കൊടക്കാട്ട് കണ്ടിക്കടവിലെ ഭിത്തി പൊളിച്ചുതുടങ്ങി
text_fieldsകൊടുവള്ളി: ചെറുപുഴയിൽ മാനിപുരം പാലത്തിനുതാഴെ കൊടക്കാട്ട് കണ്ടിക്കടവിൽ തടയണക്കുസമീപം നിർമിച്ച കരിങ്കൽ ഭിത്തി പൊളിച്ചുമാറ്റിത്തുടങ്ങി. അശാസ്ത്രീയമായി പുഴയിൽ മൺതിട്ടയോടുചേർന്ന് നിർമിച്ച ഭിത്തി പുഴ ഗതിമാറിയൊഴുകുന്നതിന് കാരണമായിരുന്നു.
ഇതോടെ ഈ ഭാഗത്തെ പുഴയോര ഭൂമികൾ ഇടിയുന്നതിനും വർഷകാലത്ത് തൃപ്പൊയിൽ ഭാഗത്തെ 25ൽപരം വീടുകളിൽ വെള്ളം കയറുന്നതിനും കൃഷിവിളകൾ നശിക്കുന്നതിനും കാരണമായിത്തീർന്നിരുന്നു. ഇതുസംബന്ധിച്ച് ‘മാധ്യമം’ നേരത്തെ വാർത്ത നൽകിയിരുന്നു.
15 വർഷംമുമ്പ് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ചാണ് പുഴയിൽ സംരക്ഷണഭിത്തി നിർമിച്ചത്. ഇത് കളിക്കളമായും ഉപയോഗിച്ചിരുന്നു. ഭിത്തി നിർമിച്ചതോടെ ഈ ഭാഗത്ത് പുഴയുടെ വീതികുറഞ്ഞ് നീരൊഴുക്കിന് തടസ്സമാവുകയാണുണ്ടായത്.
ഈ ഭാഗത്ത് തെക്ക് ദിശയിലുള്ള പുഴ പടിഞ്ഞാറേ ഭാഗത്തേക്ക് മാത്രം ചുരുങ്ങിയതിനാൽ അതിനോടുചേർന്നുള്ള കൃഷിസ്ഥലങ്ങൾ പുഴയെടുത്ത് ഇല്ലാതാവുകയും കിഴക്കുഭാഗത്ത് പ്രദേശവാസികൾക്ക് ഭീഷണിയായി പുതിയ മൺതിട്ടകൾ ഉയർന്നുവരുകയും ചെയ്തു.
കഴിഞ്ഞ വർഷങ്ങളിലെ രൂക്ഷമായ പ്രളയം മൂലം പുഴയോടുചേർന്ന് താമസിക്കുന്നവരുടെ വീടുകളിൽ വെള്ളം കയറുകയും കുടുംബങ്ങൾ ദിവസങ്ങളോളം മാറിത്താമസിക്കുകയും ചെയ്തു.
‘മാധ്യമം’ വാർത്തയെത്തുടർന്ന്, വരും വർഷങ്ങളിലുണ്ടാവാൻ സാധ്യതയുള്ള പ്രളയക്കെടുതികളിൽനിന്ന് സംരക്ഷണം നൽകാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളും പശ്ചിമഘട്ട പുഴ സംരക്ഷണ സമിതി ചെയർമാൻ പി.എച്ച്. ത്വാഹയും ജില്ല കലക്ടർ, റവന്യൂ വകുപ്പ്, പഞ്ചായത്ത്, നഗരസഭ എന്നിവർക്ക് പരാതി നൽകുകയായിരുന്നു.
ഇതിനെത്തുടർന്ന് പ്രസ്തുത സ്ഥലം സംയുക്ത പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനായി നഗരസഭ സെക്രട്ടറി, മേജർ ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ, ജില്ല മണ്ണ് പര്യവേക്ഷണ ഓഫിസർ, ടൗൺ പ്ലാനർ എന്നിവരുടെ കമ്മിറ്റി രൂപവത്കരിച്ച് കലക്ടർ ഉത്തരവിടുകയായിരുന്നു.
ഗ്രൗണ്ട് പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതായും പുഴയുടെ അപ്പർ സ്ട്രീമിലുള്ള വീതി ഡൗൺസ്ട്രീമിലും ലഭിക്കുന്നതിനായി ഗ്രൗണ്ടിലുള്ള മണ്ണ് നീക്കം ചെയ്ത് സ്വാഭാവിക ഒഴുക്ക് പുനഃസ്ഥാപിക്കുകയും ചെയ്താൽ മാത്രമേ കാലവർഷത്തിൽ വെള്ളപ്പൊക്കം തടയാൻ കഴിയുകയുള്ളൂവെന്ന് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വെള്ളപ്പൊക്കം തടയുന്നതിനായി കാലവർഷത്തിന് മുന്നോടിയായി ഗ്രൗണ്ടിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിന് നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തിക്കൊണ്ടും ഉത്തരവായിരുന്നു.
അംഗീകൃത അക്രെഡിറ്റഡ് ഏജൻസി മുഖേന പ്രവൃത്തി നടപ്പാക്കുന്നതിനും സെക്രട്ടറിക്ക് കലക്ടർ അനുമതി നൽകി. പ്രവൃത്തി നിയന്ത്രിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമായി സെക്രട്ടറി, ചെയർമാൻ, കൊടുവള്ളി വില്ലേജ് ഓഫിസർ, അസി. എക്സിക്യൂട്ടിവ് എൻജിനീയർ, മേജർ ഇറിഗേഷൻ ഡിവിഷൻ എന്നിവരുടെ കമ്മിറ്റി രൂപവത്കരിച്ചും ഉത്തരവായിരുന്നു. അതിൻപ്രകാരം ഗ്രൗണ്ടിലെ മണ്ണും മറ്റു വേസ്റ്റ് സാധനങ്ങളും എടുത്തുമാറ്റുന്ന ജോലികളാണ് ഇന്നലെ ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.