വാഹന അപകടങ്ങളെ പ്രതിരോധിക്കാൻ ‘ലൈൻ ട്രാഫിക് ’ ബോധവത്കരണത്തിന് തുടക്കം
text_fieldsകൊടുവള്ളി: കേരളത്തെ വാഹന അപകടരഹിത സംസ്ഥാനമാക്കുന്നതിന് അടിസ്ഥാനപരമായ നിർദേശങ്ങളും മാർഗങ്ങളുമാണ് മോട്ടോർ വാഹന വകുപ്പ് നടപ്പാക്കുന്നതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സർക്കാറിന്റെ നേതൃത്വത്തിൽ നടക്കുന്ന ലൈൻ ട്രാഫിക് ബോധവത്കരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊടുവള്ളിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് വിവിധങ്ങളായ പദ്ധതികൾക്കാണ് മോട്ടോർ വാഹന വകുപ്പ് നേതൃത്വം നൽകിയിട്ടുള്ളത്. അപകടങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന നിയമങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന് സ്കൂൾ കരിക്കുലത്തിൽ പ്രത്യേക പദ്ധതിയാണ് വകുപ്പ് നടപ്പാക്കുന്നത്.
ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. പ്ലസ് വൺ, പ്ലസ് ടു കരിക്കുലത്തിൽ അവരുടെ വിദ്യാഭ്യാസത്തിന്റെ ഭാഗമായി മോട്ടോർ വാഹന നിയമങ്ങൾ, റോഡ് സുരക്ഷ നിയമങ്ങൾ, റോഡ് നിയമങ്ങൾ എന്നിവ പഠിപ്പിക്കുന്നതിന് പുസ്‌തകം തയാറാക്കി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും കൈമാറി. ഇത് കരിക്കുലത്തിന്റെ ഭാഗമായാൽ പ്ലസ് ടു ജയിക്കുന്ന 18 വയസ്സ് പൂർത്തിയായ വിദ്യാർഥിക്ക് നേരിട്ട് ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാൻ കഴിയും വിധത്തിലാണ് പാഠ്യപദ്ധതി തയാറാക്കിയിട്ടുള്ളത്. ലേണേഴ്‌സ് ലൈസൻസിലുള്ള എല്ലാ വിഷയങ്ങളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നമ്മുടെ റോഡ് നിയമങ്ങളും റോഡ് സുരക്ഷയും സംബന്ധിച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കിയാൽ അത് വീടുകളിലേക്കും കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും വ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. ലൈൻ ട്രാഫിക്കിന് വിരുദ്ധമായി വാഹനമോടിക്കുന്ന ഇരുചക്ര യാത്രികരെ ബോധവത്കരിക്കുകയാണ് 'ലൈൻ ട്രാഫിക്' പദ്ധതിയുടെ പ്രധാനലക്ഷ്യം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തും. ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് ഓഫിസർ ആർ. രാജീവ് സ്വാഗതവും എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ കെ. ബിജുമോൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.