കൊടുവള്ളി വ്യാപാര സ്ഥാപനത്തിൽ കവർച്ച; രണ്ട് പ്രതികൾ പിടിയിൽ
text_fieldsകൊടുവള്ളി: വ്യാപാരസ്ഥാപനത്തിൽ കവർച്ച നടത്തിയ പ്രതികൾ പൊലീസ് പിടിയിൽ. നവംബർ 19ന് പുലർച്ചെ ഒരു മണിക്ക് കൊടുവള്ളി വരിക്കുഴിതാഴം സൂപ്പർ മാർക്കറ്റിൽ ഷട്ടർ തകർത്തു 18,000 രൂപയും സ്റ്റേഷനറി സാധനങ്ങളും കവർച്ച നടത്തിയ കേസിലെ പ്രതികളാണ് പിടിയിലായത്.
മലപ്പുറം പള്ളിക്കൽ ബസാർ മരക്കാം കാരപ്പറമ്പ് റെജീഷ് (35), കൊയിലാണ്ടി പാറപ്പള്ളി കിഴക്കേ വാരിയം വീട്ടിൽ അബു ഷാനിദ് (28) എന്നിവരെയാണ് ഡിസംബർ ഒന്നിന് വൈകീട്ട് ആറരക്ക് തലപ്പെരുമണ്ണ വെച്ച് പൊലീസ് നടത്തിയ വാഹനപരിശോധനക്കിടെ മോഷ്ടിച്ച ബൈക്കുമായി പിടിച്ചത്.
കോഴിക്കോട് റൂറൽ എസ്.പി ആർ. കറപ്പസാമിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. കളവ് നടത്തിയ ബൈക്കുമായി തലപ്പെരുമണ്ണനിന്നും കൊടുവള്ളി ഭാഗത്തേക്ക് വരുമ്പോൾ പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിക്കപ്പെട്ടത്.
ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ കോഴിക്കോട് മലയമ്മനിന്നും കളവ് നടത്തിയ ബൈക്കാണിതെന്ന് വ്യക്തമായി. അബു ഷാനിദ് കഴിഞ്ഞ വർഷം ആഗസ്റ്റ് മാസത്തിൽ കോഴിക്കോട് മലയമ്മയിലുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് കുന്ദമംഗലം സ്റ്റേഷനിലെ കേസിൽ പ്രതിയായി ജയിലിൽ കിടന്നിരുന്നു.
ഈ വർഷം മെഡിക്കൽ കോളജിൽവെച്ച് ഇതര സംസ്ഥാന തൊഴിലാളിയെ കവർച്ച ചെയ്ത കേസിൽ നവംബർ 17ന് ജാമ്യത്തിൽ ഇറങ്ങിയതാണ്. പിറ്റേന്ന് പോക്സോ കേസിലെ പരാതിക്കാരിയായ പെൺകുട്ടിയുടെ വീട്ടിൽ നിന്നും പിതാവിന്റെ മോട്ടോർ സൈക്കിൾ മോഷണം നടത്തി.
അന്നുതന്നെയാണ് കൊടുവള്ളിയുള്ള സൂപ്പർ മാർക്കറ്റിലും കവർച്ച നടത്തിയത്. മലപ്പുറം ജില്ലയിലെ കൂട്ടു പ്രതിയുടെ വീട്ടിൽ ഒളിച്ചു കഴിയുന്നതിനിടയാണ് വീണ്ടും അടുത്ത കളവിനു വേണ്ടി കൊടുവള്ളി ഭാഗത്തേക്ക് വരുമ്പോൾ പിടിയിലാവുന്നത്. കളവ് നടത്തി കിട്ടിയ പണം ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങി വിൽപന നടത്തുന്നതാണ് പ്രതികളുടെ രീതി.
താമരശ്ശേരി ഡിവൈ.എസ്.പി അഷ്‌റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിൽ കൊടുവള്ളി എസ്.എച്ച്.ഒ പി. ചന്ദ്രമോഹൻ, സ്പെഷൽ സ്‌ക്വാഡ് എസ്.ഐമാരായ രാജീവ് ബാബു, വി.കെ. സുരേഷ്, ബിജു പൂക്കോട്ട്, കൊടുവള്ളി പൊലീസ് എസ്.ഐ.മാരായ എ.പി. അനൂപ്, പി. പ്രകാശൻ, എ.എസ്.ഐ ടി. സജീവൻ, എസ്.സി.പി.ഒ എൻ.എം. ജയരാജൻ, കെ.കെ. ലിനീഷ്, സത്യരാജ്, അബ്ദുൽ റഹീം എന്നിവരടങ്ങിയ സംഘമാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.