ആര് ഉത്തരം നൽകും, മുഹമ്മദ് ശരീഫിന്റെ കുടുംബത്തിന്റെ കണ്ണുനീരിന്?
text_fieldsകൊടുവള്ളി: അധികൃതരുടെ തികഞ്ഞ അനാസ്ഥമൂലം ജീവൻ പൊലിയേണ്ടിവന്ന നാട്ടുകാരുടെ പ്രിയപ്പെട്ട മുഹമ്മദ് ശരീഫ് (38) മാസ്റ്ററുടെ കുടുംബം ചോദിക്കുന്നു ‘ഞങ്ങളുടെ തോരാത്ത കണ്ണുനീരിന് ആര് ഉത്തരം നൽകും?’ മത-രാഷ്ടീയ-പൊതു ഇടങ്ങളിൽ നിറഞ്ഞുനിന്നിരുന്ന, കുട്ടികൾ അതിരറ്റ് സ്നേഹിച്ചിരുന്ന മടവൂർ പുതുക്കുടി വീട്ടിൽ മുഹമ്മദ് ശരീഫ് ജോലിചെയ്യുന്ന ഉള്ള്യേരി എ.യു.പി സ്കൂളിലേക്കുള്ള യാത്രക്കിടെയാണ് ജൂൺ രണ്ടിന് രാവിലെ നന്മണ്ടയിലെ അമ്പലപൊയിലിൽവെച്ച് റോഡരികിലെ ഉണങ്ങിയ മരക്കൊമ്പ് ബൈക്കിന് മുകളിലേക്ക് പൊട്ടിവീണ് ബൈക്ക് നിയന്ത്രണം വിട്ടുമറിഞ്ഞ് അദ്ദേഹം മരിച്ചത്. തലേന്ന് ഉറക്കമിളച്ചിരുന്ന് സ്കൂളിലേക്കുള്ള ടൈംടേബിളും തയാറാക്കി മടവൂരില്‍നിന്നും ഉള്ള്യേരിയിലേക്ക് അതിരാവിലെ പോകവെയാണ് കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകന്റെ ദാരുണാന്ത്യം സംഭവിച്ചത്.
അപകടാവസ്ഥയിലായ മരം മുറിച്ചുമാറ്റാൻ നാട്ടുകാർ നിരവധിതവണ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടും നടപടിയില്ലാതെപോയതുമൂലം അധികാരികൾ ക്ഷണിച്ചുവരുത്തിയ അപകട മരണത്തിന് എന്ത് പ്രതിവിധിയാണ് സ്വീകരിക്കുകയെന്നാണ് ശരീഫ് മാസ്റ്ററുടെ ബന്ധുക്കൾ ചോദിക്കുന്നത്. സമാനമായ രീതിയിൽ ഒട്ടേറെ മരങ്ങൾ റോഡുകളിലേക്ക് ചാഞ്ഞു അപകടകരമായ രീതിയിൽ നിൽക്കുന്നുണ്ട്. ദേശീയപാത 766ൽ പാലക്കുറ്റിയിൽ കഴിഞ്ഞ വർഷം സമാനമായ രീതിയിൽ കൂറ്റൻ മരം പൊട്ടി വീണ് വലിയ ദുരന്തമാണ് ഒഴിവായത്. പൊതുമരാമത്ത്, റവന്യൂ, ദേശീയപാത, വനം വകുപ്പ് ഉദ്യോഗസ്ഥർ ഇനിയെങ്കിലും കണ്ണ് തുറക്കണമെന്ന് ആളുകൾ ആവശ്യപ്പെടുന്നു.
വിവിധ അപകട മരണങ്ങൾ പൊതുസമൂഹത്തിൽ ചർച്ച ചെയ്യപ്പെടുമ്പോൾ ശരീഫ് മാസ്റ്ററുടെ ദാരുണമായ വിടവാങ്ങല്‍ ചര്‍ച്ച ചെയ്യേണ്ടതായിരുന്നില്ലേ എന്നതും ചോദ്യമായി നിലനിൽക്കുകയാണ്. കല്ലായി ഗവ. യു.പി സ്കൂളിൽ അധ്യാപകനായിരുന്ന പിതാവ് അബൂബക്കർ 49ാം വയസ്സിലാണ് കിഡ്നി അസുഖബാധിതനായി മരിക്കുന്നത്. നാലു മക്കളിൽ മൂത്ത മകനായ ശരീഫ് പ്ലസ് ടുവിന് പഠിക്കുമ്പോഴായിരുന്നു പിതാവിന്റെ മരണം. കുടുംബത്തിന്റെ ആശ്രയമായിരുന്ന ശരീഫ് പഠനത്തോടൊപ്പം മത-സാമൂഹിക-സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുകയും സ്വീകാര്യത നേടിയെടുക്കുകയും ചെയ്തു. 2017ലാണ് സ്കൂളിൽ അധ്യാപകനായി സർക്കാർ ജോലിയിൽ പ്രവേശിച്ചത്.
മൂന്നു മക്കളും ഭാര്യയുമടങ്ങുന്നതാണ് ശരീഫിന്റെ കുടുംബം. ജോലിയില്‍ പ്രവേശിച്ച് ആറു വര്‍ഷം മാത്രം സര്‍വിസുള്ള ഇദ്ദേഹത്തിന് ആനുകൂല്യമായി പോലും കാര്യമായൊന്നും ലഭിക്കില്ല. തന്റെ ജോലി നിര്‍വഹിക്കാനുള്ള യാത്രയായതിനാല്‍ ശരീഫ് മരണപ്പെടുന്നത് ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയിലാണ്. അതിനാൽ പൊതു സംവിധാനത്തില്‍നിന്ന് വലിയ നഷ്ടപരിഹാരം ശരീഫിന്റെ കുടുംബത്തിന് ലഭ്യമാക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.