പൂവച്ചൽ ഖാദറിൻെറ ഗാനങ്ങളുടെ ശേഖരവുമായി നാസർ
text_fieldsകൊടുവള്ളി: ആർദ്രമധുരവും കാൽപനികവുമായ ഒട്ടേറെ ചലച്ചിത്രഗാനങ്ങളുടെയും ലളിതഗാനങ്ങളുടെയും രചയിതാവും കവിയുമായ പൂവച്ചൽ ഖാദറിെൻറ ഗാനങ്ങളുടെ ശേഖരവുമായി ഒരു നാട്ടിൻപുറത്തുകാരൻ. കോഴിക്കോട് നരിക്കുനി നെടിയനാട് തൊണ്ടിപറമ്പത്ത് വീട്ടിൽ നാസറാണ് പൂവച്ചൽ ഖാദറിെൻറ ഗാനങ്ങളെ സ്നേഹിച്ച് ഗാന ശേഖരമൊരുക്കിയത്. പ്രിയ ഗാനരചയിതാവുമായി വ്യക്തിപരമായി ഏറെ അടുപ്പമുള്ളവരിൽ ഒരാളുമാണ് നാസർ.
ചെറുപ്പം മുതൽ സിനിമ ഗാനങ്ങൾ കേൾക്കാൻ ഇഷ്ടമുള്ള നാസറിന് പഴയ ഗാനങ്ങളാണ് പ്രിയം. പഴയ പാട്ടുകാരെയും കവികളെയും എന്നും മനസ്സിൽ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നാസറിന് ഖാദറിൻെറ ഗാനങ്ങളോട് കൂടുതൽ അടുപ്പമുണ്ടായിരുന്നു. അങ്ങനെ കവിയെ പരിചയപ്പെടണമെന്ന ആഗ്രഹവുമുണ്ടായി.
സുഹൃത്തും നാട്ടുകാരനുമായ മാപ്പിളപ്പാട്ട് കലാകാരൻ ഫൈസൽ എളേറ്റിലിനോടും കാനേഷ് പൂനൂരിനോടും കാര്യം പറഞ്ഞതോടെ ഇവർ നാസറിന് ഖാദറിനെ പരിചയപ്പെടുത്തിക്കൊടുക്കുകയായിരുന്നു. ഇതു പിന്നീട് ആത്മബന്ധമായി വളർന്നു.
പൂവച്ചൽ ഖാദറിൻെറ യാത്രകളിലൊെക്കയും നാസർ ഒപ്പമുണ്ടാവുമായിരുന്നു. അദ്ദേഹത്തിെൻറ കുടുംബവുമായും വലിയ ബന്ധമാണ് നാസറിനുണ്ടായിരുന്നത്. പല തവണ തിരുവനന്തപുരത്തെ തിരുമലയിലെ വീട്ടിൽ പോയിട്ടുണ്ട്. അദ്ദേഹത്തിെൻറ ലഭ്യമാവുന്ന പാട്ടുകളെല്ലാം തേടിപ്പിടിച്ച് ശേഖരിച്ച നാസർ ഖാദറിനും ഇവ നൽകിയിട്ടുണ്ട്.
ഇക്കഴിഞ്ഞ 17ന് ആശുപത്രിയിൽ അഡ്മിറ്റാവുന്നത് വരെയും നാസർ പൂവച്ചൽ ഖാദറിനെ വിളിച്ച് കുശലം പറയാറുണ്ടായിരുന്നു. മരണ വിവരമറിഞ്ഞ നാസറിന് കോവിഡ് കാലമായതിനാൽ അവസാനമായി ആ മുഖം കാണാൻ കഴിയാത്തതിൽ വലിയ ദുഃഖമാണുള്ളത്. നാട്ടിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് നാസർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.