കോതി, ആവിക്കൽ മലിനജല പ്ലാന്റുകൾ അടുത്ത വർഷത്തെ പദ്ധതിയിലേക്ക് മാറ്റും
text_fieldsകോഴിക്കോട്: കേന്ദ്രസർക്കാറിന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെട്ട കോതി, ആവിക്കൽ എന്നിവിടങ്ങളിൽ പണിയുന്ന മലിനജല സംസ്കരണ പ്ലാന്റ് അടുത്ത സാമ്പത്തിക വർഷം നടപ്പാക്കുന്ന അമൃത് 2.0ലേക്ക് മാറ്റാൻ മേയർ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗം അംഗീകാരം നൽകി.
12 യു.ഡി.എഫ് അംഗങ്ങളുടെ എതിർപ്പോടെയാണ് കൗൺസിൽ തീരുമാനം. വോട്ടെടുപ്പിലൂടെയാണ് അജണ്ട പാസ്സാക്കിയത്. പ്രദേശവാസികളുടെ എതിർപ്പ് കാരണം നിർദിഷ്ട പ്ലാന്റുകളുടെ നിർമാണ കാലാവധി മാർച്ച് 31ഓടെ അവസാനിക്കാനിരിക്കെയാണ് കോർപറേഷൻ തീരുമാനം.
അമൃത് രണ്ടാംഘട്ടത്തിലേക്ക് മാറ്റുന്നതിന് ചീഫ് സെക്രട്ടറി ചെയർമാനായുള്ള അമൃതിന്റെ സ്റ്റേറ്റ് ഹൈപവർ സ്റ്റിയറിങ് കമ്മിറ്റിയും അഡി. ചീഫ് സെക്രട്ടറി അധ്യക്ഷനായ സ്റ്റേറ്റ് ലെവൽ ടെക്നിക്കൽ കമ്മിറ്റിയും അംഗീകാരം നൽകണം. തുടർന്ന് കേന്ദ്രത്തിൽനിന്ന് അനുമതി ലഭിക്കണം.
ഈ അനുമതികൾ ലഭിച്ചില്ലെങ്കിൽ 139.5 കോടിയുടെ കേന്ദ്രപദ്ധതി കോർപറേഷന് നഷ്ടമാവും. കേന്ദ്രാവിഷ്കൃത പദ്ധതികൾ കോഴിക്കോടിന് കിട്ടുന്നതിനും തടസ്സമുണ്ടാവും. കോതിയിലും ആവിക്കലും പദ്ധതി നടപ്പാക്കാൻ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയിലെ സരിത പതിയേരി ശ്രദ്ധക്ഷണിക്കുകയും ചെയ്തു.
140 കോടിയുടെ കേന്ദ്ര ഫണ്ട് നഷ്ടപ്പെടുമെന്ന് അവർ മുന്നറിയിപ്പ് നൽകി. ആവിക്കൽ തോടിലെ മാലിന്യത്തെപ്പറ്റി ലീഗിലെ സൗഫിയ അനീഷ് ശ്രദ്ധക്ഷണിച്ചു. മലിനജല പ്ലാന്റിനെ എതിർത്ത് മാലിന്യത്തെപ്പറ്റി പരാതി പറയുന്നതിനെ ഭരണകക്ഷി അംഗങ്ങൾ വിമർശിച്ചു. കഴിഞ്ഞ വർഷം ജനുവരി 31ന് പദ്ധതി ആരംഭിക്കാനാനുള്ള ശ്രമം ആരംഭിച്ചത്.
കോതിയിലും ആവിക്കലിലും പ്ലാന്റുകൾ വേണ്ടെന്നും എതിർപ്പില്ലാത്ത മറ്റിടങ്ങളിലേക്ക് മാറ്റണമെന്നും സൗഫിയ അനീഷ് ആവശ്യപ്പെട്ടു. മലിനജല സംസ്കരണ പ്ലാന്റിനെ പലരും ശൗചാലയ പ്ലാന്റ് എന്ന് വിളിക്കുന്നത് ശരിയല്ലെന്നും എല്ലാത്തരം മലിനജലവും സംസ്കരിക്കുകയാണ് ലക്ഷ്യമെന്നും ഡോ. എസ്. ജയശ്രീ പറഞ്ഞു.
കോർപറേഷനിൽ കേന്ദ്ര ബജറ്റ് ചർച്ച, ഇറങ്ങിപ്പോക്ക് ബഹളം
കേരള, കേന്ദ്ര ബജറ്റുകളെച്ചൊല്ലി കൗൺസിൽ യോഗത്തിൽ ബഹളവും ഇറങ്ങിപ്പോക്കും. കേന്ദ്രത്തിന്റെയും കേരളത്തിന്റെയും ബജറ്റുകൾ ജനദ്രോഹപരമെന്ന് ആരോപിച്ചുള്ള ലീഗിലെ കെ. മൊയ്തീൻ കോയയുടെയും കേരള ബജറ്റിനെതിരായ ബി.ജെ.പിയിലെ നവ്യ ഹരിദാസിന്റെയും അടിയന്തര പ്രമേയങ്ങൾക്ക് മേയർ അനുമതി നിഷേധിക്കുകയായിരുന്നു.
തുടർന്ന് സി.പി.എമ്മിലെ സി.എം. ജംഷീറിന്റെ കേന്ദ്ര ബജറ്റിനെതിരായ അടിയന്തര പ്രമേയത്തിന് അനുമതി കൊടുത്തു. ഇതിൽ പ്രതിഷേധിച്ച് കെ.സി. ശോഭിതയുടെ നേതൃത്വത്തിൽ യു.ഡി.എഫും ടി. റനീഷിന്റെ നേതൃത്വത്തിൽ ബി.ജെ.പിയും പ്ലക്കാഡും മുദ്രാവാക്യവുമായി സഭ വിടുകയായിരുന്നു.
എസ്.കെ. അബൂബക്കർ, ഡോ. എസ്. ജയശ്രീ, ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കെ.ടി. സുഷാജ്, അൽഫോൻസ മാത്യു, പി.കെ. നാസർ, എസ്.കെ. അബൂബക്കർ, വി.കെ. മോഹൻദാസ്, സരിത പതിയേരി, ടി. സുരേഷ്കുമാർ എന്നിവർ വിവിധ വിഷയങ്ങളിൽ ശ്രദ്ധ ക്ഷണിച്ചു.
പ്രതിപക്ഷ നേതാവിന് താക്കീത്
പി.എൻ.ബിയിലെ കോർപറേഷൻ അക്കൗണ്ടിലെ തട്ടിപ്പുമായി ബന്ധപ്പെട്ട അജണ്ടയും കൗൺസിലിൽ ഏറെനേരം പ്രതിഷേധത്തിനിടയാക്കി. മുൻ മേയർ എം. ഭാസ്കരന്റെ കാലത്ത് അഴിമതി അന്വേഷിക്കാൻ സർവകക്ഷിയെ നിയോഗിച്ചിരുന്നെന്ന പ്രതിപക്ഷ നേതാവ് കെ.സി. ശോഭിതയുടെ പരാമർശം പ്രതിപക്ഷ ഭരണപക്ഷ ഏറ്റുമുട്ടലിലെത്തി.
ശോഭിത പരാമർശം പിൻവലിക്കണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. ഒടുവിൽ ശോഭിത നടത്തിയ പരാമർശം ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ച് മേയർ അവരെ താക്കീത് ചെയ്തശേഷം നടപടികൾ തുടരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.