കൈവരിയില്ല; പെരിയാംതോട്-ആറങ്ങോട് റോഡിൽ അപകടഭീഷണി
text_fieldsകൊടുവള്ളി: പെരിയാംതോട്-ആറങ്ങോട് റോഡിൽ രാരോത്ത് ചാലിൽ റോഡിന് കൈവരിയില്ലാത്തത് വാഹനങ്ങൾക്കും കാൽനടക്കാർക്കും ഭീഷണിയാവുന്നു. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് കാരാട്ട് റസാഖ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി ഒരുകോടി രൂപ ചെലവഴിച്ച് നവീകരിച്ച നഗരസഭയിലെ പെരിയാംതോട്- ആറങ്ങോട്-പരപ്പിൽ റോഡിന്റെ ഭാഗമാണിത്.
ഉറവ് കുണ്ട് ഭാഗത്താണ് റോഡിൽ കൈവരിയില്ലാത്തത്. ഇവിടെ വാഹനങ്ങൾ 20 അടിയോളം താഴ്ചയുള്ള തോട്ടിലേക്ക് വീഴാനുള്ള സാധ്യത ഏറെയാണ്. റോഡിന് താരതമ്യേന വീതി കുറവായതിനാൽ എതിർ ദിശയിൽനിന്ന് വാഹനങ്ങൾ വരുമ്പോൾ റോഡിന് ഓരം ചേർന്ന് പോകുന്ന വാഹനങ്ങൾ താഴ്ചയിലേക്കുവീണ് അപകടത്തിൽപ്പെടാൻ സാധ്യതയുണ്ട്. ഞായറാഴ്ച രാത്രിയിൽ ഇവിടെ അപകടത്തിൽ പെട്ട ബൈക്ക് യാത്രികർ തലനാരിഴക്കാണ് താഴ്ചയിലേക്ക് വീഴാതെ രക്ഷപ്പെട്ടത്.
പെരിയാംതോടിന്റെ ഉത്ഭവ സ്ഥാനമായ ഇവിടെ സദാസമയം ഉറവെടുക്കുന്നത് റോഡിന്റെ സുരക്ഷയെത്തന്നെ ബാധിച്ചിട്ടുണ്ട്. പ്രസ്തുത റോഡിന്റെ നവീകരണം പി.ഡബ്ല്യു.ഡിക്ക് കൈമാറിയതായാണ് നഗരസഭാധികൃതർ പറയുന്നത്. എന്നാൽ, തങ്ങളുടെ അധീനതയിലുള്ള റോഡല്ലെന്ന് പി.ഡബ്ല്യു.ഡിയും പറയുന്നു. ഭാരം കൂടിയ വാഹനങ്ങൾ പോവുമ്പോൾ റോഡ് ഇടിഞ്ഞുതാഴാനുമിടയുള്ളതിനാൽ അടിയന്തരമായി കൈവരി സ്ഥാപിച്ചും അനുബന്ധ ക്രമീകരണങ്ങളൊരുക്കിയും സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.