അപകടമേഖലയായി വാവാട്
text_fieldsകൊടുവള്ളി: സ്ഥിരം വാഹനാപകട മേഖലയായ ദേശീയപാത 766ൽ വാവാട്ട് അപകടഭീഷണി ഒഴിവാക്കാൻ നടപടി വേണമെന്ന അവശ്യം ശക്തമായി. ആലിൻചുവടിനും മണ്ണിൽ കടവിനും ഇടയിലുള്ള പ്രദേശത്ത് ഒട്ടേറെ അപകടങ്ങളാണ് നടന്നത്. നൂറിൽപരം ആളുകൾക്ക് അപകടങ്ങളിൽ ജീവൻ നഷ്ടമായി.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ നാട്ടുകാരായ രണ്ട് കാൽനടയാത്രികർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. തിങ്കളാഴ്ച രാത്രി വാവാട് ഇരുമോത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് തട്ടിയുണ്ടായ അപകടത്തിൽ പരിക്കേറ്റ പുൽകുഴിയിൽ ഖാസിമാണ് (63) അവസാനമായി മരിച്ചത്.
ജനുവരി 16ന് രാവിലെ വാവാട് ടൗണിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാൽനടയാത്രക്കാരനായ വാവാട് നയന വീട്ടിൽ സദാനന്ദൻ (69) ബൈക്ക് തട്ടി പരിക്കേറ്റ് മരിച്ചു. 2023 ഒക്ടോബറിൽമാത്രം മൂന്ന് അപകടങ്ങളിലായി ഒരുകുടുംബത്തിലെ രണ്ട് സഹോദരിമാരടക്കം മൂന്നുപേർ മരിക്കുകയും ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
തുടർച്ചയായ അപകടങ്ങളെ തുടർന്ന് എട്ട് വർഷം മുമ്പ് വാവാട്ട് റോഡിലെ കയറ്റം കുറച്ച് റോഡ് നവീകരിച്ചിരുന്നു. എന്നാൽ, നടപ്പാത ഉൾപ്പെടെ സംവിധാനം ഒരുക്കിയിരുന്നില്ല.
വേഗനിയന്ത്രണ സംവിധാനങ്ങളും ഇവിടെയില്ല. സർക്കാർ ആശുപത്രി, സിവിൽ സപ്ലൈസ് ഗോഡൗൺ, വില്ലേജ് ഓഫിസ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുന്ന വാവാട്ട് ദിവസവും വിദ്യാർഥികളടക്കം നിരവധി ആളുകളാണ് വന്നുപോകുന്നത്.
അപകട ഭീഷണിയായി മരക്കുറ്റി
കൊടുവള്ളി: ദേശീയപാതയിൽ വാവാട് ഇരുമോത്ത് സിറാജുദ്ദീൻ ഹയർ സെക്കൻഡറി മദ്റസക്ക് മുൻവശം നീക്കം ചെയ്യാത്ത മരക്കുറ്റി അപകട ഭീഷണി ഉയർത്തുന്നു. വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായ മരം നിരന്തരമായ പരാതിയെതുടർന്ന് അധികൃതർ മുറിച്ചു നീക്കുകയായിരുന്നു. എന്നാൽ, മരം മുറിച്ച് ഒരുവർഷമായിട്ടും റോഡിലേക്ക് തള്ളിനിന്ന് അപകട ഭീഷണി ഉയർത്തുന്ന മരക്കുറ്റിയും വേരും ദേശീയപാത അധികൃതർ നീക്കം ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.