തേജാലക്ഷ്മിയുടെ ദുരൂഹമരണം: അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു
text_fieldsമരിച്ച തേജ ലക്ഷ്മി
കൊടുവള്ളി: വിവാഹം കഴിഞ്ഞ് പത്താം ദിവസം ഉണ്ണികുളം ഇയ്യാടുള്ള ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ കൊടുവള്ളി മാനിപുരം മുണ്ടംപുറത്ത് തേജാലക്ഷ്മിയുടെ (18) മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇതുസംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു.
ഉണ്ണികുളം ഇയ്യാട് നീറ്റോറച്ചാലിൽ ജിനുകൃഷ്ണയുടെ ഭാര്യയായ തേജാലക്ഷ്മിയെ കഴിഞ്ഞ ഫെബ്രുവരി 19നാണ് ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇതുസംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് തേജാലക്ഷ്മിയുടെ ബന്ധുക്കൾ വടകര എസ്.പിക്ക് പരാതി നൽകിയിരുന്നു. പരാതി നൽകിയിട്ടും കാര്യമായ നടപടി സ്വീകരിച്ചതായി കാണുന്നില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.
കേസിൽ അന്വേഷണം നടത്തി എത്രയുംപെട്ടെന്ന് പ്രതികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
മാനിപുരത്ത് നടന്ന യോഗത്തിൽ കെ. മോഹനൻ അധ്യക്ഷത വഹിച്ചു. മുൻ ഡിവിഷൻ കൗൺസിലർ കെ. ബാബു, കൗൺസിലർമാരായ അഡ്വ. അഹമ്മദ് ഉനൈസ്, മുഹമ്മദ് അഷ്റഫ്, ഷറീന മജീദ്, മുഹമ്മദ് പുറായിൽ, കെ. സോമൻ, ജിജിഷ്, അബ്ദു, കെ. ശ്രീധരൻ നായർ, പി.കെ. ഷാജി, പി. വാസു, എം.പി. ഹരിഹരൻ എന്നിവർ സംസാരിച്ചു. എം. അജിത് കുമാർ സ്വാഗതവും എ. ദിനേഷ് കുമാർ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: എം.പി. ഹരിഹരൻ (ചെയർ), പി. മുഹമ്മദ്, ജിജിഷ്, മോഹനൻ (വൈസ് ചെയർ), എ. ദിനേഷ് കുമാർ (ജനറൽ കൺവീനർ), എം. അജിത്കുമാർ, കെ. ശ്രീധരൻ നായർ, കെ. സോമൻ (കൺവീനർമാർ).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.