മാലിന്യസംസ്കരണ പ്ലാന്റ് പ്രവർത്തനമാരംഭിച്ചില്ല; കണ്ടാലമലയിലെ മാലിന്യക്കൂമ്പാരം ദുരിതമാകുന്നതായി പരാതി
text_fieldsകൊടുവള്ളി: കണ്ടാലമലയിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള രണ്ടേക്കർ സ്ഥലത്ത് അഞ്ചു ലക്ഷത്തോളം ചെലവഴിച്ച് പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റ് നിർമിച്ചെങ്കിലും പ്രദേശം മാലിന്യനിക്ഷേപകേന്ദ്രമായി മാറിയത് സമീപവാസികൾക്ക് ദുരിതമായി.
നഗരസഭയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഹരിതകർമ സേനാംഗങ്ങൾ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങളാണ് കണ്ടാലമലയിൽ പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റിനോടു ചേർന്ന് സമാഹരിക്കുന്നത്. ഇത് മലയോടു ചേർന്ന ഭാഗമൊന്നാകെ അലക്ഷ്യമായി ഇട്ടിരിക്കുകയാണ്.
കണ്ടാലമലയുടെ മുകളിലും വശങ്ങളിലുമായി ഒട്ടേറെ കുടുംബങ്ങളുണ്ട്. നഗരസഭയുടെ മുഴുവൻ മാലിന്യങ്ങളും കണ്ടാലമലയുടെ മുകളിലാണ് കുമിഞ്ഞുകൂടുന്നത്. മൃഗങ്ങൾ വലിച്ചുകീറിയും പൊട്ടിച്ചും വികൃതമാക്കിയ അവശിഷ്ടങ്ങളിൽ ഒരുഭാഗം ഒലിച്ചിറങ്ങി ദുർഗന്ധം വമിച്ച് പുഴുക്കളുമായി നിറഞ്ഞു കിടക്കുന്നു.
മാലിന്യം ശേഖരിക്കാനും വേർതിരിച്ച് സംസ്കരിക്കാനും എന്ന പേരിൽ ലക്ഷങ്ങൾ മുടക്കി നഗരസഭ നിർമിച്ച കെട്ടിടവും സ്ഥാപിക്കുന്നതിനായി കൊണ്ടുവെച്ച മെഷിനറികളും തുരുമ്പെടുത്ത് നോക്കുകുത്തിയായി ക്കിടക്കുകയുമാണ്. മലയുടെ മുകളിലുള്ള മുപ്പതോളം കുടുംബങ്ങളാണ് ദുരിതത്തിന്റെ പ്രധാന ഇരകൾ. നടന്നുകയറാൻ പാകത്തിലുള്ള വഴിപോലുമില്ലാത്ത കുന്നിൻചരിവിൽ നിർമിച്ച കൊച്ചുകൂരകളിലാണ് ഇവരുടെ താമസം.
വാവാട് ഇരുമോത്തുനിന്ന് വിഷാരദ് എസ്റ്റേറ്റിന് സമീപത്തുകൂടി ഷ്രെഡിങ് യൂനിറ്റുവരെ നഗരസഭ കുത്തനെയുള്ള റോഡ് നിർമിച്ചിട്ടുണ്ട്.
നഗരസഭ റെസിഡൻഷ്യൽ ഐ.ടി.ഐ നിർമിക്കാൻ കണ്ടെത്തിയ സ്ഥലത്തോട് ചേർന്നുകിടക്കുന്ന ഈ മാലിന്യക്കൂമ്പാരം വരുത്തിവെക്കുന്ന ആരോഗ്യപ്രശ്നങ്ങൾ പ്രതിരോധിക്കാൻ മുൻകരുതലെടുത്തില്ലെങ്കിൽ രോഗങ്ങളുടെ പ്രഭവകേന്ദ്രമായി ഈ പ്രദേശം മാറും.
മാലിന്യപ്രശ്നത്തിന് പരിഹാരം കാണണം
കണ്ടാലമലയിൽ അജൈവ മാലിന്യങ്ങൾ സുരക്ഷിതമല്ലാത്ത രീതിയിൽ നഗരസഭ നിക്ഷേപിക്കുന്നത് പ്രദേശവാസികൾക്ക് ദുരിതമായി തീർന്നിട്ടുണ്ട്. മലിനജലം വീടുകളിലേക്ക് ഒഴുകിയെത്താനും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള വസ്തുക്കൾ പ്രദേശത്താകെ പരന്നുകിടക്കാനും കാരണമായിട്ടുണ്ട്.
ഇവ കിണറുകളിലും മറ്റും എത്തിപ്പെടുമെന്ന് ഭയപ്പെടുന്നു. പ്രശ്നങ്ങൾക്ക് പരിഹാരം തേടി നഗരസഭക്ക് പ്രദേശവാസികൾ ഒപ്പിട്ട പരാതി നൽകാനുള്ള തയാറെടുപ്പിലാണ്.
-വി.പി. റസാഖ് -പ്രദേശവാസി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.