റമദാൻരാവുകൾ പകലാക്കി കോതിബസാർ
text_fieldsവടകര: റമദാൻരാവുകൾ താഴെഅങ്ങാടി കോതിബസാറിന് ഉറക്കമില്ലാത്ത പകലുകളാണ്. തെരുവുകച്ചവടത്തിന്റെ മാസ്മരികതയിൽ ഈ തെരുവ് ഉണർന്നിരിക്കും. റമദാന് തുടക്കമാവുന്നതോടെ കോതിബസാർ തെരുവുകച്ചവടക്കാർ കൈയടക്കും. ഇതോടെ നാടിന്റെ നാനാഭാഗങ്ങളിൽനിന്ന് ഇവിടേക്ക് ജനം ഒഴുകിയെത്തും. നോമ്പ് തുറന്ന ഉടൻ പലരും ആദ്യമെത്തുന്നത് കോതിബസാറിലെ കച്ചവടക്കാഴ്ചകൾ കാണാനാണ്. റമദാൻ സ്പെഷൽ വിഭവങ്ങളുടെ കലവറതന്നെ ഒരുങ്ങിയിട്ടുണ്ടാവും.
ഉപ്പിലിട്ട പഴവർഗങ്ങൾ, വിവിധയിനം ജ്യൂസ്, ഷവർമ, ചെത്ത് ഐസ്, മുള സർബത്ത്, സ്പെഷൽ സർബത്ത്, കളിപ്പാട്ടങ്ങൾ... ഇങ്ങനെ പോകുന്നു കാഴ്ചകൾ.
പലരും ഇതൊക്കെ വാങ്ങിയും കഴിച്ചും അടുത്തുള്ള വലിയ ജുമുഅത്ത് പള്ളിയിൽനിന്ന് തറാവീഹ് നമസ്കാരം കഴിഞ്ഞ് മടങ്ങുമ്പോൾ നേരം പാതിരയാകും. കോവിഡ് മഹാമാരിയിൽ കോതിബസാറും കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ആളനക്കമില്ലാതെ റമദാനിൽ മൂകമായിരുന്നു.
കോവിഡിന്റെ ആലസ്യത്തിൽനിന്ന് പതിയെ നാടുണർന്നപ്പോൾ ഈ തെരുവും കാഴ്ചകളുടെ പറുദീസയായി മാറുകയാണ്. താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽനിന്നും പതിവിൽനിന്ന് വിഭിന്നമായി കോതിബസാറിലെ ഉറങ്ങാത്ത തെരുവുകാഴ്ചകളിൽ എത്തുന്നവർ വർധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.