കൂടത്തായ് കൂട്ടക്കൊല: ആദ്യസാക്ഷിയുടെ വിസ്താരം പൂർത്തിയായി
text_fieldsകോഴിക്കോട്: കൂടത്തായ് കൂട്ടക്കൊല പരമ്പരയിൽപെട്ട റോയ് തോമസ് വധക്കേസിൽ ഒന്നാം സാക്ഷിയും റോയി തോമസിന്റെ സഹോദരിയുമായ രഞ്ജി വിൽസന്റെ വിസ്താരം മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് ജഡ്ജ് എസ്.ആർ. ശ്യാംലാൽ മുമ്പാകെ പൂർത്തിയായി.
ഒന്നാം പ്രതി ജോളിക്കുവേണ്ടി അഡ്വ. ബി.എ. ആളൂരിന്റെ എതിർവിസ്താരം നടത്താതെയാണ് വിചാരണ പൂർത്തിയാക്കിയത്. ബന്ധപ്പെട്ട അഭിഭാഷകരെ മാത്രം കോടതിമുറിയിൽ പ്രവേശിപ്പിച്ച് ‘ഇൻ കാമറ’യായി വിസ്താരം നടത്താനുള്ള കോടതി തീരുമാനത്തിൽ എതിർപ്പ് പ്രകടിപ്പിച്ചാണ് അഭിഭാഷകൻ സാക്ഷിയെ വിസ്തരിക്കാതിരുന്നത്.
ഇൻ കാമറയായി കേസ് നടത്തരുതെന്നും കേസ് പഠനാർഥം ജൂനിയർ അഭിഭാഷകരെയടക്കം കോടതിമുറിയിൽ പ്രവേശിപ്പിക്കണമെന്നും മറ്റും കാണിച്ച് നൽകിയ അപേക്ഷ കോടതി തള്ളി. ഒന്നാം സാക്ഷിക്കുവേണ്ടി അഭിഭാഷകൻ ക്രോസ് ചെയ്തില്ലെന്ന് കോടതി രേഖപ്പെടുത്തുകയും ചെയ്തു.
ഇതിനെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് അഡ്വ. ആളൂർ പറഞ്ഞു. എന്നാൽ, രണ്ടാം പ്രതി എം.എസ്. മാത്യുവിനുവേണ്ടി അഡ്വ. ഷഹീർ സിങ്ങും നാലാം പ്രതി മനോജ് കുമാറിനുവേണ്ടി അഡ്വ. പി. കുമാരൻ കുട്ടിയും എതിർവിസ്താരം നടത്തി.
കാമറകൾ കാരണം ബാത്ത്റൂമിൽ പോകാൻപോലും കഴിയുന്നില്ലെന്നും മറ്റും കാണിച്ച് ജോളി കോടതിയിൽ നേരിട്ട് നൽകിയ പരാതിയിലാണ് ഇൻ കാമറയിൽ വിചാരണ നടത്താൻ കോടതി ഉത്തരവിട്ടത്. കേസ് ഡയറിയിലെ ആറാം സാക്ഷിയും റോയി തോമസിന്റെ അയൽക്കാരനുമായ ബാവ എന്ന എൻ.പി. മുഹമ്മദിന്റെ വിസ്താരം വ്യാഴാഴ്ച തുടങ്ങാനും തീരുമാനമായി.
ജോളിയുടെ പെരുമാറ്റം സംശയമുണ്ടാക്കിയെന്ന് സാക്ഷിമൊഴി
മരിച്ച റോയ് തോമസിന് കടബാധ്യതയുണ്ടായിരുന്നെന്നും ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമുണ്ടായിരുന്നുവെന്നുമുള്ള കാര്യങ്ങളിലൂന്നിയാണ് സാക്ഷിയെ രണ്ടാം പ്രതിക്കുവേണ്ടി അഡ്വ. ഷഹീർ സിങ് എതിർവിസ്താരം നടത്തിയത്. റോയിയുടെയും ജോളിയുടെയും പേരിൽ സ്വത്ത് പോവുന്നതിൽ സാക്ഷി രഞ്ജി വിൽസന് വിഷമമുണ്ടായിരുന്നുവെന്നും ഇതിൽ റോയിക്ക് മാനസിക പിരിമുറുക്കമുണ്ടായെന്നുമാണ് പ്രതിഭാഗം വാദം.
പ്രതി ജോളി എൻ.ഐ.ടിയിൽ പോയെന്ന് തങ്ങളോട് കള്ളം പറഞ്ഞെന്നും അവർ അവകാശപ്പെടുന്ന വിദ്യാഭ്യാസ യോഗ്യതയില്ലെന്നും രഞ്ജി വിൽസൻ മൊഴി നൽകി. റോയി തോമസ് കഴിച്ച ഭക്ഷണത്തെപ്പറ്റി പറഞ്ഞതും കളവായിരുന്നു. മരിച്ചയുടൻ ഹൃദയാഘാതമെന്ന് ബന്ധുക്കളെ വിളിച്ചറിയിച്ചതും സംശയാസ്പദമാണ്.
2018ൽ സംശയം തോന്നിയതിനെത്തുടർന്നാണ് പൊലീസ് മേധാവിക്ക് പരാതി നൽകിയത്. തുടർന്ന് മൃതദേഹങ്ങളെടുത്ത് പരിശോധന നടത്തിയ സമയങ്ങളിൽ ജോളി വലിയ പരിഭ്രമം കാട്ടിയിരുന്നു. ആ സമയം രഞ്ജിയെ വിളിച്ച് ക്രിമിനൽ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടതായും രഞ്ജി വിൽസൺ മൊഴി നൽകി.
കേസ് ഒഴിവാക്കിയാൽ സ്വത്ത് തിരിച്ചുതരാമെന്നും പറഞ്ഞു. സ്വത്ത് സംബന്ധമായി പ്രോസിക്യൂഷൻ ഹാജരാക്കിയ വിൽപത്രത്തിന്റെ ആധികാരികത ചോദ്യംചെയ്താണ് നാലാം പ്രതിക്കുവേണ്ടി ഹാജരായ അഡ്വ. പി. കുമാരൻകുട്ടി സാക്ഷിയെ എതിർവിസ്താരം ചെയ്തത്. ഫോട്ടോസ്റ്റാറ്റ് കോപ്പിയായതിനാൽ അത് തെളിവായി ഫയലിൽ എടുക്കുന്നതിനെ പ്രതിഭാഗം എതിർത്തു. പൊലീസ് ചോദ്യംചെയ്യുന്ന സമയം രേഖയെപ്പറ്റി മൊഴി നൽകിയിട്ടില്ല.
കേസ് ആവശ്യാർഥം രേഖ ചമച്ചതായാണ് പ്രതിഭാഗം ആരോപണം. മേയ് 18 വരെ തുടർച്ചയായി സാക്ഷികളുടെ വിസ്താരം നടത്താനാണ് തീരുമാനം. അഡ്വ. രാജേഷ്, അഡ്വ. കെ. സഫൽ, അഡ്വ. ഹിജാസ് അഹമ്മദ്, പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ, അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ. സുബാഷ് എന്നിവരാണ് കേസിൽ ഹാജരാവുന്ന മറ്റ് അഭിഭാഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.