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെന്ന് കാപ്പുമല ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ കിലാഡി ഷംസു, യു.വി. ഷാഹിദ്, മുഹമ്മദ് മേലെ തൃപ്പോയിൽ, നാസർ, ശൗക്കത്ത് തൃപ്പോയിൽ എന്നിവർ പറഞ്ഞു. കദീജയുടെ വീട് ഭാരവാഹികൾ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.