സൗദി ദേശീയ ഗെയിംസ്; ബാഡ്മിന്റണിൽ കൊടുവള്ളി സ്വദേശിനിക്ക് സ്വർണം
text_fieldsകൊടുവള്ളി: സൗദി ദേശീയ ഗെയിംസിലെ ബാഡ്മിന്റണിൽ സ്വർണത്തിൽ ഹാട്രിക് നേടി കൊടുവള്ളി സ്വദേശിനി ഖദീജ നിസ. കഴിഞ്ഞ രണ്ട് ദേശീയ ഗെയിംസിലും പുരുഷ വിഭാഗത്തിൽ സ്വർണ മെഡൽ നേടിയ ഹൈദരാബാദ് സ്വദേശി ശൈഖ് മെഹദ് ഷാ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെയാണ് മൂന്നാം തവണയും ബാഡ്മിന്റൺ വിഭാഗത്തിലെ ഏക ഹാട്രിക് സ്വർണ നേട്ടം ഖദീജ നിസക്ക് സ്വന്തമായത്.
ഇത്തി ഹാദ് ക്ലബിന് വേണ്ടി കളത്തിലിറങ്ങിയ ഖദീജ നിസക്കെതിര കടുത്ത വെല്ലുവിളിയാണ് ഫിലിപ്പിനോ താരം പെനഫ്ലോർ അരിലെ ഉയർത്തിയത്. നാല് ഗ്രൂപ് മത്സരങ്ങളിൽ ആറ് കളികളിൽ കരുത്തു തെളിയിച്ചാണ് ഖദീജ സുവർണ തേരോട്ടം നടത്തിയത്. ഖദീജ നിസ കൂടാതെ ഈ വർഷത്തെ ഗെയിംസിൽ അഴിക്കോട് സ്വദേശി മുട്ടമ്മൽ ഷാമിലും മലയാളികളുടെ അഭിമാനമായി സ്വർണ മെഡൽ നേടി. പുരുഷ സിംഗിൾസിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് ഗെയിംസ് നഗരി സാക്ഷിയായത്.
ബഹ്റൈൻ ദേശീയ താരം ഹസൻ അദ്നാനായിരുന്നു എതിരാളി. സൗദിയിൽ ജോലി ചെയ്യുന്ന ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്ക് ദേശീയ ഗെയിംസിൽ പങ്കെടുക്കാനുള്ള അവസരം പ്രയോജനപ്പെടുത്തി അൽ നസർ ക്ലബിനുവേണ്ടി കളത്തിലിറങ്ങിയ അദ്നാനെ ഷാമിൽ ആദ്യസെറ്റിൽ പിടിച്ചുകെട്ടുകയായിരുന്നു. സ്കോർ 21-14.രണ്ടാം സെറ്റിൽ ഷാമിലിനെ 21-12ന് തകർത്തെങ്കിലും മൂന്നാം സെറ്റിൽ 21-14ന് ആധികാരിക ജയം സ്വന്തമാക്കിയാണ് കഴിഞ്ഞ വർഷം വെങ്കല മെഡൽ ജേതാവായ ഷാമിൽ സ്വർണം നേടിയത്.
സൗദിയിൽ ജനിച്ചവർക്ക് ദേശീയ ഗെയിംസിൽ പങ്കെടുക്കാനുളള അവസരം പ്രയോജനപ്പെടുത്തിയാണ് ഷാമിൽ അൽ ഹിലാൽ ക്ലബിനുവേണ്ടി മെഡൽ കൊയ്തത്. പുരുഷ, വനിത ബാഡ്മിന്റൺ സിംഗിൾസിൽ ആറു സ്ഥാനങ്ങളിൽ രണ്ട് സ്വർണവും രണ്ട് വെങ്കലവും ഉൾപ്പെടെ നാലു മെഡലുകൾ ഇന്ത്യക്കാർക്കാണ്. അതിൽ രണ്ട് സ്വർണം ഉൾപ്പെടെ മൂന്നെണ്ണം മലയാളികൾ നേടിയത് പ്രവാസി മലയാളികൾക്ക് വലിയ അഭിമാനമായി. വനിത സിംഗിൾസിൽ മലയാളി താരം ഷിൽന ചെങ്ങശ്ശേരിയാണ് വെങ്കലം നേടിയത്. മലയാളി വനിത സിംഗിൾസിലെ ഖദീജ നിസയുടെ ജൈത്രയാത്ര തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.