കൂടത്തായി കൊല; മരണം ഹൃദയസ്തംഭനം കാരണമെന്ന് ജോളി പ്രചരിപ്പിച്ചതായി അയൽവാസി
text_fieldsകോഴിക്കോട്: കൂടത്തായി കൂട്ടക്കൊലയിലെ റോയ് തോമസ് വധക്കേസിൽ 29ാം സാക്ഷി വട്ടച്ചാംകണ്ടി അയിഷ, 41ാം സാക്ഷി കക്കുഴിയിൽ രാജൻ എന്നിവരുടെ വിസ്താരം മാറാട് പ്രത്യേക കോടതി ജഡ്ജി എസ്.ആർ. ശ്യാംലാൽ മുമ്പാകെ പൂർത്തിയായി. അന്നമ്മ തോമസ് മരിച്ചപ്പോൾ മരണം ഹൃദയസ്തംഭനം കാരണമാണെന്നും പൊന്നാമറ്റം വീട്ടിൽ മൂന്ന് മരണങ്ങൾ നടക്കുമെന്നും നാഥൻ വാഴില്ലെന്നും ജോളി തന്നോട് പറഞ്ഞിരുന്നതായി അയിഷ മൊഴി നൽകി.
റോയ് തോമസിന്റെ മരണശേഷം ജോൺസൺ ജോളിയുടെ വീട്ടിൽ വരുന്നത് താൻ കാണാറുണ്ടായിരുന്നുവെന്നും ജോളിയുടെ അയൽവാസി കൂടിയായ അയിഷ മൊഴി നൽകി. റോയ് തോമസിന് താൻ ഏലസ്സും മറ്റും വാങ്ങി നൽകിയിരുന്നുവെന്ന പ്രതിഭാഗത്തിന്റെ വാദം അയിഷ പ്രതിഭാഗത്തിന്റെ എതിർ വിസ്താരത്തിൽ നിഷേധിച്ചു. രണ്ടാം പ്രതി മാത്യു മൂന്നാം പ്രതി പ്രജികുമാറിന്റെ കടയിൽ സ്ഥിരം സന്ദർശകൻ ആയിരുന്നുവെന്ന് താമരശ്ശേരിയിലെ ആധാരം എഴുത്തുകാരൻ രാജൻ മൊഴിനൽകി.
മഹാറാണി ജ്വല്ലറിക്കുവേണ്ടി ആഭരണങ്ങൾ നിർമിച്ചിരുന്നത് പ്രജികുമാറിന്റെ ഉടമസ്ഥതയിലുള്ള ദൃശ്യകല ജ്വല്ലറി വർക്സിൽനിന്ന് ആയിരുന്നുവെന്നും രാജൻ പറഞ്ഞു. പ്രതികൾക്കുവേണ്ടി അഡ്വ. എം. ഷഹീർസിങ്, ഹിജാസ് അഹമ്മദ് എന്നിവർ സാക്ഷികളെ എതിർവിസ്താരം ചെയ്തു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ, അഡീഷനൽ സ്പെഷൽ പ്രോസിക്യൂട്ടർ ഇ. സുഭാഷ് എന്നിവർ ഹാജരായി. സാക്ഷിവിസ്താരം ബുധനാഴ്ച തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.