ലഹരിസംഘം സഞ്ചരിച്ച കാർ താഴ്ചയിലേക്ക് മറിഞ്ഞു
text_fieldsകൊടുവള്ളി: കിഴക്കോത്ത് ആവിലോറയിൽ മയക്കുമരുന്ന് വിൽപന സംഘം സഞ്ചരിച്ച ആഡംബര കാർ താഴ്ചയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ടു പേരിൽ ഒരാൾ പൊലീസിന്റെ പിടിയിലായി. ഒരാൾ രക്ഷപ്പെട്ടു. ഇവരിൽനിന്ന് 3.25 ഗ്രാം എം.ഡി.എം.എ ലഹരിമരുന്ന് പിടിച്ചെടുത്തു. ആവിലോറ പാറക്കണ്ടി മുക്ക് പള്ളിക്ക് സമീപം ശനിയാഴ്ച പുലർച്ച രണ്ടരക്കാണ് സംഭവം.
വെഴുപ്പൂർ ചുണ്ടക്കുന്നുമ്മൽ അരവിന്ദ് (20) ആണ് പൊലീസ് പിടിയിലായത്. കാറിലുണ്ടായിരുന്ന കത്തറമ്മൽ പുത്തൻ പീടികയിൽ ഹബീബ് റഹ്മാൻ (42)പൊലീസ് വാഹനം പരിശോധിക്കുന്നതിനിടെ ഓടിരക്ഷപ്പെട്ടു.
റോഡിന് നടുവിൽ ഗതാഗതം തടസ്സപ്പെടുത്തി നിർത്തിയ ലഹരിസംഘത്തിന്റെ കാർ മാറ്റാൻ ഇതുവഴി വന്ന പ്രദേശവാസിയായ കാർ യാത്രികൻ ആവശ്യപ്പെട്ടെങ്കിലും മാറ്റിയിരുന്നില്ല. നാട്ടുകാരെ വിവരമറിയിച്ച് മറ്റൊരു വഴിക്ക് വന്നപ്പോഴേക്കും കാർ അപ്രത്യക്ഷമായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് കെ.എൽ 57 എൻ 6067 നമ്പർ ബെൻസ് കാർ നിയന്ത്രണം വിട്ട് താഴ്ചയിലുള്ള സമീപത്തെ വീട്ടുമുറ്റത്തേക്ക് മറിഞ്ഞനിലയിൽ കണ്ടെത്തിയത്. കാറിൽ കണ്ട രണ്ടുപേർ ലഹരിയിൽ അബോധാവസ്ഥയിലായിരുന്നു.
ഇവർ ഉണർന്ന് കാറിൽ പരിശോധിക്കുന്നതുകണ്ട് സംശയം തോന്നിയ നാട്ടുകാർ നോക്കിയപ്പോഴാണ് മയക്കുമരുന്ന്, ഇലക്ട്രിക് തുലാസ്, കവറുകൾ എന്നിവ കണ്ടെത്തിയത്. നാട്ടുകാർ ഇവരെ പിടികൂടി കൊടുവള്ളി പൊലീസിന് കൈമാറുകയായിരുന്നു.
കാറിൽനിന്ന് ഒരു പൊതി ഇവർ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. കൊടുവള്ളി എസ്.ഐ അനൂപ് അരീക്കരയുടെ നേതൃത്വത്തിൽ പുറത്തും കാറിലും നടത്തിയ പരിശോധനയിൽ കവറിലാക്കി പുറത്തേക്ക് വലിച്ചെറിഞ്ഞതും പഴ്സിൽ ഒളിപ്പിച്ചതുമായ 3.25 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
പൊലീസ് കാർ പരിശോധിക്കുന്നതിനിടെ സംഘത്തിലുള്ള ഹബീബ് റഹ്മാൻ തന്ത്രപരമായി ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കുവേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. അരവിന്ദിനെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.