കൂടത്തായി കൂട്ടക്കൊല: പട്ടിയെ കൊല്ലാൻ സയനൈഡ് നൽകിയെന്ന്
text_fieldsകോഴിക്കോട്: കൂടത്തായി കൂട്ടക്കൊല പരമ്പരയിൽ മൂന്നാം പ്രതി പ്രജികുമാർ കൊല നടക്കുന്നതിന്റെ എട്ട് കൊല്ലം മുമ്പുതന്നെ തനിക്ക് വീട്ടിൽ സയനൈഡ് എത്തിച്ചുതന്നതായി 45ാം സാക്ഷി താമരശ്ശേരി കമ്മാളൻ കുന്നത്ത് ശശിധരൻ മൊഴിനൽകി. റോയ് തോമസ് വധക്കേസിൽ മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് ജഡ്ജി എസ്.ആർ. ശ്യാംലാൽ മുമ്പാകെയാണ് സാക്ഷി മൊഴി നൽകിയത്.
പട്ടിക്ക് അസുഖമായതിനാൽ കൊല്ലണമെന്ന ഡോക്ടറുടെ നിർദേശപ്രകാരമാണ് സയനൈഡ് ആവശ്യപ്പെട്ടതെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. എൻ.കെ. ഉണ്ണികൃഷ്ണൻ, അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ. സുഭാഷ് എന്നിവരുടെ വിസ്താരത്തിൽ ശശിധരൻ മൊഴി നൽകി.
മൂന്നാം പ്രതി നൽകിയ സയനൈഡ് രണ്ടാം പ്രതി എം.എസ്. മാത്യു ഒന്നാം പ്രതി ജോളിക്ക് നൽകിയെന്നും അത് കൊലക്ക് ഉപയോഗിച്ചെന്നും പ്രതികൾ നേരത്തേ സയനൈഡ് കൈകാര്യം ചെയ്തെന്നുമാണ് പ്രോസിക്യൂഷൻ കേസ്.
എന്നാൽ, ഡോക്ടർ നായെ കൊല്ലാൻ പറഞ്ഞതിനെപ്പറ്റിയോ കൊന്നതിനെപ്പറ്റിയോ തെളിവോ രേഖകളോ പ്രോസിക്യൂഷനില്ലെന്ന് മൂന്നാം പ്രതിയുടെ അഭിഭാഷകൻ അഡ്വ. എം. രാജേഷ് കുമാർ എതിർവിസ്താരത്തിൽ വാദിച്ചു. മിംസ് ആശുപത്രിയിലെ ഹെൽത്ത് ഇൻഫർമേഷൻ മാനേജ്മെന്റ് വിഭാഗം സീനിയർ അസിസ്റ്റന്റ് ഗോവിന്ദപുരം അമ്മാട്ട്പറമ്പ് എം.കെ. ബാലചന്ദ്രന്റെ വിസ്താരവും ബുധനാഴ്ച പൂർത്തിയായി.
റോയ് തോമസിനെ ആശുപത്രിയിൽ കൊണ്ടുവന്നതിനുള്ള ചികിത്സാരേഖകൾ ഇദ്ദേഹം കോടതിയിൽ ഹാജരാക്കി. ഇവ കോടതി തെളിവായി രേഖപ്പെടുത്തി. എന്നാൽ, വൂണ്ട് സർട്ടിഫിക്കറ്റടക്കമുള്ളവ ഹാജരാക്കാത്തകാര്യം പ്രതിഭാഗം അഭിഭാഷകൻ അഡ്വ. ഷഹീർ സിങ് ഉന്നയിച്ചു.
കമ്പ്യൂട്ടർ രേഖകൾ മാത്രമാണ് ഹാജരാക്കിയതെന്നതിനാൽ കൂടുതൽ തെളിവിന്റെ അടിസ്ഥാനത്തിലാവും രേഖ കോടതി പരിഗണിക്കുക. പരിശോധിച്ച ഡോക്ടറുടെ വിസ്താരം അടുത്തദിവസം നടക്കും. സാക്ഷിവിസ്താരം വ്യാഴാഴ്ചയും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.