കൂടത്തായി കൂട്ടക്കൊല: റോയ് വധക്കേസിൽ സാക്ഷിവിസ്താരം മാർച്ച് ആറുമുതൽ
text_fieldsകോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസ് പരമ്പരയിൽപെട്ട റോയ് തോമസ് വധക്കേസിൽ സാക്ഷിവിസ്താരം മാർച്ച് ആറുമുതൽ മേയ് 18 വരെ വിവിധ ദിവസങ്ങളിലായി നടത്തണമെന്ന് മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് ജഡ്ജ് എസ്.ആർ. ശ്യാംലാൽ. അവധിദിവസങ്ങളും മറ്റും ഒഴിവാക്കിയുള്ള വിചാരണക്ക് ഹാജരാവാൻ 158 സാക്ഷികൾക്ക് സമൻസ് അയക്കാനും കോടതി നിർദേശം നൽകി.
വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യപ്രതി പൊന്നമറ്റം ജോളിയാമ്മ ജോസഫ് എന്ന ജോളി ഹൈകോടതി ചീഫ് ജസ്റ്റിസിന് അപേക്ഷ നൽകിയിട്ടുണ്ട്. ഈ അപേക്ഷയും കേസിൽ കുറ്റമുക്തയാക്കണമെന്ന ഹരജി പ്രത്യേക കോടതി തള്ളിയതിനെതിരെ നൽകിയ അപേക്ഷയും ഹൈകോടതിയുടെ പരിഗണനയിലാണ്.
ഇതോടൊപ്പം ഹൈകോടതിയിൽ കേസുള്ളപ്പോൾ കീഴ്കോടതിയിൽ സാക്ഷിവിസ്താരം തുടങ്ങുന്നത് നീട്ടണമെന്ന ആവശ്യം നിരസിച്ചതിനെതിരെ നൽകിയ ഹരജിയും ഹൈകോടതിയുടെ പരിഗണനയിലാണ്. തനിക്ക് എം.എസ്. മാത്യുവുമായി കോടതിപരിസരത്ത് സംസാരിക്കണമെന്നാവശ്യപ്പെട്ട് ജോളി നൽകിയ അപേക്ഷ കോടതി അനുവദിച്ചു. അടുത്ത വിചാരണദിവസം ഇവർക്ക് സംസാരിക്കാനാവും.
ജനുവരി 12ന് കുറ്റപത്രം വായിച്ച് കേൾപ്പിക്കുമ്പോൾ ഇവർക്ക് സംസാരിക്കാൻ കോടതി അനുമതി നൽകിയെങ്കിലും മാത്യുവിനെ അപ്പോഴേക്കും പൊലീസ് ജയിലിലേക്ക് മാറ്റിയിരുന്നു. കേസിൽ ജോളിയടക്കം നാല് പ്രതികൾക്ക് കോടതി കുറ്റപത്രം വായിച്ച് കേൾപ്പിച്ചിരുന്നു.
മുഖ്യപ്രതി പൊന്നമറ്റം ജോളിയാമ്മ ജോസഫ് എന്ന ജോളി, സയനൈഡ് നൽകിയെന്ന് ആരോപണമുയർന്ന ജ്വല്ലറി ജീവനക്കാരൻ മഞ്ചാടിയിൽ എം.എസ്. മാത്യു എന്ന ഷാജി, സ്വർണപ്പണിക്കാരൻ പ്രജികുമാർ, വ്യാജ ഒസ്യത്ത് നിർമിച്ചുവെന്ന് കുറ്റം ചുമത്തിയ മനോജ് കുമാർ എന്നിവരാണ് പ്രതികൾ.
ജോളി, ആദ്യഭർത്താവ് റോയ് തോമസിനെ സാമ്പത്തികനേട്ടം ലക്ഷ്യമിട്ട് മറ്റൊരാളെ വിവാഹം കഴിക്കാൻ മറ്റ് പ്രതികളുടെ സഹായത്തോടെ ഭക്ഷണത്തിൽ വിഷം നൽകി കൊന്നുവെന്ന കേസാണ് ഇപ്പോൾ പരിഗണിക്കുന്നത്. പ്രതിഭാഗത്തിനായി അഡ്വ. ഹിജാസ് അഹമ്മദും പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണനും അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ. സുഭാഷും ഹാജരായി.
ഫോറൻസിക് റിപ്പോർട്ട് വന്നു; നാല് മൃതദേഹങ്ങളിൽ സയനൈഡ് അംശമില്ല
കൂടത്തായി കൂട്ടക്കൊലയിൽപെട്ട നാല് മൃതദേഹാവശിഷ്ടങ്ങൾ ഹൈദരാബാദിലെ കേന്ദ്ര ഫോറൻസിക് ലാബിൽ പരിശോധിച്ചതിന്റെ റിപ്പോർട്ട് പ്രോസിക്യൂഷന് ലഭിച്ചു. ഈ മൃതദേഹങ്ങളിൽ സയനൈഡിന്റെ അംശമില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. മുഖ്യ പ്രതി ജോളി, ആദ്യഭർത്താവ് റോയ് തോമസ് ഉൾപ്പെടെ ആറുപേരെ സയനൈഡ് നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്.
ഇതിൽ റോയ് തോമസിന്റെയും ജോളിയുടെ രണ്ടാമത്തെ ഭർത്താവിന്റെ ആദ്യ ഭാര്യ സിലിയുടെയും മരണകാരണം സയനൈഡ് ഉള്ളിൽ ചെന്നാണെന്ന് കണ്ടെത്തിയിരുന്നു. ബാക്കി നാലുപേരുടെ മൃതദേഹാവശിഷ്ടങ്ങളിൽ നടത്തിയ വിശദ പരിശോധനാഫലമാണ് ഇപ്പോൾ ലഭിച്ചത്.
നേരത്തേ നടത്തിയ പരിശോധനയിൽ നാല് കേസുകളിൽ സയനൈഡ് അംശം കണ്ടെത്താത്തതിനാൽ വീണ്ടും കോടതിയുടെ അനുമതിയോടെ വിശദ പരിശോധനക്കയക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.