മിനിറ്റ്സിൽ കൃത്രിമം കാണിച്ചെന്ന്; കൊടുവള്ളി നഗരസഭ കൗൺസിൽ യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷം
text_fieldsകൊടുവള്ളി: നഗരസഭ കൗൺസിലിന്റെ മിനിറ്റ്സിൽ ചെയർമാൻ കൃത്രിമം കാണിച്ചതായി ആരോപിച്ച് കൊടുവള്ളി നഗരസഭയിലെ എൽ.ഡി.എഫ് കൗൺസിലർമാർ യോഗം ബഹിഷ്കരിച്ചു. വെള്ളിയാഴ്ച്ച 11 മണിയോടെയായിരുന്നു സംഭവം.
വിവിധ പദ്ധതികളുടെ ലിസ്റ്റ് അംഗീകരിക്കൽ പ്രധാന അജണ്ടയായാണ് കൗൺസിൽ യോഗം ചേർന്നത്. തുടർ ചർച്ചകളിലാണ് എൽ.ഡി.എഫ് കൗൺസിലർമാർ മിനിറ്റ്സ് വിഷയം ഉന്നയിച്ചത്. തുടർന്ന് പ്രതിഷേധം രേഖപ്പെടുത്തുകയും കൗൺസിൽ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോവുകയും ചെയ്തു.
നഗരസഭയിൽ കഴിഞ്ഞ ഭരണസമിതി കാലയളവിൽ സ്ഥാപിച്ച 5,000 തെരുവ് വിളക്കുകൾ റിപ്പയർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബർ ആറിന് ചേർന്ന യോഗത്തിലെ മിനിറ്റ്സിലാണ് കൂട്ടിച്ചേർക്കലുകളും തിരുത്തലുകളും വരുത്തിയതെന്ന് എൽ.ഡി.എഫ് കൗൺസിലർമാർ ആരോപിച്ചു.
ലക്ഷങ്ങൾ കൈക്കൂലിയായി വാങ്ങുന്നതിന് തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിൽ നഗരസഭ ചെയർമാനും ലീഗ് നേതൃത്വവും സ്വകാര്യ കരാറുകാരിൽനിന്ന് സംഘടിപ്പിച്ച ക്വട്ടേഷൻ അംഗീകരിക്കാൻ കഴിയില്ലെന്ന് കൗൺസിൽ യോഗത്തിൽ എൽ.ഡി.എഫ് കൗൺസിലർമാർ നിലപാടെടുത്തിരുന്നു.
തുടർന്ന് ഇക്കാര്യം പരിശോധിക്കുന്നതിന് ഫൈസൽ കാരാട്ട് ചെയർമാനായി അഞ്ചംഗ ഉപസമിതിയെ നിശ്ചയിക്കാൻ യോഗം ഐകകണ്ഠ്യേന തീരുമാനിക്കുകയും കൗൺസിലർ കെ. ശിവദാസന്റെ നിർദേശപ്രകാരം പ്രസ്തുത സബ് കമ്മിറ്റിയിൽ നഗരസഭ ചെയർമാനെയും വൈസ് ചെയർമാനെയും എക്സ് ഒഫീഷ്യോ മെംബർമാരായി ഉൾപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ രണ്ടു ദിവസത്തിനു ശേഷം പ്രസ്തുത സബ് കമ്മിറ്റിയുടെ ചെയർമാൻ താനാണെന്നും ചെയർമാൻ ഉൾപ്പെടുന്ന സബ് കമ്മിറ്റികളിൽ കൗൺസിലർ ചെയർമാനാകുന്നത് സാമാന്യബുദ്ധിക്ക് നിരക്കാത്തതും അസ്വാഭാവികവുമാണെന്ന വിചിത്ര വാദവുമായി മുനിസിപ്പൽ ചെയർമാൻ രംഗത്തുവരുകയായിരുന്നു.
പിന്നീട് ലഭിച്ച യോഗ മിനിറ്റ്സിൽ കൗൺസിൽ തീരുമാനത്തിന് വിരുദ്ധമായി റംസിയ മോൾ, ഇ. ബാലൻ എന്നിവരെ സബ് കമ്മിറ്റിയിൽ കൂട്ടിച്ചേർക്കുകയും അഹമ്മദ് ഉനൈസിനെ ഒഴിവാക്കുകയും നഗരസഭ ചെയർമാനെ സബ് കമ്മിറ്റി ചെയർമാനാക്കുന്നതാണ് ഉചിതമെന്ന് രേഖപ്പെടുത്തുകയും ചെയ്തിരിക്കുകയാണെന്ന് കൗൺസിലർമാർ പറഞ്ഞു.
ലീഗ് നേതൃത്വത്തിനും തനിക്കും സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതിന് തയാറാക്കിയ നാടകം പൊളിയുകയും ലൈറ്റ് അഴിമതിയുടെ ഞെട്ടിക്കുന്ന പിന്നാമ്പുറ വിവരങ്ങൾ പുറത്തെത്തുമെന്നുള്ള ഭയപ്പാടുമാണ് നഗരസഭ ചെയർമാനെ അന്തസ്സിന് നിരക്കാത്ത മിനിറ്റ്സ് കൃത്രിമത്വത്തിന് പ്രേരിപ്പിച്ചതെന്നും,
നഗരസഭ ചെയർമാൻ ഉൾപ്പെടുന്ന കമ്മിറ്റികളുടെയെല്ലാം അധ്യക്ഷൻ താനായിരിക്കുമെന്ന വാദമുയർത്തുന്നവർ സ്റ്റാൻഡിങ് കമ്മിറ്റികൾക്ക് എന്തിനാണ് പ്രത്യേകം ചെയർമാൻമാരെ നിശ്ചയിക്കുന്നതെന്നും എക്സ് ഒഫീഷ്യോ മെംബർ എന്നതിന്റെ അർഥമെന്താണെന്നും വിശദീകരിക്കുന്നത് നന്നായിരിക്കും -എൽ.ഡി.എഫ് കൗൺസിലർമാർ പറഞ്ഞു.
കൊടുവള്ളിയിലെ മുസ്‍ലിം ലീഗ് നേതൃത്വവും മുനിസിപ്പൽ ചെയർമാനും ചേർന്ന് നടത്തിവരുന്ന തീവെട്ടിക്കൊള്ളയിലൂടെ ലക്ഷങ്ങളുടെ നികുതിപ്പണമാണ് ചോർന്നു പോകുന്നതെന്നും ലൈറ്റ് സ്ഥാപിക്കൽ ഉൾപ്പെടെ നഗരസഭയിൽ നടന്നുവരുന്ന മുഴുവൻ പദ്ധതികൾ സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരിൽ മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും യോഗം ബഹിഷ്കരിച്ച എൽ.ഡി.എഫ് കൗൺസിലർമാരായ വായോളി മുഹമ്മദ് മാസ്റ്റർ, പി.സി ജമീല, ഇ. ബാലൻ, ഫൈസൽ കാരാട്ട്, കെ സുരേന്ദ്രൻ, കെ.സി സോജിത്ത്, അഡ്വ. അർഷ അശോകൻ, ടി.കെ. ശംസുദ്ദീൻ, ആയിഷ അബ്ദുല്ല എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
എല്‍.ഡി.എഫ് അനാവശ്യ വിവാദമുണ്ടാക്കുന്നു- കോണ്‍ഗ്രസ്
കൊടുവള്ളി: നഗരസഭയിലെ തെരുവുവിളക്ക് വിഷയവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് നടത്തുന്നത് അനാവശ്യ വിവാദനീക്കമാണെന്ന് കോണ്‍ഗ്രസ് കൊടുവള്ളി സൗത്ത് മണ്ഡലം കമ്മിറ്റി ആരോപിച്ചു.
തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണിയുടെ ടെന്‍ഡര്‍ പരിഗണിക്കുന്ന വേളയിലുണ്ടായ ചര്‍ച്ചകള്‍ക്കൊടുവില്‍ വിഷയം പരിശോധിക്കാനായി രൂപവത്കരിച്ച സബ് കമ്മിറ്റിയുടെ അധ്യക്ഷനെ ചൊല്ലിയാണ് അനാവശ്യ വിവാദമുണ്ടാക്കുന്നത്.
യു.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണസമിതിയെ അപകീര്‍ത്തിപ്പെടുത്താനും ചില പ്രതിപക്ഷ കൗണ്‍സിലര്‍മാരെ ഉയര്‍ത്തിക്കാണിക്കാനുമാണിത്. തെരുവുവിളക്ക് സ്ഥാപിച്ചതിലും അറ്റകുറ്റപ്പണി നടത്തുന്നതിലും ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകളുണ്ടെങ്കില്‍ പരിശോധിക്കാനാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാരെയും ഉള്‍പ്പെടുത്തി കമ്മിറ്റി രൂപവത്കരിച്ചത്.
ഇതിലൂടെ അനാവശ്യ വിവാദമുണ്ടാക്കി ഭരണസമിതിക്കെതിരെ ആരോപണമുന്നയിക്കുക മാത്രമാണ് എല്‍.ഡി.എഫ് ഇപ്പോള്‍ ലക്ഷ്യംവെക്കുന്നതെന്നും കോണ്‍ഗ്രസ് സൗത്ത് മണ്ഡലം യോഗം അഭിപ്രായപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എൻ.വി. നൂർമുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.കെ. ജലീൽ അധ്യക്ഷത വഹിച്ചു.
മണ്ഡലം ഭാരവാഹികളായ അസീസ് കൈറ്റിയങ്ങൽ, പി.സി. വാസു, കരീം ചുണ്ടപ്പുറം, എം. ഉമ്മർ, ഗഫൂർ മുക്കിൽ അങ്ങാടി, യു.കെ. വേലായുധൻ, ശാഫി ചുണ്ടപ്പുറം, സി.കെ. മുനീർ, ആർ.വി. അയൂബ്, യു.വി. ഷമീർ എന്നിവര്‍ സംസാരിച്ചു. സി.കെ. അബ്ബാസ് സ്വാഗതവും സി.പി. റഷീദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.