ക്വട്ടേഷൻ സംഭവം: ലീഗ് നേതാക്കൾക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ മാറ്റിപ്പറഞ്ഞ് മുൻ കൗൺസിലർ
text_fieldsകൊടുവള്ളി: മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡൻറ് വി.കെ. അബ്ദുഹാജി, സെക്രട്ടറി കെ.കെ.എ. കാദർ, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എം. നസീഫ് എന്നിവർ സി.പി.എം നേതാക്കൾക്കെതിരെ ക്വട്ടേഷൻ നൽകി എന്നാരോപിച്ച് ജൂൺ 25ന് കോഴിക്കോട് വാർത്തസമ്മേളനം നടത്തി വെളിപ്പെടുത്തിയ കാര്യങ്ങൾ തീർത്തും വാസ്തവവിരുദ്ധവും വസ്തുതകൾക്ക് നിരക്കാത്തതുമാണെന്ന് മുൻ മുസ്ലിം ലീഗ് കൗൺസിലറായ കോഴിശ്ശേരി മജീദ് രംഗത്ത്.
സമൂഹ മാധ്യമം വഴിയാണ് താൻ നേരത്തെ പറഞ്ഞ കാര്യങ്ങൾക്ക് വിഭിന്ന വാദവുമായി രംഗത്തുവന്നത്. 15 വർഷമായി സജീവമായി പ്രവർത്തിച്ചിരുന്ന തന്നെ മുസ്ലിം ലീഗ് പാർട്ടിയിൽനിന്ന് പുറത്താക്കിയ സാഹചര്യത്തിൽ തനിക്കുണ്ടായ മാനസിക പ്രയാസത്തിലും ടി.പി വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ളവരുടെ നേരത്തേയുള്ള ഭീഷണിയിൽനിന്ന് രാഷ്ട്രീയസംരക്ഷണം നൽകണമെങ്കിൽ ലീഗ് നേതാക്കൾക്കെതിരെ ആരോപണം ഉന്നയിക്കണമെന്ന എൽ.ഡി.എഫ് നേതൃത്വത്തിെൻറ സമ്മർദവും കാരണമാണ് അത്തരം വെളിപ്പെടുത്തൽ നടത്തിയതെന്നുമാണ് കോഴിശ്ശേരി മജീദിെൻറ പുതിയ നിലപാട്.
2013ൽ നടന്ന കരീറ്റിപ്പറമ്പ് സ്വദേശിയായ അബൂബക്കർ സിദ്ദീഖിെൻറ മരണവുമായി ബന്ധപ്പെടുത്തി സി.പി.എം നേതാക്കളെ വധിക്കാൻ ലീഗ് നേതാക്കൾ ക്വട്ടേഷൻ നൽകിയെന്നാണ് ഇയാൾ കോഴിക്കോട്ട് വാർത്തസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നത്. ഇതിെൻറ അടിസ്ഥാനത്തിൽ സി.പി.എം താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം കെ. ബാബു കൊടുവള്ളി സി.ഐക്ക് വധശ്രമവും ഗൂഢാലോചനയും ഉൾപ്പെടെ പരാതി നൽകിയിരുന്നു.
പ്രാഥമിക അന്വേഷണം നടത്തിയ കൊടുവള്ളി പൊലീസ് ആഗസ്റ്റ് 17ന് കേസ് രജിസ്റ്റർ ചെയ്തു. ലീഗ് ഭാരവാഹികളുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ഡി.വൈ.എഫ്.ഐ നേതാവിനെ വധിക്കാൻ ക്വട്ടേഷൻ നൽക്കുകയും കൊയിലാണ്ടി സ്വദേശിക്ക് 50,000 രൂപ അഡ്വാൻസ് നൽകിയെന്നുമാണ് മജീദ് കോഴിക്കോട് വാർത്തസമ്മേളനം നടത്തി പറഞ്ഞത്.
സംഭവം കൊടുവള്ളിയിൽ ഏറെ രാഷ്ട്രീയവിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
മൊഴിമാറ്റത്തിന് കാരണം ഭീഷണിയാവാം –കെ. ബാബു
കൊടുവള്ളി: മുൻ ലീഗ് കൗൺസിലറായ കോഴിശ്ശേരി മജീദിെൻറ പുതിയ വാദം മുസ്ലിം ലീഗിെൻറ ഭീഷണിക്ക് വഴങ്ങിയാകാമെന്ന് സി.പി.എം താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം കെ. ബാബു. താൻ നൽകിയ പരാതിയിൽ കേസ് അന്വേഷണം നടന്നുവരുകയാണ്. അറസ്റ്റും കൂടുതൽ വെളിപ്പെടുത്തലുകളുമുണ്ടാവുമെന്ന ഭയം കാരണമാണ് മജീദിനെ സ്വാധീനിച്ച് വാർത്തസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ മാറ്റി പറയിപ്പിച്ചതെന്ന് കരുതുന്നതായും വിഷയത്തിൽ പൊലീസ് അന്വേഷണം പൂർത്തിയാക്കട്ടെയെന്നും ബാബു പറഞ്ഞു.
സി.പി.എമ്മിേൻറത് സമാധാന അന്തരീക്ഷം തകർക്കുന്ന നിലപാട് –യു.ഡി.എഫ്
കൊടുവള്ളി: സി.പി.എം കൊടുവള്ളിയിൽ സമാധാന അന്തരീക്ഷം തകർക്കുന്ന നിലപാടാണ് സ്വീകരിച്ചുവരുന്നതെന്ന് യു.ഡി.എഫ് കൊടുവള്ളി നഗരസഭ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്ത നടപടിക്കെതിരെ ചൊവ്വാഴ്ച രാവിലെ നടത്താനിരുന്ന കൊടുവള്ളി പൊലീസ് സ്റ്റേഷൻ മാർച്ച് പൊലീസ് അധികാരികളുമായി നടത്തിയ ചർച്ചയെ തുടർന്ന് മാറ്റിവെച്ചു.
നീതിയുക്തമായും സത്യസന്ധവുമായി മാത്രമേ കേസിൽ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ എന്ന് പൊലീസ് യു.ഡി.എഫ് നേതാക്കളുമായി നടന്ന ചർച്ചയിൽ ഉറപ്പുനൽകിയിരിക്കുകയാണ്.
തീരുമാനങ്ങൾക്ക് വിരുദ്ധമായി പൊലീസ് നടപടികളുമായി മുന്നോട്ടുപോകുന്ന പക്ഷം ശക്തമായ സമരപരിപാടികൾ നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.
തെറ്റായ ആരോപണത്തിെൻറ പേരിൽ കേസെടുപ്പിച്ച് നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള നീക്കമായിരുന്നു സി.പി.എം നടത്തിവന്നതെന്നും പൊതുസമൂഹം വസ്തുതകൾ തിരിച്ചറിയുമെന്നും നേതാക്കൾ പറഞ്ഞു.
യു.ഡി.എഫ് ചെയർമാൻ സി.പി. അബ്ദുൽ റസാഖ്, എ.പി. മജീദ്, വി.കെ. അബ്ദുഹാജി, കെ.പി. അശോകൻ, അഡ്വ. വേളാട്ട് അഹമ്മദ്, ടി.പി. നാസർ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.