ക്രിസ്റ്റീന അമ്മച്ചീ, ഇതെന്തൊരു മാറ്റം! കാണാം ചെരിപ്പ് തുന്നലുകാരിയുടെ 'മേക്ക്ഓവർ' -Video
text_fieldsകൊടുവള്ളി: ടൗണിൽ പ്രസ് ക്ലബിന് താഴെ മരച്ചുവട്ടിലിരുന്ന് ചെരിപ്പ് തുന്നുന്ന 70കാരി ക്രിസ്റ്റീന അമ്മച്ചി ഇപ്പോൾ താരമാണ്. ഇവരുടെ മേക്ക്ഓവർ ഫോട്ടോ കണ്ടത് സമൂഹമാധ്യമങ്ങളിലെ ലക്ഷക്കണക്കിന് പേരാണ്.
ഫോട്ടോഗ്രാഫർ സുബാഷ് കൊടുവള്ളിയുടെ 'പോപ്പിൻ ആഡ് മാക്കർ' സ്ഥാപനമാണ് അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ക്രിസ്റ്റീനയെ അണിയിച്ചൊരുക്കാൻ തീരുമാനിച്ചത്.
സദാസമയവും മുറുക്കി തുപ്പി, താന്നിമരച്ചുവട്ടിലിരുന്ന് പരിചയമുള്ളവരോടെല്ലാം കുശലം പറഞ്ഞ് രാവിലെ മുതൽ വൈകീട്ടു വരെ ചെരിപ്പ് തുന്നി ജീവിതച്ചെലവ് കണ്ടെത്തുന്ന വയോധികയുടെ ചിത്രമാണ് അതുവരെ നാട്ടുകാരുടെ മനസ്സിലുണ്ടായിരുന്നത്.
പുതിയ ഫാഷനിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് ചെറുപ്പത്തിന്റെ തലയെടുപ്പിലുള്ള കിടിലൻ ലൂക്കിലുള്ള ഫോട്ടോ കണ്ട് നാട്ടുകാർ ആദ്യം ഞെട്ടി, പിന്നെ ഫേസ്ബുക്കിലെ കാഴ്ചക്കാരും.
'സുന്ദരിക്കുട്ടി' ക്രിസ്റ്റീന ചേച്ചിയാണെന് തിരിച്ചറിഞ്ഞതോടെ അഭിനന്ദനവുമായി നിരവധി പേരാണ് എത്തുന്നത്. സുബാഷ് കൊടുവള്ളിയുടെ ഭാര്യ വിബിനയാണ് ക്രിസ്റ്റീനക്ക് എല്ലാ പിന്തുണയും നൽകിയത്. സഹായികളായ ചിൻസ്, അബിനേഷും കൂടെയുണ്ടായിരുന്നു. താമരശ്ശേരിയിലെ എയ്ഞ്ചൽ ബ്യൂട്ടി പാർലറാണ് അണിയിച്ചൊരുക്കിയത്. അബോണി ക്ലോത്ത് മാർട്ടിന്റേതാണ് കോസ്റ്റ്യൂം.
തിരുവനന്തപുരം സ്വദേശിയായ ക്രിസ്റ്റീന 36 വർഷം മുമ്പാണ് കൊടുവള്ളിയിലെത്തിയത്. ആദ്യകാലങ്ങളിൽ കൂലിപ്പണിയായിരുന്നു. ചെരിപ്പ് തുന്നുന്ന പണി കണ്ട് പഠിച്ചതാണെന്ന് ക്രിസ്റ്റീന പറയുന്നു. രണ്ടു മക്കളുണ്ട്.
കൊടുവള്ളിയിൽ വാടക വീട്ടിലാണ് താമസം. നാട്ടുകാരുടെ സ്നേഹത്തണലിൽ ഇവിടെ തന്നെ കഴിയാനാണ് ആഗ്രഹം. അവസരം വന്നാൻ ഇനിയും മോഡൽ രംഗത്ത് വരുമെന്നും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.