കോതി മലിനജല സംസ്ക്കരണ പ്ലാന്റ്: സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കി
text_fieldsകോഴിക്കോട്: കോതി അഴിക്കൽ റോഡിൽ കല്ലായി പുഴയോരത്ത് കോർപറേഷൻ മലിന ജല സംസ്ക്കരണ പ്ലാന്റ് നിർമിക്കുന്നതിനനുകൂലമായി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
മലിന ജല പ്ലാന്റ് നടപടിക്രമങ്ങൾ പാലിച്ച് നിർമിക്കാൻ സിംഗിൾ ബെഞ്ച് കോർപറേഷന് അനുമതി നൽകിയതിനെതിരെ കല്ലായി പുഴ സംരക്ഷണ സമിതിക്കും സംഗമം റസിഡൻസ് അസോസിയേഷനും ജനകീയ പ്രതിരോധ സമിതിക്കും വേണ്ടി ടി.വി. അബ്ദുല്ലക്കോയയും ഫൈസൽ പള്ളിക്കണ്ടിയും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുകയായിരുന്നു.
നദീ തീരത്ത് വെള്ളം കയറാൻ സാധ്യതയുള്ള ഭാഗത്ത് പ്ലാന്റുകൾ നിർമ്മിക്കുന്നത് നിലവിലുള്ള നിയമങ്ങളുടെയും സമാനമായ കേസുകളിൽ നാഷനൽ ഗ്രീൻ ട്രൈബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവുകളുടെയും ലംഘനമാണെന്ന ഹരജിക്കാരുടെ അഭിഭാഷകരുടെ വാദം കണക്കിലെടുത്താണ് ജസ്റ്റിസ് എ. മുഹമ്മത് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരുടെ ഉത്തരവ്.
ഹരിത ട്രൈബ്യൂണലിന്റെ പരിധിയിൽ വരുന്ന കേസാണിതെന്ന് ഡിവഷൻ ബെഞ്ച് അഭിപ്രായപ്പെട്ടതിനെ തുടർന്ന് ട്രൈബ്യൂണലിനെ സമീപിക്കാമെന്ന് അന്യായക്കാരുടെ അഭിഭാഷകൻ അറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് നേരത്തേ റിട്ട് ഹരജി തള്ളിക്കൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തവ് റദ്ദാക്കി ട്രൈബ്യൂണലിനെ സമീപിക്കാമെന്ന നിർദേശത്തോടെ അപ്പീൽ ഹരജിയിൽ തീർപ്പ് കൽപ്പിച്ചത്.
ഹരജിക്കാർക്ക് വേണ്ടി അഡ്വ. ടി. കൃഷ്ണനുണ്ണി, അഡ്വ. അനീഷ് ആന്റെണി ആനത്തായത്ത് എന്നിവർ ഹാജരായി. അമൃത് പദ്ധതിയിൽ കോർപറേഷൻ നടപ്പാക്കുന്ന മലിനജല സംസ്കരണ പ്ലാന്റിന്റെ നിർമാണം കോതി പള്ളിക്കണ്ടി അഴീക്കൽ റോഡിലാണ് ആരംഭിച്ചത്.
ആവിക്കൽത്തോട്ടിലേതിന് പുറമെ നടപ്പാക്കുന്ന കോതി പ്ലാന്റിനെതിരെ ജനകീയ പ്രതിരോധ സമിതി നൽകിയ ഹരജിയിൽ കോർപറേഷനനുകൂലമായി ഹൈക്കോടതി ഉത്തരവ് വന്ന സാഹചര്യത്തിലായിരുന്നു നിർമാണ പ്രവർത്തനം ആരംഭിച്ചത്.
കരാറെടുത്ത കമ്പനിയുടെ തൊഴിലാളികളും കോർപറേഷൻ ഉദ്യോഗസ്ഥരും വൻ പൊലീസ് സന്നാഹത്തോടെ ആരംഭിച്ച പ്രവൃത്തിക്കെതിരെ സ്ത്രീകളടക്കം പ്രദേശവാസികൾ പ്രതിഷേധമുയർത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.