ആർ.ഇ.സി മലയമ്മ-കൂടത്തായി റോഡ്; 49.5 കോടിയുടെ പ്രവൃത്തിക്ക് ടെൻഡർ
text_fieldsകൊടുവള്ളി: ആർ.ഇ.സി മലയമ്മ കൂടത്തായി റോഡ് പ്രവൃത്തി ടെൻഡർ ചെയ്തതായി ഡോ. എം.കെ. മുനീർ എം.എൽ.എ അറിയിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 2020ൽ 45.2 കോടി രൂപയുടെ ധനകാര്യ അനുമതി കിട്ടിയിരുന്നുവെങ്കിലും റോഡിന് ആവശ്യമായ ഭൂമി ലഭ്യമാക്കുന്നതിൽ വന്ന കാലതാമസമാണ് ടെൻഡർ നടപടി നീണ്ടുപോകാൻ ഇടയാക്കിയത്.
ജി.എസ്.ടിയിലും പൊതുമരാമത്ത് നിരക്കിലും ഉണ്ടായ വർധന കാരണം പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം സാങ്കേതികാനുമതി ലഭ്യമാക്കിയ 49.5 കോടി രൂപയുടെ പ്രവൃത്തിയാണ് ഇപ്പോൾ ടെൻഡർ ചെയ്തത്. ആർ.ഇ.സി മലയമ്മ, വെളിമണ്ണ കൂടത്തായി റോഡിന്റെ നീളം 11.2 കിലോമീറ്ററാണ്.
ഏഴ് മീറ്റർ വീതിയിൽ കാരേജ് വേയും ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയിൽ ഫൂട്പാത്തും ഉൾപ്പെടെ 10 മീറ്റർ വീതിയിലാണ് പ്രവൃത്തി നടത്തുന്നത്. ആവശ്യമായ ഓവുചാൽ സംവിധാനം, കലുങ്ക് നിർമാണം, പാർശ്വഭിത്തികൾ, സൈൻ ബോർഡുകൾ, റോഡ് മാർക്കിങ് തുടങ്ങിയവയും നവീകരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൊടുവള്ളി, കുന്ദമംഗലം മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് പ്രവൃത്തി പൂർത്തീകരിക്കുന്നതോടെ കൂടത്തായി, വെളിമണ്ണ, ചാത്തമംഗലം, മലയമ്മ തുടങ്ങിയ പ്രദേശങ്ങളിലൂടെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്നവർക്കുള്ള എളുപ്പമാർഗമായി ഈ റോഡ് മാറുമെന്ന് എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.