കൂടത്തായി കൊല: രണ്ട് സാക്ഷികൾ കൂറുമാറി
text_fieldsകോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിൽ റോയ് തോമസ് വധക്കേസിൽ ബുധനാഴ്ച മൂന്ന് സാക്ഷികളെ വിസ്തരിച്ചതിൽ രണ്ടുപേർ കൂറുമാറി. 58ാം സാക്ഷി താമരശ്ശേരി ചുണ്ടയിൽപൊയിൽ മണി, 59ാം സാക്ഷി തച്ചംപൊയിൽ കുന്നുമ്മൽ വീട്ടിൽ അഫ്സൽ എന്നിവരാണ് പ്രതികൾക്ക് അനുകൂലമായി കൂറുമാറിയത്.
മൂന്നാം പ്രതി പ്രജികുമാറിനെതിരെ കേസ് അന്വേഷണസമയത്ത് മൊഴി നൽകിയ സാക്ഷികളാണ് മൊഴിമാറ്റിയത്. മൂന്നാം പ്രതിയുടെ കടയിൽനിന്ന് സയനൈഡ് കണ്ടെടുത്തതിന് സാക്ഷികളാണെന്നാണ് താമരശ്ശേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ മുള്ളേരി കോംപ്ലക്സിൽ ബാർബർ ഷോപ് നടത്തുന്ന മണിയും അതേ കെട്ടിടത്തിൽ മംഗല്യ ഫാൻസി ടെയ് ലറിങ് മെറ്റീരിയൽസ് കട നടത്തുന്ന അഫ്സലും നേരത്തേ മൊഴിനൽകിയത്.
പ്രതിയുടെ സുഹൃത്തുക്കളാണ് ഇവർ. പ്രോസിക്യൂഷന്റെ എതിർ വിസ്താരത്തിൽ പ്രതിയുമായി 25 വർഷത്തെ അടുത്ത ബന്ധമുണ്ടെന്ന് സാക്ഷികൾ സമ്മതിച്ചു. ജോളിയുടെ വീടും പരിസരവും പരിശോധിച്ച് പൊലീസ് നിരീക്ഷണ മഹസർ തയാറാക്കുന്നതും പൊന്നാമറ്റം വീട്ടിലെ അലമാരയിൽനിന്ന് നിരവധി രേഖകൾ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ ജോളി ഹാജരാക്കി കൊടുക്കുന്നതും താൻ കണ്ടുവെന്നും സാക്ഷിയായി ഒപ്പിട്ടിരുന്നു എന്നും 63 ാം സാക്ഷി കൂടത്തായി അമ്പലക്കുന്നുമ്മൽ എ.കെ. അബ്ദുൽ നാസർ മൊഴി നൽകി.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ അഡീഷനൽ സ്പെഷൽ പ്രോസിക്യൂട്ടർ ഇ. സുഭാഷ് എന്നിവർ ഹാജരായി. സാക്ഷിവിസ്താരം വ്യാഴാഴ്ച തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.