സബ് രജിസ്ട്രാർ, നരിക്കുനി പഞ്ചായത്ത് ഓഫിസുകൾ ഭിന്നശേഷി സൗഹൃദമാക്കണം -മനുഷ്യാവകാശ കമീഷൻ
text_fieldsകൊടുവള്ളി: കൊടുവള്ളി മിനി സിവിൽ സ്റ്റേഷന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന സബ് രജിസ്ട്രാർ ഓഫിസ്, കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് മാറ്റിസ്ഥാപിക്കാൻ ജില്ല കലക്ടർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. നരിക്കുനി ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷിക്കാർക്ക് പ്രയാസം കൂടാതെ ഓഫിസ് സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നടപടി സ്വീകരിക്കണമെന്നും കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
കൊടുവള്ളി സിവിൽ സ്റ്റേഷനിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന സബ് രജിസ്ട്രാർ ഓഫിസും നരിക്കുനി ഗ്രാമപഞ്ചായത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് ഓഫിസും താഴത്തെ നിലയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കേരള വികലാംഗ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മടവൂർ സൈനുദ്ദീൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
സബ് രജിസ്ട്രാർ ഓഫിസ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കോൺഫറൻസ് ഹാളിലേക്ക് താൽക്കാലികമായി മാറ്റുന്ന കാര്യം പരിഗണനയിലാണെന്ന് കലക്ടർ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുന്നതിനുള്ള മാസ്റ്റർ പ്ലാൻ തയാറായിട്ടുണ്ട്. ഇതിനാവശ്യമുള്ള 50 ലക്ഷം രൂപ അടുത്തവർഷം അനുവദിക്കാമെന്ന് എം.എൽ.എ അറിയിച്ചതായും കലക്ടർ കമീഷനെ അറിയിച്ചു.
വർഷങ്ങൾക്കുമുമ്പ് നിർമിച്ച കെട്ടിടമായതിനാൽ പഞ്ചായത്ത് കെട്ടിടത്തിൽ ലിഫ്റ്റ് സ്ഥാപിക്കുന്നത് പ്രായോഗികമല്ലെന്ന് നരിക്കുനി പഞ്ചായത്ത് സെക്രട്ടറി കമീഷനെ അറിയിച്ചു. മുകൾനിലയിലുള്ള ഫ്രണ്ട് ഓഫിസ് താഴത്തെ നിലയിലേക്ക് മാറ്റാൻ കഴിയില്ലെന്നും താഴെ നിലയിലെത്തുന്ന ഭിന്നശേഷിക്കാർക്ക് മുകൾനിലയിൽ ബന്ധപ്പെടുന്നതിന് ബെൽ സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ബെല്ലടിച്ചാൽ ആരും തിരിഞ്ഞുനോക്കാറില്ലെന്നും ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന ബെല്ലിൽ എത്തിപ്പിടിക്കാൻ പ്രയാസമാണെന്നും പരാതിക്കാരൻ കമീഷനെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.