കട കുത്തിത്തുറന്ന് കവർച്ച; രണ്ടുപേർ പിടിയിൽ
text_fieldsകൊടുവള്ളി: ദേശീയപാതയിൽ മണ്ണിൽകടവിലെ ലിമ സൂപ്പർ മാർക്കറ്റിന്റെ മുൻവശത്തെ ഗ്ലാസ് തകർത്ത് കവർച്ച നടത്തിയ രണ്ടുപേരെ കൊടുവള്ളി പൊലീസ് പിടികൂടി. കക്കോടി ആരതി ഹൗസിൽ നവീൻ കൃഷ്ണ (19), പോലൂർ ഇരിങ്ങാട്ടുമീത്തൽ കുഞ്ഞുണ്ണി എന്ന അഭിനന്ദ് (19) എന്നിവരാണ് പിടിയിലായത്.
എരവത്തൂർ തെക്കേടത്തുതാഴം സ്വദേശിയായ പ്രായപൂർത്തിയാകാത്ത ഒരാൾകൂടി കേസിൽ പിടിയിലാകാനുണ്ട്. ഒക്ടോബർ 14ന് പുലർച്ച മൂന്നോടെയാണ് കവർച്ച നടന്നത്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണ സംഘത്തിന് ദിവസങ്ങൾക്കുള്ളിൽതന്നെ പ്രതികളെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചു. വ്യാഴാഴ്ച പിടികൂടിയ പ്രതികൾ കൊടുവള്ളി സ്റ്റേഷൻ പരിധിയിലെ നരിക്കുനിയിൽനിന്നും സൗത്ത് കൊടുവള്ളിയിൽനിന്നും സ്കൂട്ടർ മോഷണം നടത്തിയതും പിലാശ്ശേരിയിൽ കടയിൽ മോഷണം നടത്തിയതും തങ്ങളാണെന്ന് സമ്മതിച്ചിട്ടുണ്ട്.
പ്രതികൾക്കെതിരെ വയനാട് ജില്ലയിലെ വൈത്തിരി, കോഴിക്കോട് മെഡിക്കൽ കോളജ്, വെള്ളയിൽ, കുന്ദമംഗലം, ചേവായൂർ, കാക്കൂർ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ ബൈക്ക് മോഷണ കേസുകളുണ്ട്.
മയക്കുമരുന്ന് വാങ്ങാനാണ് ഇവർ മോഷണം നടത്തുന്നത്. പ്രതികളെ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി മുമ്പാകെ ഹാജരാക്കി. കൊടുവള്ളി ഇൻസ്പെക്ടർ പി. ചന്ദ്രമോഹന്റെ മേൽനോട്ടത്തിൽ എസ്.ഐമാരായ അനൂപ്, പി. പ്രകാശൻ, കെ. അഷ്റഫ്, ജൂനിയർ എസ്.ഐ രശ്മി, എ.എസ്.ഐ സജീവൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ജയരാജ്, ശ്രീജിത്ത്, സിവിൽ പൊലീസ് ഓഫിസർ ഷെഫീഖ് നീലിയാനിക്കൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.