കൂടത്തായി കൊല: രണ്ടാം ഭർത്താവിന്റെ തൊഴിൽരേഖ ഹാജരാക്കി
text_fieldsകോഴിക്കോട്: കൂടത്തായി കൂട്ടക്കൊല പരമ്പരയിൽപെട്ട റോയ് തോമസ് വധക്കേസിൽ 128ാം സാക്ഷി ആനയാംകുന്ന് വി.എം.എച്ച്.എം.എച്ച്.എസ് ഹെഡ്മാസ്റ്ററായിരുന്ന തോമസ് മാത്യുവിനെ ചൊവ്വാഴ്ച വിസ്തരിച്ചു. ഇതോടെ കേസിൽ മൊത്തം 39 സാക്ഷികളുടെ വിസ്താരം മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് ജഡ്ജ് എസ്.ആർ. ശ്യാംലാൽ മുമ്പാകെ പൂർത്തിയായി.
2019ൽ താൻ ഹെഡ്മാസ്റ്ററായിരിക്കെ ഒന്നാം പ്രതി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു സക്കറിയാസിന്റെ എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റ് പൊലീസിൽ ഹാജരാക്കിയിരുന്നതായി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ. സുഭാഷിന്റെ വിസ്താരത്തിൽ തോമസ് മാത്യു മൊഴി നൽകി.
ഷാജുവിന്റെ ശമ്പളവും സർവിസ് വിവരങ്ങളും തെളിയിക്കാനാണിത്. എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റ് കോടതി തെളിവായി അടയാളപ്പെടുത്തി. ഷാജുവിന്റെ ശമ്പളവും ജോലിയും കാരണം ജോളി രണ്ടാം വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നെന്നാണ് പൊലീസ് കേസ്.
11ാം സാക്ഷി കൂടത്തായി ലൂർദ് മാതാ ചർച്ച് വികാരി ഫാ. ജോസഫ് എടപ്പാടിയടക്കമുള്ളവരുടെ വിസ്താരമാണ് ബുധനാഴ്ച നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, സുഖമില്ലാത്തതുകാരണം തനിക്ക് രണ്ടുദിവസം കണ്ണൂർ ജയിലിൽനിന്ന് കോടതിയിൽ ഹാജരാവുന്നതിന് ഇളവ് നൽകണമെന്നാവശ്യപ്പെട്ട് ജോളി കോടതിയിൽ നേരിട്ട് അപേക്ഷ നൽകി.
ജയിലിൽനിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പരിഗണിക്കുമെന്ന് കോടതി പ്രതിയെ അറിയിച്ചു. പ്രതിയെ കോടതിയിൽ സാക്ഷി തിരിച്ചറിയാനുള്ളതിനാൽ വിഡിയോ കോൺഫറൻസിങ് വഴി ജോളിയെ ഹാജരാക്കിയേക്കില്ല. ജോളിക്കുവേണ്ടി അഡ്വ. ഹിജാസ് അഹമ്മദ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.