കൗൺസിലിലും കോതി പ്ലാന്റ് പ്രതിപക്ഷ ബഹിഷ്കരണം
text_fieldsകോഴിക്കോട്: മലിനജല സംസ്കരണ പ്ലാന്റിനെതിരായ അഭിപ്രായം പറയാൻ അനുവദിക്കുന്നില്ലെന്നതടക്കം പരാതികളുയർത്തി യു.ഡി.എഫ് കോർപറേഷൻ പ്രത്യേക കൗൺസിൽ യോഗം ബഹിഷ്കരിച്ചു. വിവിധ മരാമത്ത് ജോലികൾക്ക് അംഗീകാരം നൽകുന്നത് ചർച്ച ചെയ്യാനാണ് മേയർ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ പ്രത്യേക കൗൺസിൽ യോഗം ചേർന്നത്. യോഗത്തിൽ 107 പ്രവൃത്തികൾക്ക് കൗൺസിൽ അംഗീകാരം നൽകി.
പ്രത്യേക കൗൺസിൽ യോഗങ്ങൾ ഇടക്കിടക്ക് ചേരുമ്പോൾ കൗൺസിലർമാർക്ക് അജണ്ടയും രേഖകളും സമയത്തിന് ലഭിക്കുന്നില്ലെന്നും ചട്ടങ്ങൾ പാലിക്കുന്നില്ലെന്നും ഫയൽ പഠിക്കാൻ സമയം കിട്ടുന്നില്ലെന്നും കാണിച്ച് യു.ഡി.എഫ് നേതാവ് കെ. മൊയ്തീൻ കോയയാണ് പ്രസംഗത്തിന് തുടക്കമിട്ടത്.
പ്രസംഗം കോതിയിൽ മലിന ജല സംസ്കരണ പ്ലാന്റിലേക്കും പ്രക്ഷോഭത്തിലേക്കും കടന്നപ്പോൾ ഭരണകക്ഷിയംഗങ്ങൾ ഇടപെടുകയായിരുന്നു. പ്രത്യേക അജണ്ട ചർച്ച ചെയ്യാനുള്ള യോഗത്തിൽ ഏത് വിധേനയും മാലിന്യ പ്ലാന്റ് പ്രതിഷേധം കൊണ്ട് വരാനാണ് ശ്രമമെന്നായിരുന്നു ഭരണപക്ഷ ആരോപണം.
പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത, എസ്.കെ. അബൂബക്കർ എന്നിവർ ഇടപെട്ടതോടെ വാക്കേറ്റം മൂത്തു. പ്രതിപക്ഷ ബഹളം അവഗണിച്ച് കൗൺസിൽ അജണ്ടകൾ വായിച്ച് അംഗീകാരം നൽകിത്തുടങ്ങിയതോടെ തങ്ങൾ കൗൺസിൽ ബഹിഷ്കരിക്കുന്നതായി പ്രതിപക്ഷം പ്രഖ്യാപിച്ച് മുദ്രാവാക്യം വിളിച്ച് ഇറങ്ങിപ്പോവുകയായിരുന്നു.
പ്രതിഷേധം ശക്തമാക്കാൻ യു.ഡി.എഫ്, തിങ്കളാഴ്ച നിൽപ് സമരം
ആവിക്കൽ തോട് പ്ലാന്റിനെതിരായ പ്രതിഷേധത്തിനൊപ്പം കോതി പ്ലാന്റിനെതിരെയും പ്രതിഷേധം ശക്തമാക്കാൻ യു.ഡി.എഫ് തീരുമാനം. ഇതിന്റെ ഭാഗമായി ഒന്നിന് കോർപറേഷൻ ഓഫിസ് ഉപരോധം നടക്കും. രണ്ടിടത്തേയും നാട്ടുകാരുടെ നേതൃത്വത്തിലാണ് ഉപരോധം. തിങ്കളാഴ്ച യു.ഡി.എഫ് കൗൺസിലർമാർ കോർപറേഷൻ ഓഫിസിൽ നിൽപ് സമരം നടത്തുവാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.