കണ്ടാല മലയിലെ മാലിന്യം നഗരസഭ നീക്കംചെയ്തു തുടങ്ങി
text_fieldsകൊടുവള്ളി: കണ്ടാല മലയിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ അലക്ഷ്യമായി സംഭരിച്ചിരുന്ന അജൈവമാലിന്യങ്ങൾ നഗരസഭ വ്യാഴാഴ്ച നീക്കംചെയ്തു തുടങ്ങി.
കണ്ടാല മലയിലെ മാലിന്യക്കൂമ്പാരങ്ങൾ പ്രദേശവാസികൾക്ക് ദുരിതമാകുന്നത് സംബന്ധിച്ച് 'മാധ്യമം' വ്യാഴാഴ്ച വാർത്ത നൽകിയിരുന്നു. ഇതേത്തുടർന്നാണ് നഗരസഭ അധികൃതർ മുഴുവൻ കണ്ടിജന്റ് ജീവനക്കാരെയും ഉപയോഗപ്പെടുത്തി പരിസരം വൃത്തിയാക്കുകയും മാലിന്യങ്ങൾ നീക്കംചെയ്തുതുടങ്ങുകയും ചെയ്തത്.
നഗരസഭയുടെ വിവിധ ഭാഗങ്ങളിൽനിന്നും ഹരിതകർമ സേന അംഗങ്ങൾ ശേഖരിച്ച് കൊണ്ടുവരുന്ന അജൈവ മാലിന്യങ്ങളാണ് കണ്ടാലമലയിൽ പ്ലാസ്റ്റിക് ഷെഡിങ് യൂനിറ്റിനോട് ചേർന്ന് സംഭരിച്ചിരുന്നത്. കണ്ടാലമലയിൽ അഞ്ചു ലക്ഷത്തോളം ചെലവഴിച്ച് പ്ലാസ്റ്റിക് ഷെഡിങ് യൂനിറ്റ് നിർമിച്ചെങ്കിലും പ്രദേശം മാലിന്യനിക്ഷേപ കേന്ദ്രമായി മാറിയതോടെ സമീപവാസികൾ പ്രയാസമനുഭവിച്ചുവരുകയായിരുന്നു.
അജൈവ മാലിന്യങ്ങൾ ശേഖരിച്ചുവെക്കുന്നതിന് നഗരസഭയിൽ മറ്റു സ്ഥലങ്ങൾ ഇല്ലാത്തതിനാൽ കണ്ടാല മലയിലേക്ക് എത്തിക്കുകയായിരുന്നു. ഇവ കയറ്റിക്കൊണ്ടുപോകുന്നതിന് ടെൻഡർ എടുത്ത സ്ഥാപനം മാലിന്യം നീക്കംചെയ്യുന്നത് വൈകിയതാണ് പ്രദേശത്ത് മാലിന്യം കുമിഞ്ഞുകൂടാൻ കാരണമായതെന്നാണ് നഗരസഭ അധികൃതർ പറയുന്നത്.
ഒരാഴ്ചക്കകം ഇവ പൂർണമായും സ്ഥാപന ഉടമകൾ നീക്കംചെയ്യുമെന്ന് ചെയർമാൻ അബ്ദു വെള്ളറ പറഞ്ഞു.
മാർച്ച് അവസാനത്തോടെ കണ്ടാല മല മാലിന്യ സംസ്കരണ പ്ലാന്റ് പൂർണതോതിൽ പ്രവർത്തനക്ഷമമാകുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.