സംരക്ഷണത്തിന് പദ്ധതികൾ വേണം
text_fieldsകൊടുവള്ളി: 45 മീറ്ററിലേറെ വീതിയും 58.5 കിലോമീറ്ററോളം നീളവുമുണ്ടായിരുന്ന പൂനൂർ പുഴ ഇന്ന് പലയിടത്തും വെറും നീരൊഴുക്കു മാത്രമാണ്. പുഴ വീണ്ടെടുത്ത് സംരക്ഷിക്കാൻ പുഴയുടെ അതിർത്തി നിർണയിക്കാൻ നടപടികൾ ഉണ്ടാവണമെന്ന ആവശ്യം ഏറെനാളായി പുഴ സംരക്ഷണ-പരിസ്ഥിതി പ്രവർത്തകർ ഉന്നയിച്ചുവരുകയാണ്. സേവ് പൂനൂർ പുഴ ഫോറവും പൂനൂർ പുഴ സംരക്ഷണ സമിതിയും പുഴ സർവേ നടത്തണമെന്നാവശ്യപ്പെട്ട് ജില്ല കലക്ടർ, റവന്യൂ മന്ത്രി ഉൾപ്പെടെയുള്ളവർക്ക് ഒട്ടേറെ നിവേദനങ്ങൾ സമർപ്പിച്ചിരുന്നു.
തുടർന്ന് സർവേ ചെയ്യാൻ നടപടിയുണ്ടാവുമെന്നറിയിക്കുകയും ചെയ്തിരുന്നു. യു.വി. ജോസ് ജില്ല കലക്ടറായിരിക്കെ പുഴയോര കൈയേറ്റ സ്ഥലങ്ങൾ നേരിട്ടെത്തി പരിശോധിച്ചിരുന്നു. തുടർന്ന് നടന്ന റിവർ മാനേജ്മെന്റ് കമ്മിറ്റി യോഗം പൂനൂർ പുഴയുടെ അതിർത്തി നിർണയിച്ച് മരങ്ങൾ നട്ടുപിടിപ്പിക്കാൻ തീരുമാനിച്ചു. ഇതിനായി സർവേ സൂപ്രണ്ടിനെയും അഡീഷനൽ തഹസിൽദാറെയും ചുമതലപ്പെടുത്തി. അതിരുകൾ നിർണയിച്ച സ്ഥലങ്ങളിൽ വൃക്ഷത്തൈ നട്ടുപിടിപ്പിക്കാൻ സോഷ്യൽ ഫോറസ്ട്രി വകുപ്പിന് വൃക്ഷത്തൈകൾ ലഭ്യമാക്കുമെന്നുമാണ് അറിയിച്ചിരുന്നത്. പുഴയോര ഭൂമി കയർ ഭൂവസ്ത്രമുപയോഗിച്ച് സംരക്ഷിക്കാൻ നടപടിയുണ്ടാവുമെന്നും അറിയിച്ചിരുന്നു. എന്നാൽ, ഇവക്കൊന്നും തുടർനടപടിയുണ്ടായില്ല.
പുഴയിൽ അടിഞ്ഞുകൂടിയ ചളി നീക്കി സുഗമമായ ഒഴുക്ക് നിലനിർത്താൻ കഴിഞ്ഞ വർഷം 1,48,17,000 രൂപയുടെ പ്രവൃത്തികൾ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നിരുന്നു. ജില്ല പഞ്ചായത്തിന്റെ ഫണ്ട് വിനിയോഗിച്ച് ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിലാണ് പ്രവൃത്തികൾ നടത്തിയത്.
20 പ്രധാന ഭാഗങ്ങളിലെ അടിഞ്ഞുകൂടിയ മണ്ണ് എക്സ്കവേറ്റർ ഉപയോഗിച്ച് നീക്കി. രണ്ടിടങ്ങളിൽ സംരക്ഷണ ഭിത്തികൾ സ്ഥാപിക്കുകയുമാണ് ചെയ്തത്. എന്നാൽ, മറ്റു കടവുകളിലെ മൺതിട്ടകൾ നീക്കാൻ നടപടി ഉണ്ടായിരുന്നില്ല. പുഴ ഒഴുകുന്ന ഉൾനാടൻ പ്രദേശങ്ങളിൽ അടിഞ്ഞുകൂടിയ മൺതിട്ടകൾ നീക്കാൻ കഴിയാത്തത് ദുരിതമായി തീർന്നിരിക്കുകയാണ്. ഇത് പുഴ നീർച്ചാലാവുന്നതിനും കുടിവെള്ള പദ്ധതികളെയും ബാധിച്ചിട്ടുണ്ട്.പുതുതായി പുഴയിൽ രൂപപ്പെട്ട മൺതിട്ടകൾ നീക്കാനും പുഴയിലേക്ക് വളർന്ന മരങ്ങളുടെ ചില്ലകൾ വെട്ടിമാറ്റാനും നടപടിയുണ്ടാവണമെന്ന ആവശ്യമാണ് ഉയർന്നിരിക്കുന്നത്. ഇതിന് റവന്യൂ വകുപ്പും വനംവകുപ്പും അനുമതി നൽകേണ്ടതുണ്ട്.
നാശത്തിന് കാരണം നടപടിയില്ലാത്തത്
പുഴ സംരക്ഷണത്തിന് കൃത്യമായ പദ്ധതികൾ ഇല്ലാത്തതാണ് മാലിന്യം നിറഞ്ഞ് നശിക്കാൻ കാരണമാകുന്നത്. ത്രിതല പഞ്ചായത്തുകൾ തൊഴിലുറപ്പ് വഴി പദ്ധതികൾ തയാറാക്കി മാലിന്യമുക്തമാക്കാൻ നടപടി സ്വീകരിക്കേണ്ടതുണ്ട്. ഇറിഗേഷൻ വകുപ്പിന്റെയും റവന്യൂ-വനം വകുപ്പിന്റെയും തുടർച്ചയായ ഇടപെടലുകളും പദ്ധതികളും ഉണ്ടാവേണ്ടതുണ്ട്. മുള, ഈറ്റ, കണ്ടല് എന്നിവ നട്ടുപിടിപ്പിച്ചും കയര് ഭൂവസ്ത്ര വിതാനം നടത്തിയും പുഴയോരം സംരക്ഷിക്കാൻ കഴിയും. പുഴ ഒഴുകുന്ന ഭാഗങ്ങളിലെ ചില പഞ്ചായത്തുകൾ ഇത്തരം പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. പുഴയിലെ മാലിന്യങ്ങൾ നീക്കാൻ പുഴ സംരക്ഷണ കൂട്ടായ്മകളുടെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
കലക്ടർക്ക് നിവേദനം നൽകി
പൂനൂർ പുഴയെ വീണ്ടെടുക്കാൻ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ഇതിന്റെ ആദ്യപടിയായി പുഴ സർവേ നടത്തി അതിർത്തി നിർണയിക്കണമെന്നാവശ്യപ്പെട്ട് സേവ് പൂനൂർ പുഴ ഫോറം ജില്ല കലക്ടർക്ക് കഴിഞ്ഞ ദിവസം നിവേദനം നൽകിയതായി ഫോറം പ്രസിഡന്റ് പി.എച്ച്. താഹ ‘മാധ്യമ’ത്തോട് പറഞ്ഞു. പുഴ കൈയേറ്റങ്ങൾ സംബന്ധിച്ച് ഒട്ടേറെ പരാതികൾ മുമ്പും നൽകിയിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. വിവിധ പ്രദേശങ്ങളിലെ കൈയേറ്റങ്ങൾക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകും. മാലിന്യങ്ങൾ നീക്കുകയും വേണം. ഇതിന് ത്രിതല പഞ്ചായത്തുകളുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും സഹായവും പദ്ധതികളും ഉണ്ടാവണം.
തുടരും..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.