ജലസ്രോതസ്സുകൾ വറ്റിവരളുന്നു; നാട്ടിൻപുറങ്ങൾ ജലക്ഷാമത്തിലേക്ക്
text_fieldsകൊടുവള്ളി: പ്രധാന ജലസ്രോതസ്സുകളായ പുഴകളും തോടുകളുമെല്ലാം ക്രമാതീതമായി നേരത്തേതന്നെ വറ്റിവരണ്ടതോടെ നാട്ടിൻപുറങ്ങൾ കടുത്ത ജലക്ഷാമത്തിലേക്ക്. കോഴിക്കോട് നഗരത്തിലേക്കുൾപ്പെടെയുള്ള ശുദ്ധജലമെത്തിക്കുന്ന കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്ന പൂനൂർ പുഴയിലെ നീരൊഴുക്ക് നിലച്ച് വറ്റിവരണ്ടത് ആശങ്കക്കിടയാക്കിയിട്ടുണ്ട്.
കൊടുവള്ളി നഗരസഭയുടെയും 13 പഞ്ചായത്തുകളുടെയും പ്രധാന ജലസ്രോതസ്സാണ് പുനൂർ പുഴ. ചെറുതും വലുതുമായ അമ്പതോളം കുടിവെള്ള പദ്ധതികളുടെ കിണറുകൾ പ്രവർത്തിക്കുന്നത് പുനൂർ പുഴയോരത്താണ്.
വേനൽകാലത്ത് ജലലഭ്യത ഉറപ്പുവരുത്താനും കൃഷി ആവശ്യങ്ങൾക്കുമായി പുഴക്കുകുറുകെ സ്ഥാപിക്കപ്പെട്ട തടയണകൾ മിക്കതും തകർന്ന് ഉപയോഗക്ഷമമല്ലാതാവുകയും ചെയ്തു. അവശേഷിക്കുന്ന തടയണകളിൽ വെള്ളം വറ്റിയ നിലയിലാണ്. താൽക്കാലിക തടയണകൾ സ്ഥാപിച്ച് പുഴയിൽ വെള്ളം തടഞ്ഞുനിർത്തിയാണ് കുടിവെള്ള പദ്ധതികൾ പ്രവർത്തിപ്പിക്കുന്നത്.
വെള്ളത്തിന്റെ ലഭ്യത കുറഞ്ഞതോടെ കുടിവെള്ള പദ്ധതികളിലെ ജലവിതരണം ചുരുക്കിയിട്ടുണ്ട്. വെള്ളം കരുതലോടെ ഉപയോഗിക്കേണ്ട അവസ്ഥയിലാണ്. കിഴക്കോത്ത് പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ ചെറ്റക്കടവ്-കുളരാന്തിരി-ആവിലോറ തോടും പൂർണമായും വറ്റിവരണ്ടു.
കൃഷി ആവശ്യങ്ങൾക്കും മറ്റുമായി സ്ഥാപിക്കപ്പെട്ട തടയണകൾ മിക്കവയും തകർന്ന നിലയിലുമാണ്. കിണറുകളിലെ ജലവിതാനവും ക്രമാതീതമായി താഴ്ന്ന നിലയിലാണ്. ചെറുപുഴയിലെയും നീരൊഴുക്ക് നിലച്ചതോടെ വിവിധ കടവുകളിൽ വെള്ളം വറ്റിയ നിലയിലാണ്. ആർ.ഇ.സി.എൻ.ഐ.ടി.യുടെയും ജല അതോറിറ്റിയുടെയും പ്രധാന കുടിവെള്ള പദ്ധതികളുടെ കിണറുകൾ പ്രവർത്തിക്കുന്നത് ചെറുപുഴയിലാണ്. വെള്ളം കുറയുന്നത് പമ്പിങ്ങിനെ ബാധിക്കുമെന്ന ആശങ്കയിലാണ് പദ്ധതി ഗുണഭോക്താക്കൾ.
മുൻവർഷങ്ങളിൽ ജലക്ഷാമം നേരിട്ട പ്രദേശങ്ങളിൽ പഞ്ചായത്തുകളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ വാഹനങ്ങളിൽ കുടിവെള്ളമെത്തിച്ച് നൽകിയിരുന്നു. പുഴകളിലും തോടുകളിലും വേനൽ കനക്കുംമുമ്പേ താൽക്കാലിക തടയണകൾ സ്ഥാപിക്കണമെന്ന നിർദേശം പഞ്ചായത്തുകൾക്ക് കഴിഞ്ഞ വർഷം ലഭിച്ചെങ്കിലും ഇത്തവണ അത്തരം നടപടികളുണ്ടായിട്ടില്ല. പുഴയുടെ വിവിധ ഭാഗങ്ങളിൽ മാലിന്യങ്ങൾ വന്നടഞ്ഞും കുറ്റിച്ചെടികൾ വളർന്നും പുഴയുടെ സ്വാഭാവികത നഷ്ടപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.