കൊയിലാണ്ടി സ്റ്റേഡിയം നവീകരണ ആവശ്യം ശക്തമാവുന്നു
text_fieldsകൊയിലാണ്ടി സ്റ്റേഡിയം
കൊയിലാണ്ടി: നഗരമധ്യത്തിൽ സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന കൊയിലാണ്ടി സ്പോർട്സ് സ്റ്റേഡിയം നവീകരിക്കണമെന്ന ആവശ്യം ശക്തമാവുന്നു. കൊയിലാണ്ടി ബോയ്സ് സ്കൂളിന്റെ കളിസ്ഥലമായി ഉപയോഗിച്ച ഗ്രൗണ്ട് പിന്നീട് സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കായികപ്രേമികളുടെ നിർബന്ധത്തെ തുടർന്ന് സ്പോർട്സ് കൗൺസിലുമായി കരാറുണ്ടാക്കുകയായിരുന്നു. 25 വർഷത്തേക്കായിരുന്നു കരാർ.
തുടർന്ന് സ്പോർട്സ് കൗൺസിൽ ഗാലറിയും ഇതിനോടനുബന്ധിച്ച് ഷോപ്പിങ് കോംപ്ലക്സും പണിതു വാടകക്ക് നൽകി. എന്നാൽ, മുറികൾ വ്യാപാരികൾക്ക് വാടകക്ക് നൽകിക്കിട്ടിയ വരുമാനത്തിൽ നിന്ന് ഒരു രൂപ പോലും ഗ്രൗണ്ട് മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിച്ചിട്ടില്ലെന്ന പരാതി ഉയർന്നു. മഴക്കാലമായാൽ ചളിക്കളമാവുന്ന ഗ്രൗണ്ടിൽ രാത്രിയിൽ കനത്ത ഇരുട്ടുമാണ്. യാതൊരുവിധ ലൈറ്റുകളും ഇവിടെ ഘടിപ്പിച്ചിട്ടില്ല. ഇതുകൊണ്ട് തന്നെ രാത്രി കാലമായാൽ സാമൂഹിക വിരുദ്ധർ ഇവിടെ താവളമാക്കുന്നു. ചുറ്റുമതിൽ പണിതുയർത്തിയിരുന്നെങ്കിലും, ഗേറ്റുകൾ എല്ലാം തകർന്ന മട്ടിലാണ്. മതിൽ വന്നതോടെ ബോയ്സ് സ്കൂളിലെ നൂറുകണക്കിന് കുട്ടികൾക്ക് ഗ്രൗണ്ട് അന്യമാവുകയും ചെയ്തു. വാടകയിനത്തിൽ വൻ തുക ഈടാക്കുന്ന നഗരമധ്യത്തിലെ ഇത്ര വലിയ ഒരു ഗ്രൗണ്ട് അനാഥമാവുന്ന അവസ്ഥയിലാണ്.
നെഹ്റു ഉൾപ്പെടെയുള്ളവർ പ്രസംഗിച്ച പാരമ്പര്യമുള്ള ഗ്രൗണ്ടാണ് ഉത്തരവാദപ്പെട്ടവരുടെ നിരുത്തര സമീപനം കാരണം അനാഥമാവുന്നത്.
നിരവധി സ്കൂൾ മീറ്റുകൾ നടക്കുന്ന ഇവിടെ അത്ലറ്റിക് മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് വസ്ത്രം മാറാൻ പോലും സൗകര്യമില്ല. സ്പോർട്സ് കൗൺസിലിന് പാട്ടത്തിന് നൽകിയ കാലാവധി കഴിഞ്ഞതായും ചൂണ്ടിക്കാട്ടപ്പെടുന്നു.
പരിസരം കാടുമൂടി കിടക്കുന്നതും പ്രതിഷേധത്തിന് വഴിയൊരുക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.