കൊടുവള്ളി സാംസ്‌കാരിക നിലയത്തിന് കാത്തിരിപ്പ് തുടരുന്നു
text_fieldsകൊടുവള്ളി: സാംസ്‌കാരിക നിലയത്തിനായുള്ള കൊടുവള്ളിക്കാരുടെ കാത്തിരിപ്പ് നീളുന്നു. ഏഴ് ദശാബ്ദങ്ങൾക്കു മുമ്പ് പഴയ രജിസ്ട്രാർ ഓഫിസ് പരിസരത്ത് മറിവീട്ടിൽ കൃഷ്ണൻകുട്ടി നായരുടെ സ്ഥലത്ത് ഗാന്ധിജി സ്മാരക വായനശാലയുണ്ടായിരുന്നു. ലൈബ്രറിക്കും വായനശാലക്കും പ്രത്യേക സൗകര്യങ്ങളോടെ സ്ഥാപിച്ച ഒരു കെട്ടിടത്തിലായിരുന്നു ഇത് പ്രവർത്തിച്ചിരുന്നത്.
കൊടുവള്ളിയിലെ സാംസ്‌കാരിക സദസ്സുകൾ ഇവിടെയായിരുന്നു നടന്നിരുന്നത്. കൃഷ്ണൻകുട്ടി നായർ സ്ഥലം കൈമാറിയതോടെ കെട്ടിടം പൊളിച്ചു. അതോടെ വായനശാലയും ലൈബ്രറിയും കൊടുവള്ളിക്ക് നഷ്ടപ്പെട്ടു. ഈ ലൈബ്രറിയിലുണ്ടായിരുന്ന അമൂല്യമായ നിരവധി പുസ്തതകങ്ങൾക്ക് എന്ത് സംഭവിച്ചുവെന്നതിന് ഇന്നും വ്യക്തതയില്ല.
1950- 55 കാലഘട്ടത്തിൽ കൊടുവള്ളി യു.പി സ്‌കൂൾ പ്രധാനാധ്യാപകനായിരുന്ന പി.പി. കൃഷ്ണൻ നായരുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിൽ ബുക്ക് ഡെലിവെറി സ്റ്റേഷൻ സ്ഥാപിച്ചിരുന്നു. കോഴിക്കോട് ലോക്കൽ ലൈബ്രറി അതോറിറ്റിയിൽനിന്ന് പുസ്തകങ്ങൾ വാങ്ങി ഇവിടെനിന്ന് വിതരണം ചെയ്തിരുന്നു.
കൃഷ്ണൻ നായർക്കുശേഷം ഇതിന്റെ ചുമതല പൊതുപ്രവർത്തകനായിരുന്ന പി.ടി. ആലിക്കുട്ടി ഹാജി ഏറ്റെടുക്കുകയും പഞ്ചായത്ത് ഓഫിസിന് തൊട്ടടുത്ത മുറിയിൽ പത്രങ്ങൾ വായിക്കാനുള്ള സൗകര്യം ഏർപ്പെടുത്തുകയും ചെയ്തു.
വർഷങ്ങൾക്കുശേഷം കൊടുവള്ളി അങ്ങാടിയിൽ ഉണ്ടായിരുന്ന 'പൗണ്ട് ആല' (അലഞ്ഞുതിരിയുന്ന പശുവിനെയും മറ്റും കെട്ടിയിടുന്ന സ്ഥലം) പൊളിച്ചുമാറ്റി അവിടെ ഗ്രാമപഞ്ചായത്ത് നിർമിച്ച ഒരു ചെറിയ കെട്ടിടത്തിന്റെ മുകൾഭാഗം വായനശാലക്കുവേണ്ടി അനുവദിച്ചു.
ഇപ്പോൾ പബ്ലിക് ലൈബ്രറി സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. നിലവിലുള്ള ലൈബ്രറിക്ക് ഗ്രന്ഥശാല സംഘത്തിന്റെയും ലോക്കൽ ലൈബ്രറി യൂനിയന്റെയും സഹായം ലഭിക്കുന്നുണ്ടെങ്കിലും കൊച്ചുമുറിയിൽ ഒതുങ്ങിക്കിടക്കുകയാണ്. എം.പിയുടെ ഫണ്ടുപയോഗിച്ച് സാംസ്‌കാരിക നിലയത്തിനുവേണ്ടി നിർമിച്ച നല്ലൊരു കെട്ടിടം കൊടുവള്ളിയുടെ ഹൃദയഭാഗത്തുണ്ട്.
സ്കിൽ ഡെവലപ്മെന്റ് സെന്ററായി ഇത് പ്രവർത്തിച്ചെങ്കിലും അടച്ചുപൂട്ടി. കെട്ടിടം സാംസ്കാരിക കേന്ദ്രമായി മാറ്റാനുള്ള ശ്രമമൊന്നും ആരുടെ ഭാഗത്തുനിന്നും നടന്നില്ല. 'സാംസ്‌കാരിക നിലയം' എന്ന ബോർഡ് പോലും മാറ്റി. കൊടുവള്ളി സി.ഐ ഓഫിസ് കുറച്ചു കാലം ഇവിടെയായിരുന്നു.
നഗരസഭ ആരോഗ്യ വിഭാഗത്തിന്റെയും ജനമൈത്രി പൊലീസിന്റെയും ഓഫിസുകളാണ് ഇപ്പോഴിവിടെ പ്രവർത്തിക്കുന്നത്. സാംസ്‌കാരിക നിലയം പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യം വീണ്ടും സജീവമായിരിക്കുകയാണ്.
ജനകീയ വായന പ്രതിഷേധം 14ന്
സാംസ്കാരിക നിലയം സ്ഥാപിക്കുന്ന കാര്യത്തിൽ നഗരസഭ കാണിക്കുന്ന അവഗണനക്കെതിരെ 14ന് രാവിലെ 10 മുതൽ വൈകീട്ട് നാലുമണി വരെ നഗരസഭ ഓഫിസിനു മുന്നിൽ ജനകീയ വായന പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ജനകീയ സമിതി ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.