പ്രളയത്തിൽ ഒലിച്ചുപോയ പൊയിലങ്ങാടി തൂക്കുപാലം പുനർനിർമിക്കുന്നു
text_fieldsകൊടുവള്ളി: പ്രളയം തകർത്തെറിഞ്ഞ തൂക്കുപാലം നാലുവർഷത്തെ കാത്തിരിപ്പിനൊടുവിൽ പുനർനിർമിക്കുന്നു. ചെറുപുഴക്ക് കുറുകെ പൊയിലങ്ങാടി കടവിലാണ് പുതിയ തൂക്കുപാലം നിർമിക്കുന്നത്. 2018ലെ പ്രളയത്തിൽ ചെറുപുഴ കവിഞ്ഞൊഴുകിയതോടെ തൂക്കുപാലം ഒലിച്ചുപോവുകയായിരുന്നു. തുടർന്ന് ചങ്ങാടങ്ങളിലായിരുന്നു പ്രദേശവാസികളുടെ യാത്ര. വിദ്യാർഥികളുൾപ്പെടെയുള്ളവർ അപകടം മുന്നിൽക്കണ്ട് ഇരുകരയിലേക്കും യാത്രചെയ്തു.
കൊടുവള്ളി നഗരസഭയെയും ഓമശ്ശേരി പഞ്ചായത്തിനേയും തമ്മിൽ ബന്ധിപ്പിക്കുന്നതായിരുന്നു പാലം. പാലം തകർന്നതോടെ ഓമശ്ശേരി പഞ്ചായത്തിലെ വെളിമണ്ണ, ചെർപ്പുള്യേരി, വെള്ളച്ചാൽ പ്രദേശത്തെ കുട്ടികൾക്ക് സ്ക്ളിൽ പോകാനും രോഗികളെ ആശുപത്രിയിലെത്തിക്കാനും ദേശീയപാതയിലെത്താനും കിലോമീറ്റർ ദൂരം ചുറ്റിസഞ്ചരിക്കേണ്ടിവന്നു.
പാലം തകർന്നതുസംബന്ധിച്ച് മാധ്യമം നേരത്തെ വാർത്ത നൽകിയിരുന്നു. തൂക്കുപാലം അടിയന്തരമായി പുനർനിർമിക്കണമെന്ന ആവശ്യം നാട്ടുകാരും ഡിവിഷൻ കൗൺസിലർ എൻ.കെ. അനിൽകുമാറും ഡോ. എം.കെ. മുനീർ എം.എൽ.എയുടെ ശ്രദ്ധയിൽപെടുത്തി. തുടർന്ന് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 55 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. തൂക്കുപാലത്തിന്റെ പുനർനിർമാണം പുരോഗമിക്കുന്നു. സിൽക്ക് കമ്പനിക്കാണ് തൂക്കുപാലത്തിന്റെ നിർമാണച്ചുമതല. പത്തു മാസമാണ് നിർമാണ കാലാവധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.