കൂടത്തായി കൊലക്കേസ്: രണ്ട് കേസുകളിൽ പ്രതി ജോളിയുടെ ഹരജി തള്ളി
text_fieldsകൊച്ചി: കൂടത്തായിയിൽ ബന്ധുക്കളായ ആറുപേരെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി ജോളിയുടെ രണ്ട് കേസിലെ ജാമ്യഹരജികൾ ഹൈകോടതി തള്ളി. ആദ്യ ഭർത്താവ് കൂടത്തായി പൊന്നാമറ്റം റോയ് തോമസ്, ഭർതൃപിതാവും റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനുമായ ടോം തോമസ് എന്നിവരെ കൊലപ്പെടുത്തിയ കേസിലെ ജാമ്യ ഹരജികളാണ് ജസ്റ്റിസ് സി.എസ്. ഡയസ് തള്ളിയത്. ഭർതൃമാതാവും അധ്യാപികയുമായ അന്നമ്മ തോമസ്, അന്നമ്മയുടെ സഹോദരൻ എം.എം. മാത്യു മഞ്ചാടിയിൽ, ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്കറിയയുടെ മകൾ ആൽഫൈൻ, ഷാജു സ്കറിയയുടെ ഭാര്യ സിലി എന്നിവർ കൊല്ലപ്പെട്ട കേസുകളിലും ജോളി പ്രതിയാണ്.
ശാസ്ത്രീയ തെളിവുകള്‍ ഹൈദരാബാദ് ഫോറന്‍സിക് ലാബില്‍നിന്ന് ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് ജാമ്യംതേടി ഹൈകോടതിയെ സമീപിച്ചത്. എന്നാൽ, ആറ് കേസുകളിലും അന്വേഷണസംഘം അന്തിമറിപ്പോർട്ട് സെഷൻസ് കോടിയിൽ സമർപ്പിച്ചതായി സർക്കാറിനുവേണ്ടി അഡീ. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അറിയിച്ചു. മരണകാരണം സോഡിയം സയനൈഡ് ആണെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
Koodathaiസ്വത്തും വീടും കൈക്കലാക്കാൻ 20 വർഷം നീണ്ട പദ്ധതി തയാറാക്കി രണ്ടാംപ്രതിയുമായി ചേർന്ന് ഗൂഢാലോചന നടത്തി നടപ്പാക്കിയതാണ് കൊലപാതക പരമ്പര. സാക്ഷികളെല്ലാം സുഹൃത്തുക്കളും ബന്ധുക്കളുമായതിനാൽ ജാമ്യത്തിൽ വിട്ടാൽ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്. ഒരു കേസിൽ ഹൈകോടതി നൽകിയ ജാമ്യം സുപ്രീംകോടതി സ്റ്റേ ചെയ്തതും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ജാമ്യം അനുവദിക്കുന്നത് നീതി അട്ടിമറിക്കപ്പെടാൻ ഇടയാക്കുമെന്ന് കോടതി വിലയിരുത്തി. ആറുപേരെ കൊലപ്പെടുത്തി രണ്ട് കുടുംബങ്ങളെ ഇല്ലാതാക്കാൻ നടത്തിയ ഹീനശ്രമം അതിഗൗരവമുള്ളതാണെന്നും നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.