കരാട്ടേ കളരിയിൽ പോരാളിയായെത്തിയ സുഗതകുമാരി ടീച്ചറെ സ്മരിച്ച് കോക്കല്ലൂർ
text_fieldsബാലുശ്ശേരി: കരാട്ടേ പരിശീലനത്തിനിറങ്ങിയ വനിതകൾക്ക് പ്രോത്സാഹനവുമായി പോരാളിയെ പോലെ എത്തിയ സുഗതകുമാരി ടീച്ചറുടെ ഓർമയിൽ കോക്കല്ലൂർ ഗ്രാമം.
ബാലുശ്ശേരി പഞ്ചായത്തിലെ കരാട്ടേ പരിശീലനക്കളരിയിലേക്ക് 1999 ജനുവരി 17 നായിരുന്നു അന്നത്തെ വനിത കമീഷൻ അധ്യക്ഷകൂടിയായ സുഗതകുമാരി ടീച്ചർ എത്തിയത്. ഒപ്പം കമീഷൻ അംഗം എം. കമലവും ഉണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡൻറായിരുന്ന പി. സുധാകരൻ മാസ്റ്ററുടെയും പരിശീലനത്തിെൻറ കോഓഡിനേറ്ററായിരുന്ന ഗിരിജ പാർവതിയുടെയും ക്ഷണം സ്വീകരിച്ച് തിരുവനന്തപുരത്തുനിന്ന് നേരിട്ടെത്തുകയായിരുന്നു ടീച്ചർ.
നൂറുകണക്കിന് സ്ത്രീകളുടെ അകമ്പടിയോടെയായിരുന്നു ടീച്ചറെ പരിശീലന കളരിയായ കോക്കല്ലൂർ ഗവ. ഹൈസ്കൂൾ അങ്കണത്തിലേക്ക് ആനയിച്ചത്. സ്ത്രീകൾ ഉണ്ണിയാർച്ചമാരാകണമെന്നും മനസ്സിൽ ധൈര്യവും സ്നേഹവും കാരുണ്യവും നന്മയും നിറയട്ടെയെന്നും ഓർമിപ്പിച്ചായിരുന്നു ടീച്ചർ കോക്കല്ലൂരിനോട് വിടപറഞ്ഞത്. ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി കേരളത്തിൽ ആദ്യമായിട്ടായിരുന്നു ഒരു ഗ്രാമപഞ്ചായത്ത് വനിതകൾക്കുള്ള കരാട്ടേ പരിശീലനം തുടങ്ങിയത്.
പരിശീലനത്തിൽ പങ്കെടുത്ത വനിതകൾക്ക് വനിത കമീഷൻ വകയായി 1001 രൂപയും മെമേൻറായും സുഗതകുമാരി ടീച്ചർ ചടങ്ങിൽ വിതരണം ചെയ്തു. 2015 ൽ ബാലുശ്ശേരി കൈരളി റോഡിലെ ജനവാസ കേന്ദ്രത്തിലെ വിദേശ മദ്യഷാപ്പിനെതിരെ കേരള മദ്യനിരോധന സമിതിയുടെ നേതൃത്വത്തിൽ 108 ദിവസത്തോളം നീണ്ടുനിന്ന ജനകീയ ഉപവാസത്തിൽ പങ്കെടുക്കാൻ സുഗതകുമാരി ടീച്ചർ കോഴിക്കോട്ടെത്തിയെങ്കിലും അനാരോഗ്യം കാരണം ബാലുശ്ശേരിയിലേക്ക് എത്തിപ്പെടാൻ കഴിയാതെ പോകുകയായിരുന്നു. ജനകീയ ഉപവാസ സമരത്തിന് ആവേശം പകർന്ന സന്ദേശം നൽകി മടങ്ങിപ്പോയ ടീച്ചർ പിന്നീട് വിദേശ മദ്യഷാപ്പ് അടച്ചുപൂട്ടിയെന്നറിഞ്ഞപ്പോൾ സമര നേതാക്കളെ വിളിച്ച് അഭിനന്ദനമറിയിച്ചതും നാട്ടുകാരുടെ ഓർമയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.