വാവാട് കണ്ടാല മലയിടിക്കൽ; പ്രവൃത്തി നിർത്തിവെക്കാൻ നോട്ടിസ്
text_fieldsകൊടുവള്ളി: നഗരസഭയിലെ വാവാട് വില്ലേജ് ഓഫിസ് പരിധിയിലെ കണ്ടാലമല ഇടിച്ച് നിരത്തുന്നത് തടഞ്ഞ് നഗരസഭ സെക്രട്ടറിയും വാവാട് വില്ലേജ് ഓഫിസറും ഭൂമി ഉടമകൾക്ക് നോട്ടീസ് നൽകി. 16/88 ( 16 2 സി) റീസർവേ നമ്പറിലുള്ള സ്ഥലത്ത് സ്വകാര്യ കെട്ടിട നിർമാണത്തിനാണ് എസ്കവേറ്റർ ഉപയോഗിച്ച് ദിവസങ്ങളായി മലയിടിച്ച് നിരത്തുന്നത്. ഒരേക്കറോളം ഭൂമിയാണ് മരങ്ങൾ വെട്ടിമാറ്റിമണ്ണ് നികത്തിയത്.
വാവാട് സെൻറർ പുരക്കെട്ടിൽ, ജൂബിലി കോളനിവാസികൾക്കുംമല താഴ്വാരങ്ങളിലെ കുടുംബങ്ങൾക്കും മലയിടിച്ച് നിരത്തൽ കുടി വെള്ളപ്രശ്നത്തിനും അപകടങ്ങൾക്കും കാരണമാകുന്നതായി കാണിച്ച് നാട്ടുകാർ രംഗത്ത് വന്നിരുന്നു. താമരശ്ശേരി താലൂക്ക് താഹസിൽദാർ, വാവാട് വില്ലേജ് ഓഫിസർ, കൊടുവള്ളി നഗരസഭ, മൈനിങ് ആൻഡ് ജിയോളജി വകുപ്പ് എന്നിവർക്ക് പരാതി നൽകുകയും ചെയ്തു. കഴിഞ്ഞ വർഷകാലങ്ങളിൽ പുരക്കെട്ടിൽ, ഉറുവാംകുണ്ട് ഭാഗങ്ങളിൽ ഉരുൾപൊട്ടലുണ്ടായിരുന്നു. മലമുകളിലെ പ്രവൃത്തികൾ പരിസ്ഥിതി ആഘാതത്തിനിടയാക്കുമെന്നും നാട്ടുകാർ പരാതിപ്പെടുന്നു. താമരശ്ശേരി താലൂക്ക് തഹസിൽദാർ, കൊടുവള്ളി നഗരസഭ സെക്രട്ടറി, വാവാട് വില്ലേജ് ഓഫിസർ, കൗൺസിലർമാർ എന്നിവർ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചു. പ്രദേശത്ത് കെട്ടിട നിർമാണത്തിന് നഗരസഭ അനുമതി നൽകാത്ത സാഹചര്യത്തിൽ പ്രവൃത്തികൾ നിർത്തിവെക്കാൻ നഗരസഭ സെക്രട്ടറി കത്ത് നൽകി.
മല മുകളിൽനിന്ന് മണ്ണെടുക്കാൻ റവന്യൂ വകുപ്പിൽനിന്ന് അനുമതി നൽകിയിട്ടില്ലെന്നും ബുധനാഴ്ച ഉടമകൾക്ക് പ്രവൃത്തികൾ നിർത്തിവെക്കാൻ നോട്ടീസ് നൽകിയതായും വാവാട് വില്ലേജ് ഓഫിസർ പറഞ്ഞു. മലയിടിക്കൽ സംബന്ധിച്ച് താമരശ്ശേരി തഹസിൽദാർക്ക് റിപ്പോർട്ട് നൽകിയതായും വില്ലേജ് ഓഫിസർ 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.