കൊടുവള്ളി മുസ്ലിം ലീഗിൽ പ്രാദേശികവാദം ശക്തം
text_fieldsകൊടുവള്ളി: നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് കൊടുവള്ളിയിലെ മുസ്ലിം ലീഗിൽ പ്രാദേശികവാദം ശക്തം. മണ്ഡലത്തിന് പുറത്തുനിന്നുള്ളവർ സ്ഥാനാർഥികളായി വരേണ്ടതില്ലെന്ന തിരുമാനമാണ് മണ്ഡലം നേതൃത്വം കൈക്കൊണ്ടിട്ടുള്ളത്. ഈ ആവശ്യം രണ്ടു തവണ സംസ്ഥാന നേതൃത്വത്തെ നേരിട്ട് അറിയിക്കുകയുണ്ടായി. സുരക്ഷിത മണ്ഡലം എന്നനിലയിൽ ഡോ. എം.കെ. മുനീറിനെ കൊടുവള്ളിയിൽ സ്ഥാനാർഥിയാക്കാനുള്ള നീക്കങ്ങൾ നടക്കുന്നതിനിടെയാണ് എതിർപ്പ് ശക്തമായത്.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളും നഗരസഭയിലും ഭൂരിപക്ഷത്തോടെ തിരിച്ചുപിടിച്ച് യു.ഡി.എഫിന് അനുകൂലമായ സാഹചര്യത്തിൽ സ്വീകാര്യനായ ഒരാളെ സ്ഥാനാർഥിയാക്കിയാൽ മണ്ഡലം എളുപ്പത്തിൽ തിരിച്ചുപിടിക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്. നേരത്തെ മത്സരിച്ച എം.എ. റസാഖ്, വി.എം. ഉമ്മർ എന്നിവരിൽ ഒരാളെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യമാണ് ലീഗിൽ ഉയർന്നത്. ഇവർ രണ്ട് പേരും മണ്ഡലത്തിൽ സജീവവുമാണ്. ഇവരിൽ ആരെ സ്ഥാനാർഥിയാക്കണമെന്ന കാര്യം സംസ്ഥാന നേതൃത്വം തീരുമാനിക്കട്ടെയെന്നാണ് മണ്ഡലത്തിൽനിന്നുള്ള അഭിപ്രായം.
എന്നാൽ, മറിച്ചുള്ള തീരുമാനങ്ങൾ സംസ്ഥാനനേതൃത്വം എടുത്താൽ അതിനെ സ്വീകരിക്കുമെന്നും മണ്ഡലം നേതൃത്വം പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജില്ല ജനറൽ സെക്രട്ടറിയായിരുന്ന എം.എ. റസാഖ് പരാജയപ്പെട്ട സാഹചര്യം ഇത്തവണ നിലനിൽക്കുന്നില്ലെന്ന വിലയിരുത്തലാണ് ലീഗിലുള്ളത്.
2000ൽ പ്രാദേശിക വാദത്തെ മറികടന്ന് സി. മമ്മൂട്ടിയെ സ്ഥാനാർഥിയാക്കിയതിലൂടെ ഉടലെടുത്ത രാഷ്ട്രീയ സാഹചര്യങ്ങൾ കൊടുവള്ളിയിൽ മുസ്ലിം ലീഗിന് നഷ്ടങ്ങളുടെ കണക്ക് മാത്രമായതിനാൽ പ്രാദേശിക വികാരത്തെ ലീഗ് നേതൃത്വം എളുപ്പത്തിൽ തള്ളില്ലെന്നാണ് പ്രവർത്തകരുടെ വിലയിരുത്തൽ. കാരാട്ട് റസാഖിനെ തന്നെ എൽ.ഡി.എഫ് വീണ്ടും കൊടുവള്ളിയിൽ മത്സരിപ്പിക്കാൻ അനുമതി നൽകുമെന്നുറപ്പായ സാഹചര്യത്തിൽ വികസനയാത്രയുൾപ്പെടെ പരിപാടികളുമായി സജീവമായിട്ടുണ്ട്.
മണ്ഡലത്തിൽ നടപ്പാക്കിയ വികസനനേട്ടങ്ങൾ ജനം സ്വീകരിച്ച സാഹചര്യത്തിൽ പ്രചാരണം എളുപ്പമാകുമെന്നും തുടർവിജയം ഉറപ്പായിരിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇടതുപക്ഷ നേതൃത്വം. യുവജന സംഘടനകളും മണ്ഡലം പരിപാടികളുമായി രംഗത്തുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.