തണൽ ഡയാലിസിസ് ഏർലി ഇൻറർവെൻഷൻ സെൻറർ നാലാം വാർഷികം ആഘോഷിക്കുന്നു
text_fieldsകൊടുവള്ളി: വൃക്കരോഗം പിടിപെട്ട് തുടർചികിത്സയും ഡയാലിസിസും ചെയ്യാൻ സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്നവർക്ക് തണലായി കൊടുവള്ളിയിൽ ആരംഭിച്ച തണൽ ഡയാലിസിസ് ഏർലി ഇന്റർവെൻഷൻ സെന്ററിൽ ഇതുവരെ 30000 ഡയാലിസിസ് പൂർത്തിയാക്കി. കൊടുവള്ളി സിറാജ് ബൈപാസ് റോഡിലെ സിറാജ് കെട്ടിടത്തിൽ 1500 സ്ക്വയർഫീറ്റിൽ 10 ബെഡുകളോടുകൂടി ആധുനിക സൗകര്യങ്ങളോടെയാണ് ഡയാലിസിസ് സെന്റർ പ്രവർത്തിച്ചിരുന്നത്.
ജനനം മുതലുള്ള കുട്ടികളിലെ വൈകല്യ സാധ്യതകളും കാരണങ്ങളും നേരത്തേ കണ്ടെത്തി ആവശ്യമായ ചികിത്സനൽകി വൈകല്യങ്ങളുടെ തോത് കുറച്ച് കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് തണലിൽ ഏർലി ഇന്റർവെൻഷൻ കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്.
ഇതുവരെ 82 പേർക്ക് ഡയാലിസിസ് ചെയ്തു നൽകി. ഇതിൽ 16 പേർ മരണപ്പെട്ടു. ഏഴുപേർ വൃക്ക മാറ്റിവെക്കലിന് വിധേയമായി. ഇപ്പോൾ 60 രോഗികളുണ്ട്. മൂന്ന് ഷിഫ്റ്റുകളായിട്ടാണ് പ്രവർത്തിക്കുന്നത്. ഡയാലിസിസ് കേന്ദ്രത്തിൽ 17 സ്റ്റാഫുകളുണ്ട്. ഭിന്നശേഷി പുനരധിവാസ നിർണയകേന്ദ്രം ഫിസിയോ, സ്പീച്ച്, സൈക്കോ ഒക്കുപേഷൻ സ്പെഷൽ എജുക്കേഷൻ എന്നീ തെറപ്പികൾ നടന്നുവരുന്നുണ്ട്. ദിവസവും അരലക്ഷം രൂപയിലധികമാണ് ചെലവ് വരുന്നത്.
തണലിൽ 85 ഭിന്നശേഷി കുട്ടികളാണ് ചികിത്സക്കും പരിശീലനത്തിനുമായി എത്തുന്നത്. വാർഷികോപഹാരമായി സെന്ററിനായി പുതുതായി വാങ്ങിയ സ്ഥലത്ത് ആധുനിക നിലവാരത്തിലുള്ള ഫിസിയോതെറപ്പി യൂനിറ്റും സ്പെഷൻ സ്കൂളും ആരംഭിക്കുന്നതിനുള്ള പ്രവൃത്തികൾക്ക് തുടക്കമിട്ടതായി ഭാരവാഹികൾ പറഞ്ഞു. തണലിന്റെ നാലാം വാർഷികം ജനുവരി 26, 27 തീയതികളിലാണ് നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.