ഉപ്പിലിട്ടതടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ അനധികൃത വിൽപനക്ക് വിലക്ക്
text_fieldsകൊടുവള്ളി: റമദാനിൽ രാത്രികാലങ്ങളിൽ ഫുൾജാർ സോഡ ഉൾപ്പെടെ ആരോഗ്യത്തിന് ഹാനികരമാകുന്ന ശീതളപാനീയങ്ങളും അനുവദനീയമായ അളവിലും കൂടുതലായി പ്രിസർവേറ്റിവ് ചേർത്തിട്ടുള്ള ഉപ്പിലിട്ടതും വിൽക്കുന്നത് നിരോധിച്ച് കൊടുവള്ളി നഗരസഭ ആരോഗ്യവകുപ്പ് നിർദേശം നൽകി. മഞ്ഞപ്പിത്തം വ്യാപകമായി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പരിശോധനയും നടപടികളും കർശനമാക്കുമെന്ന് നഗരസഭ ചെയർമാൻ വെള്ളറ അബ്ദു അറിയിച്ചു. അനധികൃത പാനീയങ്ങളുടെ എല്ലാ കച്ചവടവും നിരോധിക്കാൻ തീരുമാനിച്ചതായും കർശന പരിശോധനകൾക്ക് നടപടി സ്വീകരിച്ചതായും നഗരസഭ സെക്രട്ടറി കെ. സുധീർ അറിയിച്ചു.
നഗരസഭയുടെ പ്രത്യേക അനുമതിയോടെ പ്രവർത്തിക്കുന്ന കച്ചവടസ്ഥാപനങ്ങൾ അംഗീകൃത മിനറൽ വാട്ടർ ജാർ ഉപയോഗിച്ച് മാത്രമേ പാനീയങ്ങൾ തയാറാക്കാവൂ എന്നും ഉപയോഗിക്കുന്ന മിനറൽ വാട്ടറിന്റെ കൃത്യമായ രേഖകൾ കടയിൽ ഉണ്ടായിരിക്കണമെന്നും സീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ കെ. സലിൽ അറിയിച്ചു. ഹെൽത്ത് കാർഡും കുടിവെള്ളം പരിശോധിച്ച സർട്ടിഫിക്കറ്റും എല്ലാ സ്ഥാപനങ്ങളിലും ഉണ്ടായിരിക്കണം. സർട്ടിഫിക്കറ്റ് സ്ഥാപനത്തിൽ പ്രദർശിപ്പിക്കണം. കടയിലെ മലിനജലവും മാലിന്യവും ഓടയിലേക്കോ പൊതുസ്ഥലത്തേക്കോ ഒഴുക്കിവിടരുത്. ശ്രദ്ധയിൽപ്പെട്ടാൽ അവരുടെ പേരിൽ നിയമനടപടികൾ സ്വീകരിക്കും.
ഇഫ്താർ സംഗമങ്ങളിൽ നിരോധിത പ്ലാസ്റ്റിക് വസ്തുക്കളായ പേപ്പർ ഗ്ലാസ്, പേപ്പർ പ്ലേറ്റ് എന്നിവയുടെ ഉപയോഗം പൂർണമായും ഒഴിവാക്കണം. പുനരുപയോഗ സാധ്യതയുള്ള സ്റ്റീൽ പാത്രങ്ങളും പ്ലേറ്റുകളും ഉപയോഗിക്കണം. നോമ്പുതുറക്ക് തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിച്ച് പാനീയങ്ങൾ തയാറാക്കണം. ഹരിത പ്രോട്ടോക്കോൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തണം. നിർദേശങ്ങൾ പൂർണമായി പാലിച്ച് നഗരസഭയുടെ നടപടികളോട് സഹകരിക്കണമെന്ന് നഗരസഭ ആരോഗ്യ വകുപ്പ് അഭ്യർഥിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.