ഈ പന്നികളെക്കൊണ്ട് തോറ്റു
text_fieldsകൊടുവള്ളി: നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നി, മുള്ളൻപന്നി ശല്യം രൂക്ഷമായി. കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നത് നിത്യസംഭവമായതോടെ കുടുംബങ്ങൾ ദുരിതത്തിലാണ്. വ്യാഴാഴ്ച ആറങ്ങോട് പ്രദേശത്ത് രാവിലെ രണ്ടു ബൈക്ക് യാത്രികരെ പന്നികൾ ആക്രമിച്ച് പരിക്കേൽപിച്ചിരുന്നു. ടാപ്പിങ് തൊഴിലാളികളടക്കമുള്ള നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിലായി പന്നികളുടെ അക്രമത്തിനിരയായത്.
വാവാട് വിഷാരത് എസ്റ്റേറ്റ് ഭൂമിയോട് ചേർന്ന പുൽക്കുഴിയിൽ, ഒറുവാംകുണ്ട്, നീരുട്ടിപൊയിൽ, പൊയിൽ, കണ്ണിപ്പൊയിൽ, ആറങ്ങോട്, പട്ടിണിക്കര, തൊടുപ്പിൽ കുണ്ടത്തിൽ, മാട്ടാപ്പൊയിൽ, പൂക്കോട്, കളരാന്തിരി ഭാഗങ്ങളിലാണ് കാട്ടുപന്നി ശല്യം വർധിച്ചത്. രാത്രി പന്നികൾ കൂട്ടമായി മലയിറങ്ങിവന്ന് കൃഷി ചെയ്ത വാഴ, കപ്പ, ചേമ്പ്, ചേന ഉൾപ്പെടെ വസ്തുക്കളാണ് നശിപ്പിക്കുന്നത്. കർഷകർക്ക് വലിയ നഷ്ടമാണ് വരുത്തിവെക്കുന്നത്. കൃഷിയിറക്കാൻ കഴിയാത്ത അവസ്ഥയാണ്. വാവാട്ട് ദേശീയപാതയും മുറിച്ചുകടന്നെത്തുന്ന പന്നികൾ വയലുകളിലെ വിളകളെല്ലാം നശിപ്പിക്കുന്നുണ്ട്. രാത്രി പന്നികൾ ഹൈവേക്ക് കുറുകെ ഓടി ചെറിയ വാഹനങ്ങൾ അപകടത്തിൽപെടുത്തുകയും ചെയ്യുന്നുണ്ട്.
നഗരസഭയിലെ വിവിധ വാർഡുകളിൽ കർഷകരുടെ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ തുരത്തുന്നതിനുള്ള തോക്ക് ഉടമകളുടെ പേര് ലഭ്യമാക്കാൻ നിർദേശിക്കാൻ വനംവകുപ്പ് നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം കാട്ടുപന്നികളെ വെടിവെക്കാൻ താൽപര്യമുള്ള ലൈസൻസുള്ള തോക്ക് ഉടമകളുടെ പേരുവിവരങ്ങൾ ലഭ്യമാക്കാനും നഗരസഭ പൊലീസ് സി.ഐയോട് മാസങ്ങൾക്കുമുമ്പ് സഹായം തേടിയിരുന്നു.
വെടിവെക്കാൻ രണ്ടുപേർക്ക് അനുമതി -ചെയർമാൻ
നഗരസഭ പരിധിയിൽ കർഷകരുടെ കാർഷികവിളകൾ നശിപ്പിക്കുന്ന പന്നികളെ വെടിവെച്ചുകൊല്ലാൻ രണ്ടുപേർക്ക് അനുമതി ലഭിച്ചതായി നഗരസഭ ചെയർമാൻ അബ്ദു വെള്ളറ. വാവാട് സ്വദേശി എസ്.കെ.എസ്. ഖാദറിനും വാവാട് സെന്റർ കെ.ടി. ഹുസൈൻ ഹാജിക്കുമാണ് അനുവാദം ലഭിച്ചത്. ലൈസൻസുള്ള തോക്ക് കൈവശമുള്ളവർ അപേക്ഷ നൽകിയാൽ അനുമതി ലഭിക്കാനാവശ്യമായ സഹായങ്ങൾ നൽകുമെന്നും ചെയർമാൻ പറഞ്ഞു.
പന്നികളെ തുരത്തി കർഷകരെ സംരക്ഷിക്കണം -പി. കൃഷ്ണദാസ് (കർഷകൻ)
പണം ചെലവഴിച്ച് കൃഷി നടത്തുന്ന കർഷകരുടെ വിളകൾ നശിപ്പിക്കുന്ന പന്നികളെ തുരത്താൻ ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണം. കർഷകർക്ക് വലിയ നഷ്ടങ്ങളാണ് ഓരോ വർഷവും ഉണ്ടാവുന്നത്. ഒരുതരത്തിലുള്ള കൃഷിയും നടത്താൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.