കൂടത്തായി കൂട്ടക്കൊല: മൃതദേഹങ്ങൾ കല്ലറയിൽനിന്ന് മാറ്റാൻ പ്രതി ആവശ്യപ്പെട്ടെന്ന് സുഹൃത്ത്
text_fieldsകോഴിക്കോട്: കൂടത്തായി കൂട്ടക്കൊല പരമ്പരയിൽ റോയ് തോമസ് വധക്കേസിൽ 21ാം സാക്ഷി കൂടത്തായി വലിയ പറമ്പിൽ പി.എ. ജോൺസന്റെ സാക്ഷിവിസ്താരം മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് ജഡ്ജി എസ്.ആർ. ശ്യാംലാൽ മുമ്പാകെ പൂർത്തിയായി.
ജോളിയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും പൊലീസ് കല്ലറ തുറക്കുന്നതിനുമുമ്പ് മൃതദേഹാവശിഷ്ടങ്ങൾ കല്ലറയിൽനിന്ന് മാറ്റണമെന്ന് ജോളി ആവശ്യപ്പെട്ടിരുന്നുവെന്നും ജോൺസൺ സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. എൻ.കെ. ഉണ്ണികൃഷ്ണന്റെ വിസ്താരത്തിൽ മൊഴിനൽകി.
ക്രൈംബ്രാഞ്ച് കല്ലറകൾ തുറന്ന് പരിശോധിക്കാൻ തീരുമാനിച്ചതോടെ ജോളി സഹായത്തിനായി ബന്ധുക്കളെയും സുഹൃത്തുക്കളെയും സമീപിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. കല്ലറകൾ പൊലീസ് തുറക്കുന്നതിന് രണ്ട് ദിവസം മുമ്പ് 2019 ഒക്ടോബർ രണ്ടിന്ന് തുറന്നാൽ പ്രശ്നമാവുമെന്ന് ജോളി തന്നോട് പറഞ്ഞെന്ന് ജോൺസൺ മൊഴിനൽകി.
മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് പൊലീസ് പരിശോധിച്ചാൽ കുറ്റകൃത്യം തെളിയുമെന്ന് പ്രതി ഭയന്നു. അതിനാലാണ് മൃതദേഹാവശിഷ്ടങ്ങൾ കല്ലറകളിൽനിന്ന് നീക്കണമെന്ന് ജോളി ആവശ്യപ്പെട്ടത്. അന്നമ്മ തോമസിന് വിഷം കൊടുത്തും അഞ്ചുപേരെ സയനൈഡ് നൽകിയും കൊല്ലുകയായിരുന്നെന്ന് ജോളി തന്നോട് സമ്മതിച്ചിരുന്നു.
സയനൈഡ് തന്നത് രണ്ടാം പ്രതി എടോണ ഷാജിയാണെന്ന് പറഞ്ഞു എന്നും ജോൺസൺ പറഞ്ഞു. എന്നാൽ, രണ്ടാം പ്രതി എം.എസ്. മാത്യുവിന് ഷാജിയെന്ന പേരില്ലെന്ന് മാത്യുവിന്റെ അഭിഭാഷകൻ അഡ്വ. ഷഹീർ സിങ് വാദിച്ചു. ഷാജിയെന്നാണ് എം.എസ്. മാത്യുവിനെ വിളിക്കുന്നതെന്ന് ജോൺസൺ മൊഴിനൽകി.
ജോൺസനെ നേരത്തേതന്നെ പൊലീസ് കസ്റ്റഡിയിലെടുത്ത് പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതിക്കെതിരെ മൊഴി നൽകിക്കുകയായിരുന്നുവെന്നാണ് പ്രതിഭാഗം വാദം. കൂട്ടക്കൊലക്കേസ് നടത്താൻ ജോളി സ്വർണം കൈമാറിയിരുന്നെന്നും ജോൺസന്റെ മൊഴിയിലുണ്ട്. സ്വർണം സാക്ഷി പൊലീസിൽ ഹാജരാക്കിയിരുന്നു.
ജോളിയുടെ അഭിഭാഷകൻ അഡ്വ. ബി.എ. ആളൂരിന് വേണ്ടിയുള്ള എതിർ വിസ്താരം മാറ്റിവെക്കാൻ അപേക്ഷ നൽകിയെങ്കിലും കോടതി അപേക്ഷ തള്ളി വിസ്താരം അവസാനിപ്പിക്കുകയായിരുന്നു. റോയ് തോമസ് കുളിമുറിയിൽ വിഷം അകത്തുചെന്ന് വീണപ്പോൾ വാതിൽ പൊളിച്ച് പുറത്തെടുത്തുവെന്നും മറ്റും മൊഴിനൽകുന്ന സാക്ഷികളുടെ വിസ്താരമാണ് ബുധനാഴ്ച നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.