കൂടത്തായി കൊല: പുറത്തുനിന്ന് ചികിത്സ വേണമെന്ന് പ്രതി
text_fieldsകോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ ആറു കേസുകളും മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് ജഡ്ജ് എസ്.ആർ. ശ്യാംലാൽ മേയ് 20ലേക്കു മാറ്റി. കണ്ണൂർ ജയിലിലുള്ള ഒന്നാംപ്രതി ജോളിയെ വിഡിയോ കോൺഫറൻസ് വഴിയാണ് കോടതിയിൽ ഹാജരാക്കിയത്.
സർക്കാർ സംവിധാനമല്ലാതെ, തനിക്ക് സ്വകാര്യ ഡോക്ടർമാരുടെ സേവനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജോളി നൽകിയ അപേക്ഷയും മേയ് 20ന് പരിഗണിക്കും. പുറംവേദനയും മറ്റും മാറാത്തതിനാൽ പുറത്തുനിന്നുള്ള ചികിത്സ വേണമെന്നാണ് പ്രതിയുടെ ആവശ്യം. നേരത്തേ മെഡിക്കൽ കോളജിലെ ഡോക്ടർമാരടക്കം പരിശോധിച്ച് ശസ്ത്രക്രിയ ആവശ്യമില്ലെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, അസുഖം ഇപ്പോഴും നിലനിൽക്കുന്നതായി പ്രതിയുടെ അപേക്ഷയിൽ പറയുന്നു.
സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ, അഡീഷനൽ സ്പെഷൽ പ്രോസിക്യൂട്ടർ ഇ. സുഭാഷ് എന്നിവർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. പ്രതി പൊന്നമറ്റം ജോളിയാമ്മ ജോസഫ് എന്ന ജോളി (49) ആദ്യ ഭർത്താവ് റോയ് തോമസടക്കം ആറുപേരെ സയനൈഡ് നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്.
2011ൽ മരിച്ച റോയ് തോമസിന്റെ കേസ് മാത്രമാണ് സാക്ഷി വിസ്താരത്തിലെത്തിയത്. മറ്റ് അഞ്ചുപേരെ കൊന്നുവെന്ന കേസുകളുടെ സാക്ഷിവിസ്താര നടപടികൾ ആരംഭിച്ചിട്ടില്ല. മൊത്തം നാലു പ്രതികളിൽ ജോളിയും എം.എസ്. മാത്യുവെന്ന ഷാജിയുമടക്കം രണ്ടു പ്രതികൾ റിമാൻഡിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.