കിണറ്റിൽ വീണ് യുവാവിന്റെ മരണം: അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ബന്ധുക്കൾ
text_fieldsകൊടുവള്ളി: മടവൂർ സി.എം മഖാമിന് സമീപമുള്ള കുയ്യാണ്ടത്തിൽ പറമ്പിൽ ആൾമറയില്ലാത്ത കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് അഞ്ചു മാസമായി പൊലീസ് നടത്തുന്ന അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ബന്ധുക്കൾ.
2021 ആഗസ്റ്റ് 10 നാണ് റിട്ട.അധ്യാപകനായ മടവൂർ പള്ളിത്താഴം വെളുത്തേടത്ത് അബൂബക്കറിന്റെ മകൻ അബുൽ ഹസനെ (24) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഡിസംബറിൽ ലഭിച്ച ഫോറൻസിക് സർജന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അബുൽ ഹസൻ മരിക്കുന്നതിനു മുമ്പ് ശരീരത്തിൽ മർദനമേറ്റിട്ടുണ്ടെന്ന് പറയുന്നുണ്ടായിരുന്നു.ഇതാണ് നാട്ടുകാരിലും ബന്ധുക്കളിലും ദുരൂഹത വർധിക്കാൻ കാരണമായത്.
ശരിയായ രീതിയിൽ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സിറ്റി പൊലീസ് കമീഷണർക്കും പിതാവ് അബൂബക്കർ പരാതി നൽകിയിരുന്നു. കാലതാമസം വരുന്ന സാഹചര്യത്തിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന ആവശ്യമാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്.
വീട്ടുകാർക്കും സുഹൃത്തുക്കൾക്കും, നാട്ടുകാർക്കുമെല്ലാം നല്ലത് മാത്രം പറയാനുള്ള അബുൽ ഹസൻ എങ്ങനെ കിണറ്റിൽ വീണ് മരിച്ചു എന്ന ചോദ്യമായിരുന്നു ബന്ധുക്കൾ തുടക്കം മുതൽ ഉന്നയിച്ചിരുന്നത്. ഇത് ശരി വെക്കുന്ന രീതിയിലേക്കാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പരാമർശം.
അബുൽ ഹസൻ ഉപയോഗിച്ച ഫോണിലെ വിവരങ്ങൾ ലഭ്യമാകാൻ ഫോൺ പരിശോധനക്ക് അയച്ചത് ലഭിക്കാത്തതാണ് അന്വേഷണം വൈകുന്നതെന്നാണ് പൊലീസ് പറയുന്നതെന്ന് ബന്ധുക്കൾ പറയുന്നു. കുന്ദമംഗലം പൊലീസ് കേസുമായി ബന്ധപ്പെട്ട് ഒട്ടേറെ പേരെ ചോദ്യംചെയ്തിരുന്നു. അന്വേഷണം പൂർത്തീകരിച്ച് മരണത്തിലെ ദുരൂഹതയകറ്റാൻ നടപടി വേണമെന്നാവശ്യപ്പെട്ടുള്ള സമരപരിപാടികൾക്ക് ഒരുങ്ങുകയാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.