മൂന്നര വർഷം കഴിഞ്ഞിട്ടും പ്രവൃത്തിയില്ല; കൂളിമാട് വയൽ ഭാഗത്ത് ദുരിത യാത്ര
text_fieldsകൂളിമാട്: തിരക്കേറിയ കൂളിമാട് -പുൽപറമ്പ് റോഡിൽ കൂളിമാട് വയൽ ഭാഗത്തെ നവീകരണ പ്രവൃത്തി നീളുന്നത് ദുരിതമാകുന്നു. നവീകരണ പ്രവൃത്തിക്ക് നാലുകോടി അനുവദിച്ച് മൂന്നര വർഷം കഴിഞ്ഞിട്ടും പ്രവൃത്തി തുടങ്ങാനായിട്ടില്ല. ഒരേസമയം ഇരു ഭാഗത്തുനിന്ന് രണ്ട് വാഹനങ്ങൾ വന്നാൽ സൈഡ് കൊടുക്കാൻ പോലും സ്ഥലമില്ല. റോഡിന്റെ ഇരുഭാഗത്തും മണ്ണിട്ടിരുന്നെങ്കിലും മഴ പെയ്തതോടെ ചളിമയമാണ്.
കൂളിമാട് അങ്ങാടി മുതൽ അമ്പലപ്പറ്റ് വരെയുള്ള വീതികുറഞ്ഞ റോഡിൽ അപകടങ്ങൾ പതിവാണ്. അമ്പലപ്പറ്റ് മുതൽ പുൽപറമ്പ് വരെ 2019ൽ മൂന്നര കോടി രൂപ മുടക്കി നവീകരിച്ചിരുന്നു. ശേഷിക്കുന്ന കൂളിമാട് അങ്ങാടി മുതൽ അമ്പലപ്പറ്റ് വരെയുള്ള ഭാഗമാണ് ശോച്യാവസ്ഥയിലായത്. 2021 ജനുവരിയിൽ അവതരിപ്പിച്ച ബജറ്റിലാണ് റോഡിന് നാലുകോടി അനുവദിച്ചത്. റോഡിന്റെ ഇരു ഭാഗവും ഏഴര മീറ്റർ വീതം സ്ഥലം ഏറ്റെടുത്ത് വീതികൂട്ടി നവീകരിക്കാനും സ്ഥലം വിട്ടുനൽകിയ ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകാനുമാണ് നാല് കോടി രൂപ അനുവദിച്ചത്.
റോഡിന്റെ ഇരുവശത്തുമുള്ള വയൽ ഭാഗത്ത് മണ്ണു പരിശോധന നടത്തി പരിസ്ഥിതി ആഘാത പഠനം പൂർത്തിയാക്കിയതാണ്. ഏറ്റെടുക്കേണ്ട ഭൂമി അളന്ന് തിട്ടപ്പെടുത്തി കല്ലിട്ടെങ്കിലും തുടർ നടപടി നിലക്കുകയായിരുന്നു. പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പ്രവൃത്തി നടക്കാത്തതിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. സമർപ്പിക്കുന്ന രേഖകളിലെ അപാകതകൾ കാരണം ഫയൽ കഴിഞ്ഞ ദിവസവും മടങ്ങി. നാലുവർഷത്തിനിടെ ഇത് നാലാമത്തെ തവണയാണ് ഫയൽ മടങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.