വരണ്ടുണങ്ങുന്നു നാട്; നാട്ടിൻപുറങ്ങൾ ജലക്ഷാമത്തിലേക്ക്
text_fieldsകൊടുവള്ളി: പ്രധാന ജലസ്രോതസ്സുകളായ പുഴകളും തോടുകളുമെല്ലാം വറ്റിവരണ്ടതോടെ നാട്ടിൻപുറങ്ങൾ കടുത്ത ജലക്ഷാമത്തിലേക്ക്. കോഴിക്കോട് നഗരത്തിലേക്ക് ഉൾപ്പെടെയുള്ള ശുദ്ധജലം എത്തിക്കുന്ന കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്ന പൂനൂർ പുഴ നീരൊഴുക്ക് നിലച്ച് വറ്റിവരണ്ടത് ആശങ്കക്കിടയാക്കിയുണ്ട്.
കൊടുവള്ളി നഗരസഭയടക്കം 14 പഞ്ചായത്തുകളുടെയും പ്രധാന ജലസ്രോതസ്സാണ് പൂനൂർ പുഴ. ചെറുതും വലുതുമായ അമ്പതോളം കുടിവെള്ള പദ്ധതികളുടെ കിണറുകൾ പ്രവർത്തിക്കുന്നത് പൂനൂർ പുഴയോരത്താണ്.
വേനൽക്കാലത്ത് ജലലഭ്യത ഉറപ്പുവരുത്താനും കൃഷി ആവശ്യങ്ങൾക്കുമായി പുഴക്ക് കുറുകെ സ്ഥാപിക്കപ്പെട്ട തടയണകൾ മിക്കതും തകർന്ന് ഉപയോഗയോഗ്യമല്ലാതാവുകയും ചെയ്തു. അവശേഷിക്കുന്ന തടയണകളിൽ വെള്ളം വറ്റിയ നിലയിലാണ്.
താൽക്കാലിക തടയണകൾ സ്ഥാപിച്ച് പുഴയിൽ വെള്ളം തടഞ്ഞുനിർത്തിയാണ് കുടിവെള്ള പദ്ധതികൾ പ്രവർത്തിപ്പിക്കുന്നത്. വെള്ളത്തിന്റെ ലഭ്യത കുറഞ്ഞതോടെ കുടിവെള്ള പദ്ധതികളിലെ ജലവിതരണം ചുരുക്കിയിട്ടുണ്ട്. കിഴക്കോത്ത് പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ ചെറ്റക്കടവ്-കുളരാന്തിരി-ആവിലോറ തോടും പൂർണമായും വറ്റി.
കൃഷി ആവശ്യങ്ങൾക്കും മറ്റുമായി സ്ഥാപിക്കപ്പെട്ട തടയണകൾ മിക്കവയും തകർന്ന നിലയിലുമാണ്. കിണറുകളിലെ ജലവിതാനവും ക്രമാതീതമായി താഴ്ന്ന നിലയിലാണ്. ചെറുപുഴയിലെയും നീരൊഴുക്കുനിലച്ചതോടെ വിവിധ കടവുകളിൽ വെള്ളം വറ്റിയ നിലയിലാണ്.
ആർ.ഇ.സി.എൻ.ഐ.ടി.യിലേക്കും, വാട്ടർ അതോറിറ്റിയുടേയും പ്രധാന കുടിവെള്ള പദ്ധതികളുടെ കിണറുകൾ പ്രവർത്തിക്കുന്നത് ചെറുപുഴയിലാണ്. ബനാട്ടിൻപുറങ്ങളിൽ വീടുകളിലെ കിണറുകൾ മുൻകാലങ്ങളിലേതിനേക്കാൾ വറ്റിയിട്ടുണ്ട്.
പുഴകളിലും തോടുകളിലും വേനൽ കനക്കുംമുമ്പ് താൽക്കാലിക തടയണകൾ സ്ഥാപിക്കണമെന്ന നിർദേശം പഞ്ചായത്തുകൾക്ക് ലഭിച്ചെങ്കിലും നടപടികൾ ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.