വാവാട് അർബൻ ഹെൽത്ത് വെൽനസ് സെന്റർ; ഡോക്ടർക്ക് അധിക ചുമതല പ്രവർത്തനം മൂന്നു ദിവസമാക്കി
text_fieldsകൊടുവള്ളി: വാവാട് അർബൻ ഹെൽത്ത് വെൽനസ് സെന്റർ പ്രവർത്തനം ആഴ്ചയിൽ മൂന്നു ദിവസമായി വെട്ടിച്ചുരുക്കി. സമീപ പഞ്ചായത്തുകളിൽ നിന്നടക്കം പ്രതിദിനം ഇരുനൂറോളം രോഗികൾ ചികിത്സ തേടിയെത്തുന്ന സെന്ററിൽ ആകെയുണ്ടായിരുന്ന ഡോക്ടർക്ക് ആഴ്ചയിൽ മൂന്നു ദിവസം കോട്ടൂളി അർബൻ ഹെൽത്ത് വെൽനസ് സെന്ററിൽകൂടി അധിക ചുമതല നൽകിയതാണ് മൂന്നു ദിവസത്തെ പ്രവർത്തനം നിർത്തിവെക്കാൻ കാരണമായത്.
ധനകാര്യ കമീഷൻ ഗ്രാന്റ് ഉപയോഗിച്ച് നാഷനൽ ഹെൽത്ത് മിഷന്റെ സഹകരണത്തോടെ നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2023 ഡിസംബറിലാണ് സെന്റർ പ്രവർത്തനം തുടങ്ങിയത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ മാത്രമേ സെന്റർ പ്രവർത്തിക്കൂവെന്നാണ് എൻ.എച്ച്.എം ജില്ല പ്രോഗ്രാം മാനേജറുടെ ഉത്തരവിൽ പറയുന്നത്.
വാവാട് അങ്ങാടിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുൻവശത്തുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടം വാടകക്കെടുത്താണ് സെന്റർ പ്രവർത്തിക്കുന്നത്. മെഡിക്കൽ ഓഫിസർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ശുചീകരണ തൊഴിലാളി എന്നിവരുടെ സേവനമാണ് ഇവിടെ ലഭ്യമായിരുന്നത്. എല്ലാ ദിവസവും ഉച്ചക്ക് ഒന്നു മുതൽ രാത്രി ഏഴു വരെയാണ് സെന്റർ പ്രവർത്തിക്കുന്നത്.
നിലവിൽ നഴ്സ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിൽ ജീവനക്കാരെ നിയമിക്കാത്തതിനാലും ആവശ്യമായ മരുന്നുകൾ ഇല്ലാത്തതിനാലും സെന്റർ വളരെ പ്രയാസത്തിലാണ് പ്രവർത്തിക്കുന്നത്.
പാവപ്പെട്ട രോഗികൾക്ക് ആശ്വാസകരമായ ആരോഗ്യകേന്ദ്രം ഭാഗികമായി അടച്ചുപൂട്ടുന്ന ഉത്തരവ് പിൻവലിക്കണമെന്നും ഒഴിവുള്ള തസ്തികയിൽ ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുന്നതിന് നടപടികൾ ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് ജില്ല കലക്ടർക്ക് പരാതി നൽകിയതായി നഗരസഭ ചെയർമാൻ അബ്ദു വെള്ളറ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.